ആറാംഘട്ട ലോകസഭ തെരഞ്ഞെടുപ്പ് ആറ് സംസ്ഥാനങ്ങളിലായി 58 മണ്ഡലങ്ങളിലാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിയത്. ആദ്യമണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാര്‍ അടക്കം പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മൊത്തം ഏഴു ഘട്ടം തെരെഞ്ഞെടുപ്പുകളാണ്. ഇനി ഒരു ഘട്ടം കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
ആറാം ഘട്ട വോട്ടെടുപ്പില്‍ ആദ്യ 2 മണിക്കൂറില്‍ 10.82 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ പോളിങ് ബംഗാളിലാണ്. 16.54 ശതമാനം. കുറവ് ഒഡീഷയില്‍ 7.43 ശതമാനം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ഹര്‍ദീപ് സിംഗ് പുരി, എഎപി മന്ത്രി അതിഷി മെര്‍ലേന, ഗൗതം ഗംഭീര്‍, ഹരിയാന മുന്‍ മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ മനോഹര്‍ലാല്‍ഖട്ടര്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. 889 സ്ഥാനാര്‍ത്ഥികളാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഉത്തര്‍പ്രദേശില്‍ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും.
വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞു . ദില്ലിയില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ വോട്ടിംഗ് മെഷീനില്‍ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു. ഇവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസ്ഥ എന്താണെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു. ദില്ലി സെന്റ് തോമസ് സ്കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാന്‍ എത്തിയത്.
Recent Comments