ഇന്നലെ ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്റെ വീട്ടില്‍ പോയിരുന്നു. വെറും സൗഹൃദസന്ദര്‍ശനം. ഇടയ്ക്കിത് പതിവുള്ളതാണ്. വീട്ടിലെത്തുമ്പോള്‍ ഫയല്‍കൂട്ടങ്ങള്‍ക്ക് നടുവിലായിരുന്നു അദ്ദേഹം. എന്തോ തിരഞ്ഞുകൊണ്ടിരിക്കുന്നു. എന്നെ കണ്ടപ്പോള്‍ അവിടെ മാറ്റിവച്ചിരുന്ന ഒരു തുണ്ട് പേപ്പര്‍ എനിക്ക് നേരെ നീട്ടി. നിറം മങ്ങിയ ആ പേപ്പറിന്റെ ഒരു പുറത്ത് വടിവൊത്ത അക്ഷരത്തില്‍ എന്തോ എഴുതിയിരിക്കുന്നു. അതിനൊത്ത മുകളിലായി ഒരു ലൈന്‍ സ്കെച്ചും. സൂക്ഷിച്ച് നോക്കിയപ്പോള്‍ അതിന് മോഹനുമായി സാമ്യമുണ്ട്. അതിന് താഴെ കോറിയിട്ടിരുന്ന അക്ഷരങ്ങളെ ആര്‍ത്തിയോടെ വായിച്ചുതീര്‍ത്തു. ഏറ്റവും ഒടുവില്‍ അത് എഴുതിയ ആളുടെ പേരുമുണ്ടായിരുന്നു, ശ്രീരാമന്. വ്യക്തതയ്ക്കുവേണ്ടി പറയാം അത് നടന് ശ്രീരാമനാണ്.
പണ്ടെപ്പോഴോ ശ്രീരാമന് മോഹനെഴുതിയ ഒരു കത്തായിരുന്നു അത്. ആക്ഷേപഹാസ്യത്തിന്റെ ചൂരും ചൂടുമുള്ള ആ കത്തില്‍ മോഹന്റെ പൂര്വ്വജന്മ വൃത്താന്തത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. രാജസ്ഥാനിലെ ഫലോല്ജി എന്ന ഗ്രാമത്തിലെ ചുവര് ചിത്രകാരനായ രാംചന്ദിന്റെ കനിഷ്ഠപുത്രനായിരുന്നുവത്രെ മോഹന്‍. ഒട്ടകങ്ങളെ മേയ്ക്കലും വസ്ത്രങ്ങളില്‍ കണ്ണാടി തുന്നിപ്പിടിപ്പിക്കലുമായിരുന്നു ജോലി. പിന്നെ മാന്‍സിംഗ് എന്ന കൊള്ളക്കാരനില്‍ ആകൃഷ്ടനായി ആ സംഘത്തില്‍ ചേര്‍ന്നു. ഇരുപത്തിമൂന്നോളം കവര്‍ച്ചകളിലും നാല് ബലാല്‍സംഗകേസുകളിലും പ്രതിയായി. ഇപ്പോള്‍ സുകേശിനി എന്ന ദേവദാസിയുടെ ഭോഗഗൃഹത്തില് മൃദംഗവായനക്കാരനായി കഴിഞ്ഞുകൂട്ടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്.
ഇത്തരം കത്തയയ്ക്കല്‍ പരിപാടി ശ്രീരാമന്റെ പതിവ് ശീലങ്ങളിലൊന്നായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹവുമായി അടുത്ത സൗഹൃദമുള്ള ആളുകള്‍ക്കാണ് നര്‍മ്മം പുരണ്ട കത്തുകള്‍ അയയ്ക്കാറുള്ളത്. അങ്ങനെ ശ്രീരാമന്റെ കത്തുകള്‍ ഏറെ കിട്ടിയിട്ടുള്ളൊരാള് നടന് മോഹന്‍ലാലാണ്. മൊബൈലും സോഷ്യല്‍മീഡിയയുമൊക്കെ സജീവമായതോടെ കത്തെഴുതല്‍ ചുരുങ്ങി. എങ്കിലും ആ പഴയ കത്തിലൂടെ ഒന്ന് കണ്ണോടിച്ച് പോയപ്പോള്‍ അതിനിപ്പോഴും ജീവനുള്ളതായി തോന്നി. മോഹന്‍ അത് നിധിപോലെ സൂക്ഷിക്കുന്നതും അതുകൊണ്ടാവാം.
Recent Comments