മൂന്നുദിവസം മുമ്പായിരുന്നു സൗബിന് ഷാഹിറിന്റെ ജന്മദിനം. കൃത്യമായി പറഞ്ഞാല്‍ ഒക്ടോബര്‍ 12. പൂരാടം നക്ഷത്രക്കാരനാണ്. സാധാരണ ഇത്തരം വിശേഷാവസരങ്ങളില്‍ ഒന്നും സൗബിനെ വീട്ടുകാര്‍ക്ക് അടുത്ത് കിട്ടാറില്ല. ഷൂട്ടിംഗ് തിരക്കുകളിലായിരിക്കും.
എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സൗബിന് വീട്ടില്‍തന്നെയുണ്ട്. കൊറോണക്കാലമാണല്ലോ. പുറത്തെവിടേയും പോകാറില്ല.
അതിനിടയിലും ഫഹദ് ഫാസിലിനോടൊപ്പം ഇരുള് എന്ന സിനിമയില്‍ അഭിനയിച്ചു. അതിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു ജന്മദിനം. അതാഘോഷിക്കാന്‍ വീട്ടുകാര്‍തന്നെ മുന്‍കൈയെടുത്തു.
ചേര്‍ത്തലയില്‍നിന്നും കുറേ ഉള്ളിലേയ്ക്ക് മാറി, വൈക്കം റോഡിലേയ്ക്ക് കയറുന്നതിനുമുമ്പ് ഒരു റിസോര്‍ട്ടുണ്ട്. വിസ്മയ ലേക്ക് റിസോര്‍ട്ട് എന്നാണ് അതിന്റെ പേര്. മൂന്നുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട പ്രദേശമാണ്. അവിടേക്ക് വരാന്‍ ഇടുങ്ങിയ ഒരു നടപ്പാത മാത്രം. പഴയ നാലുകെട്ട് പൊളിച്ചുകൊണ്ടുവന്ന് പുനര്നിര്മ്മിച്ചതാണത്. പഴമയുടെ പ്രതാപം വിളിച്ചോതുന്ന കെട്ടിടസമുച്ചയം.
സൗബിനേയും കൂട്ടി ഭാര്യ ജാമിയയും ഏകമകന് ഒര്‍ഹാനും സൗബിന്റെ വാപ്പ ബാബു ഷാഹിറും ഉമ്മ സൗദയും സൗബിന്റെ മൂത്ത സഹോദരന്റെ ഭാര്യ നസ്നയും ജാമിയയുടെ ഉമ്മ റംലയുമാണ് അവിടേക്ക് വന്നത്. ജന്മദിനത്തിന്റെ തലേദിവസം.
‘നല്ല മഴയുള്ള ദിവസമായിരുന്നു. അവിടെയിരുന്നാല്‍ ദൂരെനിന്ന് മഴ വരുന്നത് കാണാം. അടുത്തെത്തുമ്പോഴാണ് വലിയ ശബ്ദത്തോടെ നമ്മളെയത് തൊടുന്നതുപോലും അറിയുന്നത്.’ ബാബു ഷാഹിര്‍ പറഞ്ഞു. മലയാളസിനിമയിലെ തലമുതിര്‍ന്ന പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മ്മാതാവും കൂടിയാണ് ബാബു.
‘ഇവിടെ വരുന്നതുവരെ ഇത്ര മനോഹരമാണ് ഈ സ്ഥലമെന്ന് ഞങ്ങളറിഞ്ഞില്ല. ഇതിപ്പോ ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കുമപ്പുറമാണ്. ഒര്‍ഹാനാണ് ഇവിടെ ശരിക്കും പിടിച്ചത്. ഒരു വയസല്ലേയുള്ളൂ. കുറുമ്പനാണ്. ഇവിടെയെല്ലാം ഓടി നടക്കുന്നുണ്ടായിരുന്നു. സ്വിമ്മിംഗ്പൂളിലും കുറച്ചുനേരം പോയി കളിച്ചു.’
‘കുറേ കാലത്തിനുശേഷമാണ് ഞങ്ങള്‍ക്ക് സൗബിന്റെ ജന്മദിനം ആഘോഷിക്കാന്‍ അവസരമുണ്ടാകുന്നത്. അത് മിസ് ചെയ്യരുതെന്ന് കരുതി.’
‘കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. കേക്ക് മുറിക്കുന്ന സമയം സൗബിന്റെ ചില കൂട്ടുകാരും എത്തിയിരുന്നു. കേക്ക് മുറിച്ചും പാട്ട് പാടിയും ജന്മദിനം ഗംഭീരമാക്കി. ഉച്ചയ്ക്ക് നല്ല സദ്യയുണ്ടായിരുന്നു. കുറേ നാളായി സദ്യ കഴിച്ചിട്ട്. കരിമീനും ചെമ്മീനും പൊള്ളിച്ചതായിരുന്നു സ്പെഷ്യല്‍ വിഭവങ്ങള്‍. രണ്ട് ദിവസം ഇവിടെ തങ്ങിയിട്ടാണ് ഞങ്ങള്‍ മടങ്ങിയത്. ഞങ്ങള്‍ക്കു മാത്രമല്ല, സൗബിനും ഈ ജന്മദിനം വിശേഷപ്പെട്ടതാണ്.’ ബാബു ഷാഹിര്‍ പറഞ്ഞു നിര്‍ത്തി.
Recent Comments