ചിരിയും പാട്ടും അവിസ്മരണീയമായ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് സമ്മാനിച്ച്, കലാസ്വാദകരുടെ മനസ്സില്‍ തീരാനൊമ്പരമായി മാറിയ കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്സ്.
മിമിക്രിയിലൂടെ കലാരംഗത്ത് വന്ന് പിന്നീട് 1995 ല്‍ സിബിമലയില്‍ ചിത്രമായ അക്ഷരത്തില്‍ ഓട്ടോ ഡ്രൈവറായി അഭിനയിച്ചുകൊണ്ട് മണി സിനിമയുടെ മാന്ത്രിക ലോകത്തെത്തി. 1996ല്‍ ലോഹിത ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. അതിന് ശേഷം മലയാള സിനിമയില്‍ ആര്‍ക്കും ചെയ്യാനാകാത്തവിധം ഹൃദയസ്പര്‍ശിയായി ഒരുപിടി കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
വെള്ളിത്തിരയിലെ നക്ഷത്രമായിരുന്നിട്ടും കലാഭവന്‍ മണി എന്ന ചാലക്കുടിക്കാരന്റെ കാല് മണ്ണില്‍ തന്നെ ഉറച്ചു നിന്നു. ചാലക്കുടി ടൗണില്‍ ഓട്ടോ ഡ്രൈവറായി ജീവിതം ആരംഭിച്ച മണി മലയാള സിനിമാലോകത്തെ മിന്നുംനക്ഷത്രമായത് കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണ്.
മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും ആ കലാകാരനെ തേടി നിരവധി അവസരങ്ങള്‍ എത്തി. അങ്ങനെ തെന്നിന്ത്യയിലെ തന്നെ മികച്ച വില്ലന്മാരുടെ പട്ടികയില്‍ കലാഭവന്മണിയും ഇടം പിടിച്ചു. ബ്രഹ്മാണ്ഡ സംവിധായകനായ ഷങ്കര്‍ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു മണി.
മലയാളി പ്രേക്ഷരുടെ മുന്പില് ഹാസ്യകഥാപാത്രമായും നായകനായും വില്ലനായും ആക്ഷന്‍ ഹീറോയായും അരങ്ങു വാണു. ഏത് അഭിമുഖത്തിലും പൂര്‍വ്വകാല കഷ്ടങ്ങളെ യാതൊരു മടിയും കൂടാതെ വെളിപ്പെടുത്തി. നാടന്‍ പാട്ടുകളിലൂടെ ആ മണികിലുക്കം നാട്ടുവഴികളില്‍ പ്രതിധ്വനിച്ചു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിഷമതകള്‍ പറയുന്ന പാട്ടുകളായി അവ എക്കാലവും ശ്രദ്ധിക്കപ്പെട്ടു.
മലയാളി മറന്നുപോയ നാടന്‍പാട്ടുകളെ അവര്‍ പോലുമറിയാതെ ചുണ്ടുകളിലേക്ക് കൊണ്ടുവരുവാന്‍ മണിയോളം ശ്രമിച്ച മറ്റൊരു കലാകാരനില്ല. മണിയുടെ നാടന്‍ പാട്ടുകള്‍ പ്രായഭേദമന്യേ എല്ലാം മലയാളികളുടെയും ഹൃദയം കീഴടക്കി. ആടിയും പാടിയും സാധാരണക്കാരോട് ചേര്‍ന്ന് നിന്നുകൊണ്ട് മണി സാധാരണക്കാരനായി നില നിന്നു.
ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ആ മണിനാദം നിലച്ചു എന്ന ചാലക്കുടിപ്പുഴപോലും വിശ്വസിച്ചിട്ടില്ല. ഇന്നും തീരാത്ത ഓര്‍മകളുമായി കലാഭവന്‍ മണി ആയിരങ്ങളുടെ ഉള്ളില്‍ ജീവിക്കുന്നു.
Recent Comments