മുന്‍കാല നാടക-സിനിമ ഗായിക മച്ചാട് വാസന്തി അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.
വിപ്ലവ ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ മച്ചാട് കൃഷ്ണന്റെയും കല്യാണിയുടെയും മകളായി കണ്ണൂരിലെ കക്കാടായിരുന്നു ജനനം. കണ്ണൂരില്‍ നടന്ന കിസാന്‍ സഭയുടെ സമ്മേളന വേദിയില്‍വച്ചാണ് വാസന്തി ആദ്യമായി പാടുന്നത്. അന്ന് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരനായ അച്ഛന് കൃഷ്ണനോടൊപ്പം സമ്മേളവേദിയില്‍ എത്തിയതായിരുന്നു കുഞ്ഞു വാസന്തി. പാടാനറിയാമെന്ന് പറഞ്ഞപ്പോള്‍ ഇ.കെ. നായനാരാണ് വാസന്തിക്ക് പാടാനുള്ള അവസരം ഒരുക്കിയത്. അതായിരുന്നു വാസന്തിയുടെ ആദ്യത്തെ പൊതു ഗാനവേദി.
മകളെ സംഗീതം പഠിപ്പിക്കുന്നതിനായി കുടുംബം കോഴിക്കോട്ടേയ്ക്ക് താമസം മാറി. അവിടെ സംഗീത സംവിധായകന് ബാബുരാജിന്റെ കീഴിലായിരുന്നു സംഗീത പഠനം. വാസന്തിയുടെ അച്ഛന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു ബാബുരാജ്.
ബാബുരാജ് ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിച്ച തിരമാല എന്ന ചിത്രത്തില്‍ പാടാനുള്ള അവസരം ലഭിച്ചുവെങ്കിലും അത് പുറത്തിറങ്ങിയില്ല. പിന്നീട് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലാണ് വാസന്തി പാടിയത്. രാമു കാര്യാട്ടായിരുന്നു ചിത്രത്തിന്റെ സംവിധായകന്. പി. ഭാസ്കരന്റെ വരികള്‍ക്ക് ബാബുരാജ് തന്നെ ഈണമിട്ട ‘തത്തമ്മേ… തത്തമ്മേ… നീ പാടിയാല്‍ അത്തിപ്പഴം തന്നിടും’ എന്ന ഗാനം പാടിയതും വസന്തിയായിരുന്നു. അമ്മുവായിരുന്നു വാസന്തി പാടിയ രണ്ടാമത്തെ ചിത്രം. ബാബുരാജ് തന്നെ ഈണം പകര്‍ന്ന ഈ ഗാനം എല്‍.ആര് ഈശ്വരിക്കൊപ്പം ചേര്‍ന്നാണ് പാടിയത്. കുഞ്ഞിപ്പെണ്ണിനെ കണ്ണെഴുതാന്‍ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അത്. വാസന്തിയെ ഏറ്റവും ശ്രദ്ധേയമാക്കിയത് ഓളവും തീരത്തിലെ ‘മണിമാരന്‍ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിന്തോട്ടം’ എന്ന ഗാനമായിരുന്നു.
സിനിമയെക്കാളേറെ നാടകഗാനങ്ങള്‍ക്ക് വേണ്ടിയാണ് മച്ചാട് വാസന്തി പാടിയത്. പാട്ടിനോടൊപ്പം നിരവധി നാടകങ്ങളില്‍ നായികയുമായി. പി.ജി. ആന്റണിയുടെ ഉഴവുചാല്, കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, നെല്ലിക്കോട് ഭാസ്കരന്റെ തിളയ്ക്കുന്ന കടല്‍, ബഹദൂര്‍ സംവിധാനം ചെയ്ത വല്ലാത്ത പഹയന് തുടങ്ങിയ നാടകങ്ങളില്‍ അവര്‍ ഒരേസമയം നായികയും ഗായികയുമായി.
Recent Comments