എം.ജി.ആര്. എന്ന മൂന്നക്ഷരം ഇന്നും തമിഴ് ജനതയുടെ ജീവനും ശ്വാസവുമാണ്. അതുകൊണ്ടുതന്നെ തമിഴിലെ മിക്ക നായകന്മാരും തങ്ങളുടെ ചിത്രത്തില്‍ വാക്കുകൊണ്ടോ ചിത്രംകൊണ്ടോ എം.ജി.ആര് എന്ന വ്യക്തിയുടെ സാന്നിദ്ധ്യം മനഃപൂര്‍വ്വം സൃഷ്ടിച്ചെടുക്കാറാണ് പതിവ്.
ഇപ്പോഴിതാ സംവിധായകനായ അമീറും ഈ പാതയിലേയ്ക്ക്. അമീറിനെ അറിയില്ലേ. ഒട്ടേറെ ചലച്ചിത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനാണ്. പരുത്തിവീരന് എന്ന ചിത്രത്തിലൂടെ കാര്‍ത്തിയെ കൊണ്ടുവന്നതും അമീറാണ്. സംവിധാനം കൂടാതെ ചെറിയ വേഷങ്ങളിലും അമീര്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ അമീര്‍ നായകനായി അഭിനയിക്കുന്ന സിനിമയാണ് നാര്‍ക്കാലി (കസേര). പേര് സൂചിപ്പിക്കുംപോലെ ഒരു രാഷ്ട്രീയ സിനിമയാണിത്. വി.ഇസഡ്. ദൊരൈ ആണ് സംവിധായകന്. എം.ജി.ആറിന്റെ 104-ാം ജന്മദിനത്തില് മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമിയാണ് നാര്ക്കാലിയുടെ ഓഡിയോ സി.ഡി. പുറത്തുവിട്ടത്. എം.ജി.ആര്. എന്ന വ്യക്തി ആരായിരുന്നുവെന്ന് ഈ ഒറ്റപ്പാട്ടിലൂടെ പുതു തലമുറയ്ക്ക് മനസ്സിലാക്കി കൊടുക്കാനാണ് വരികളെഴുതിയ പ. വിജയും സംഗീതസംവിധായകനായ വിദ്യാസാഗറും ശ്രമിച്ചിരിക്കുന്നത്.
വളരെ എനര്ജിറ്റിക്കായിട്ടുള്ള സംഗീതത്തിന് എസ്.പി.ബിയുടെ മാസ്മരിക ശബ്ദംകൂടിയായപ്പോള് ഒരു ഹിറ്റ് പാട്ടുകൂടി ജനിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ വിദ്യാസാഗറിന്റെ സംവിധാനത്തിലെ എസ്.പി.ബിയുടെ അവസാനഗാനവും ഇതായിരുന്നു. ‘നെഞ്ചമുണ്ട് നേര്മ്മയുണ്ട്, ശൊന്നത് യാര്’ എന്ന പാട്ടിന്റെ സിംഗിള്‍ ട്രാക്കാണ് റിലീസ് ചെയ്തത്. ഗാനം ഇതിനകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നാര്‍ക്കാലി നിര്‍മ്മിക്കുന്നത് ആദം ബാവയാണ്.
Recent Comments