മണ്മറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ മകള്‍ എലിസബത്ത് ഡെന്നീസിന്റെ തിരക്കഥയില്‍, മെലഡിയുടെ രാജാവ് എസ് പി വെങ്കിടേഷ് ഒരിടവേളയ്ക്കു ശേഷം ഈണമിട്ട് പുറത്തിറങ്ങിയ ‘കിട്ടിയാല്‍ ഊട്ടി’ മ്യൂസിക് വീഡിയോ ശ്രദ്ധേയമാകുന്നു.
ഊട്ടിയിലെ ഒരു വിക്ടോറിയന്‍ കോട്ടേജിനുള്ളിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊച്ചിയില്‍ നിന്നും വിളിച്ചു വരുത്തിയ അഭിനയമോഹിയായ പെണ്‍കുട്ടിയെ അഭിനയിപ്പിക്കാന്‍ പറ്റാതെ രണ്ടു സംവിധാനസഹായികള്‍ പറഞ്ഞു വിടുന്നിടത്താണ് ‘കിട്ടിയാല്‍ ഊട്ടി’ ആരംഭിക്കുന്നത്. അതേസമയം അവിടേയ്ക്ക് വരുന്ന സംവിധായകന്, യഥാര്‍ത്ഥ നായിക അവളാണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ സഹായികള്‍ തെരഞ്ഞെടുത്ത നായിക അടുത്ത ദിവസത്തെ ഷൂട്ടിംഗിലേക്ക് തയ്യാറെടുക്കുന്നു. ആ തെറ്റിദ്ധാരണയുടെ ഒരു ദിവസമാണ് മ്യൂസിക് വീഡിയോയിലൂടെ തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
മലയാളി മനസ്സുകളില്‍ മായാതെ തങ്ങി നില്ക്കുന്ന കിലുക്കത്തിലെ ‘കിട്ടിയാല്‍ ഊട്ടി’ എന്ന ഡയലോഗ് വീഡിയോയുടെ ടൈറ്റിലായി സ്വീകരിച്ചതിനുപിന്നില്‍ കഥയുടെ പശ്ചാത്തലം തന്നെയാണ്. കിട്ടിയാല്‍ ഊട്ടി സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോസഫാണ്. സ്റ്റുഡന്റ് വിസയിലും മറ്റും നാടുവിടുന്ന എണ്ണമറ്റ മലയാളി യുവതലമുറയുടെ വിഷയം ചര്‍ച്ച ചെയ്ത ഒടിടി ചിത്രം ‘ദി പ്രൊപ്പോസലി’ന്റെ സംവിധായകനാണ് ജോ.
ഒരു വിന്റേജ് കാലത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങള്‍ക്ക് സംഗീതമൊരുക്കിയ എസ്.പി വെങ്കിടേഷ് തന്നെയാണ് പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത്. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഊട്ടിയിലും വിദേശത്തുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകനായ ജോ ജോസഫ് തന്നെയാണ് നായക കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ചിരിക്കുന്നത്. അമര രാജ, ക്ലെയര്‍ സാറ മാര്ട്ടിന്, അനുമോദ് പോള്‍, സുഹാസ് പാട്ടത്തില്‍, അളഗ റെജി എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബ്രിട്ടീഷ് സിനിമകളിലൂടെ ശ്രദ്ധേയയായ സൂസന് ലുംസൂനാണ് ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനാണ്. മലയാളത്തിനു പുറമെ തമിഴിലും ഇറങ്ങുന്ന വീഡിയോയുടെ പകര്‍പ്പവകാശം സൈന മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘മാണിക്ക മാട്ടരം’ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. പിആര്‍ഒ അജയ് തുണ്ടത്തില്‍.
Recent Comments