തെന്നിന്ത്യയിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ ലൈക പ്രൊഡക്ഷന്‍സ്, തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയമായ നിര്‍മ്മാണ വിതരണ കമ്പനിയായ ശ്രീഗോകുലം മൂവീസുമായി പുതിയ ചിത്രത്തിന്റെ കേരള വിതരണത്തിനായി വീണ്ടും കൈകോര്‍ക്കുന്നു. ഇന്ന് ചെന്നൈയില്‍ നടന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മിഷന് ചാപ്റ്റര്‍-1’ന്റെ ലോഞ്ചിങ് വേളയിലാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
തമിഴ്നാട്ടിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നമ്പര്‍ വണ്‍ പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നാണ് ലൈക പ്രൊഡക്ഷന്‍സ്. ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന്’ന് ശേഷം രജനികാന്ത് നായകനായെത്തുന്ന രണ്ട് ചിത്രങ്ങളും കമല്ഹാസന് നായകനാവുന്ന ‘ഇന്ത്യന്‍ 2’ഉം, ‘ഇന്ത്യന്‍ 3’യും, അജിത്തിന്റെ ‘വിടാ മുയര്‍ച്ചി’ തുടങ്ങി എട്ടോളം ചിത്രങ്ങളാണ് ഇവരുടേതായി റിലീസിന് തയ്യാറെടുക്കുന്നത്. മലയാളത്തിലേക്ക് വരികയാണെങ്കില്‍, മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്’ന്റെ സഹനിര്‍മ്മാണവും, ദിലീപിന്റെ 150-ാം ചിത്രം നിര്‍മ്മിക്കുന്നതും ലൈക്ക പ്രൊഡക്ഷന്‍സാണ്.
ലൈക പ്രൊഡക്ഷന്‍സിന്റെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ പൊന്നിയന്‍ സെല്വന് 1 & 2 ഉള്‍പ്പെടെ കഴിഞ്ഞ 6 ചിത്രങ്ങള്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ഗോകുലം മൂവീസിന്റെ വിതരണ രംഗത്തുള്ള വ്യത്യസ്തമായ മാര്‍ക്കറ്റിംങ് രീതികളില്‍ ലൈക പ്രൊഡക്ഷന്‍സ് പൂര്‍ണ്ണ സംതൃപ്തരാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിട്ടി ഫണ്ട് നെറ്റ്വര്ക്കുകളിലൊന്നായ ശ്രീഗോകുലം ചിട്ടി ഫണ്ടിന്റെ എന്റര്ടെയ്ന്മെന്റ് ഡിവിഷനാണ് ശ്രീഗോകുലം മൂവീസ്. ചെന്നയില്‍ ഇന്ന് നടന്ന മിഷന് ചിത്രത്തിന്റെ ലോഞ്ച് ഇവന്റ്റില് മുഖ്യാതിഥി ഗോകുലം മൂവീസിന്റെ പ്രപ്രൈറ്റര്‍ ശ്രീഗോകുലം ഗോപാലനായിരുന്നു.
ഷാരൂഖ് ഖാന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജവാന്’ കേരളത്തിലും തമിഴ് നാട്ടിലും വിതരണത്തിനെത്തിച്ചത് ശ്രീഗോകുലം മൂവീസാണ്. വര്‍ഷങ്ങളായി തന്റെ ചിത്രങ്ങളുടെ പ്രൊമോഷന് പരിപാടികളില്‍ പങ്കെടുക്കാതിരുന്ന ഷാരൂഖ് ഖാന് ചെന്നൈയില്‍ ഗോകുലം ഗോപാലന്റെ ക്ഷണപ്രകാരം ശ്രീഗോകുലം മൂവീസ് ഒരുക്കിയ പ്രൊമോഷന് പരിപാടിയില്‍ പങ്കെടുത്തിരുന്നു. ‘ജവാന്’ന്റെ വിജയത്തിന് ശേഷം ഷാരൂഖ് ഖാന് മാസ്മരിക വേഷത്തിലെത്തുന്ന ‘ഡങ്കി’യുടെ കേരള തമിഴ്നാട് വിതരണം ശ്രീഗോകുലം മൂവീസ് തന്നെയാണ് നിര്‍വ്വഹിച്ചത്.
അരുണ്‍ വിജയിയെ നായകനാക്കി വിജയ് സംവിധാനം ചെയ്ത ‘മിഷന് ചാപ്റ്റര്‍-1’ പൊങ്കല്‍ റിലീസ് ആയി ജനുവരി 12ന് പ്രദര്‍ശനത്തിനെത്തും. ആമി ജാക്സണും നിമിഷ സജയനുമാണ് നായികമാരായി എത്തുന്നത്.
Recent Comments