ശ്രീനാഥ് ഭാസി, ലാല്‍, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. നവാഗതനായ ജോ ജോര്‍ജാണ് സംവിധായകന്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ അമ്പതാമതു ചിത്രം
ശ്രീനാഥ് ഭാസിയുടെ ആക്ടിംഗ് കരിയറിലെ അമ്പതാമത്തെ ചിത്രം കൂടിയാണിത്. റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ശ്രീനാഥ് ഭാസി ബ്ലെസി സംവിധാനം ചെയ്ത പ്രണയത്തിലൂടെയാണ് മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആഷിക് അബുവിന്റെ ദാ തടിയാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. പിന്നീട് മലയാളസിനിമയിലെ സജീവ സാന്നിദ്ധ്യമായി ശ്രീനാഥ് ഭാസി മാറുകയായിരുന്നു.
പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വാണി വിശ്വനാഥ്
മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ചിത്രത്തിലെ അതിനിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായും പ്രതിനായികയായും സ്വഭാവനടിയായും നിരവധി വേഷങ്ങള്‍ അഭിനയിച്ചിട്ടുള്ള വാണി നടന് ബാബുരാജൂമായുള്ള വിവാഹത്തെ തുടര്‍ന്നാണ് സിനിമയില്‍നിന്ന് അകന്ന് നില്ക്കാന് തുടങ്ങിയത്. ഇതിനിടെ ബാബുരാജ് തന്നെ സംവിധാനം ചെയ്ത ബ്ലാക്ക് ഡായിയായില് ഒരു കേന്ദ്രകഥാപാത്രത്തെയും അവര്‍ അവതരിപ്പിച്ചിരുന്നു. ബാബുരാജും വാണി വിശ്വനാഥും പ്രധാന വേഷത്തിലെത്തുന്ന ക്രിമിനല്‍ ലോയര്‍ അനൗണ്‍സ് ചെയ്യപ്പെട്ടെങ്കിലും പാതിവഴിയില്‍ മുടങ്ങി കിടക്കുകയാണ്.
രവീണാരവി നായിക
തമിഴില്‍ സൂപ്പര്‍ഹിറ്റ് വിജയം നേടിയ മാമന്നനില്‍ ഫഹദിന്റെ ഭാര്യാവേഷം ചെയ്ത രവീണാ രവിയാണ് ചിത്രത്തിലെ നായിക. പ്രശസ്ത ഡബ്ബിംഗ് താരം ശ്രീജാരവിയുടെ മകളാണ് രവീണ.
ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബന് സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂര്‍, അബിന്‍ ബിനോ എന്നിവരാണ് മറ്റ് താരങ്ങള്‍.
സാഗറിന്റെ തിരക്കഥ
കുമ്പാരീസ്, വീകം, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് സാഗറാണ് ഈ സിനിമയ്ക്കുവേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് സംവിധായകന് ജോ ജോര്‍ജ് പറഞ്ഞു. മകളെ രക്ഷിക്കാനായി അച്ഛനും ഭര്‍ത്താവും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ഗാനങ്ങള്‍ ഹരി നാരായണന്, സംഗീതം വരുണ്‍ ഉണ്ണി, ഛായാഗ്രഹണം സനീഷ് സ്റ്റാന്‍ലി, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള, കലാസംവിധാനം സഹസ് ബാല, കോസ്റ്റ്യൂം ഡിസൈന്‍ വിപിന്‍ദാസ്, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ശരത് സത്യ,
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് അഖില്‍ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്. പ്രൊജക്റ്റ് ഡിസൈന്‍ സ്റ്റീഫന്‍ വല്യാറ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് പി.സി. വര്‍ഗീസ്, സുജിത് അയണിക്കല്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ആന്റണി ഏലൂര്‍, പി.ആര്.ഒ. വാഴൂര്‍ ജോസ്, ഫോട്ടോ ഷിജിന് രാജ്.
Recent Comments