ഗായകന് സുദീപ് കുമാറും സോഫിയയും വിവാഹിതരായിട്ട് ഇന്ന് 18 വര്‍ഷം. സോഫിയയെ സ്വന്തമാക്കിയ മധുരതരമായ ആ ഓര്‍മ്മ സുദീപ് പങ്കിടുകയാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ.
1999. തിരുവനന്തപുരം ലോ കോളേജില്‍ ഫൈനല്‍ ഇയര്‍ എല്‍എല്‍ബിയ്ക്കു പഠിക്കുന്ന കാലം. ഇന്നത്തെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തനും വാര്‍ത്താ അവതാരകനുമായ ശരത്ചന്ദ്രനുമൊന്നിച്ച് ഒരു മുറിയില്‍ താമസിച്ചു പഠിയ്ക്കുന്ന കാലം.
അമ്പലപ്പുഴ ചിരട്ടപ്പുറം ഇല്ലത്ത് ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ‘എന്നും സംഭവാമി യുഗേ യുഗേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഞങ്ങളുടെ സുഹൃത്ത് രഞ്ജിത് ചെങ്ങമനാടിനും അഭിനയിക്കാന്‍ അവസരം കിട്ടി. അന്ന് തിരുവനന്തപുരം ജഗതിയിലുള്ള അനന്തപുരി കല്യാണമണ്ഡപത്തിനു പിന്നിലുള്ള ഗസ്റ്റ് ഹൗസിലെ ഒരു റൂമിലാണ് രഞ്ജിത് താമസിച്ചിരുന്നത്. രഞ്ജിത്തിന്റെ സഹമുറിയന്, ഞങ്ങളുടെ അടുത്ത സുഹൃത്ത്, ജകൃ എന്ന് വിളിക്കുന്ന ജയകൃഷ്ണനായിരുന്നു. ഞങ്ങളുടെ നാട്ടില്‍ നടക്കുന്ന ഷൂട്ടിംഗ് ആയതുകൊണ്ട് രഞ്ജിത് ഞങ്ങളെ ഷൂട്ടിംഗ് കാണാന്‍ ക്ഷണിച്ചു.
ശരത്തും ഞാനും കൂടി ലൊക്കേഷനില്‍ എത്തിയപ്പോള്‍ അവിടെ ഒരു പെണ്ണുകാണല്‍ ചടങ്ങ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നു. നായകന്റെ (റിയാസ് – ആകാശഗംഗ ഫെയിം) സഹോദരിയെ പെണ്ണു കാണുന്ന രംഗം. അമ്മയായി അഭിനയിക്കുന്ന ശ്രീവിദ്യാമ്മ, പട്ടുസാരിയുടുത്ത് മുല്ലപ്പൂ ചൂടിയ പെണ്‍കുട്ടിയെ ചെറുക്കന്റെയും കൂട്ടരുടേയും മുന്നിലേക്ക് ആനയിക്കുന്നു. ആ സീനില്‍ അഭിനയിക്കാന്‍ ഇല്ലാത്ത രഞ്ജിത്തിനൊപ്പം ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന്, ഞാനും ഒന്നെത്തിനോക്കി. സിനിമയിലെ ചെറുക്കന് ഇഷ്ടപ്പെട്ടോ എന്നറിയില്ല. എനിക്ക് പെണ്ണിനെ ഇഷ്ടപ്പെട്ടു!
പ്രൊഡ്യൂസര്‍ നഹാസ് ഇക്കയോട് ചോദിച്ചു.
‘ഇതേതാ പുതിയ ആര്‍ട്ടിസ്റ്റ്?’
‘കലാമണ്ഡലത്തില്‍ പഠിച്ച കുട്ടിയാണ്. പേര് സോഫിയ. വീട് ചങ്ങനാശ്ശേരിയില്‍.’
പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. രണ്ടായിരത്തി ഒന്നില്‍ നടന്ന അമേരിക്കന്‍ പര്യടനത്തില്‍ പങ്കെടുത്ത രണ്ട് ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍. ഒരു വര്‍ഷത്തോളം നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. ഒരു കലാകാരി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഇഷ്ടവും ബഹുമാനവും വളരെയേറെയുണ്ടായിരുന്നു. പിന്നീട് എപ്പോഴോ, രണ്ടു പേരുടെയും മനസ്സില്‍ പ്രണയത്തിന്റെ മധുരനൊമ്പരക്കാറ്റു വീശി. മരണം വരെ ഒരു കൂരയ്ക്കു കീഴില്‍ ഒന്നിച്ചു ജീവിക്കമെന്ന് ആഗ്രഹം തോന്നി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഞങ്ങളുടെ രണ്ടു കുടുംബങ്ങളും ഒന്നായി തകര്‍ത്തു. 2002 നവംബര്‍ 30 ന് ഞങ്ങള്‍ ഒന്നിച്ചു.
നൃത്തം ഒട്ടും വഴങ്ങാത്ത ആളായതുകൊണ്ടുതന്നെ, എനിക്ക് ശാസ്ത്രീയ നര്‍ത്തകരോട് എന്നും വലിയ ആദരവുണ്ട്. പഠനകാലത്ത് അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നു സോഫിയ. കേരള കലാമണ്ഡലത്തില്‍ നിന്ന് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും സ്കോളര്‍ഷിപ്പുകളും അവാര്‍ഡുകളും കരസ്ഥമാക്കി. പിന്നീട് നിരവധി നൃത്തവേദികളില്‍ പ്രതിഭയുടെ മാറ്റ് തെളിയിച്ചു. എന്റെ പ്രൊഫഷണല്‍ തിരക്കുകളും ഒരു കുടുംബിനി എന്ന നിലയിലുള്ള സോഫിയയുടെ ഉത്തരവാദിത്തങ്ങളും, അവളുടെ കരിയറിലെ പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി. അതില്‍ എനിക്ക് തെല്ലു കുറ്റബോധവുമുണ്ട്. ഇപ്പോള്‍ ഏതാനും വര്‍ഷങ്ങളായി ക്ലാസുകളും പരിപാടികളും ഒക്കെയായി സോഫിയ നൃത്തരംഗത്ത് സജീവമാണ്.
മുന്‍പ്, ചില സുഹൃത്തുക്കളോടൊപ്പം പെണ്ണുകാണാന്‍ കൂട്ടുപോയിട്ടുണ്ട്. പക്ഷേ, ഒരിക്കലും സ്വന്തമായി പെണ്ണുകാണാന്‍ പോയിട്ടില്ല. ഷൂട്ടിംഗിനിടെ സംഭവിച്ചത് ജീവിതത്തിലെ ഒരേയൊരു പെണ്ണുകാണല്‍ ആണെന്ന് മനസ്സിലായില്ല. ഞാന്‍ കണ്ട പെണ്ണ് എന്നെ അന്ന് കണ്ടതുമില്ല! എല്ലാം അതിശയകരമായ യാദൃശ്ചികതകള്‍…!
Recent Comments