അടൂര്‍ ഗോപാലകൃഷ്ണന് എന്ന വിഖ്യാത സംവിധായകന്റെ പേര് കേള്‍ക്കുമ്പോള്‍തന്നെ നമ്മുടെയെല്ലാം ഉള്ളില്‍ തെളിയുന്ന ഒരു രൂപമുണ്ട്. പെട്ടെന്നോര്‍മ്മ വരിക വെള്ളി കെട്ടിയ അദ്ദേഹത്തിന്റെ നീളമുള്ള മുടിയാണ്. പിന്നെയുള്ളത് അദ്ദേഹത്തിന്റെ വേഷവിധാനങ്ങളാണ്. പരുക്കന്‍ ഖാദിത്തുണിയില്‍ തീര്‍ത്ത ജൂബ്ബയും കോട്ടന്‍ പാന്റ്സുമാണ് വേഷം. ജൂബ്ബയുടെ നീളമുള്ള പോക്കറ്റില്‍ ഒരു പേന എപ്പോഴുമുണ്ടാകും. അപൂര്‍വ്വം ചിലപ്പോള്‍ പരുക്കന്‍ ജൂബ്ബയ്ക്ക് പകരം കോട്ടന്‍ ജൂബ്ബയാവും ധരിച്ചിട്ടുണ്ടാവുക. പാന്റ്സും കോട്ടും ധരിച്ച് വിദേശ ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുള്ള അപൂര്‍വ്വം ചിത്രങ്ങളും അടൂരിന്റേതായിട്ടുണ്ട്. മറ്റു ചിലപ്പോള്‍ ഓവര്കോട്ടുകളാവും കാണാനാവുക. ഇങ്ങനെയല്ലാതെ മറ്റൊരു രൂപത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ സങ്കല്‍പ്പിക്കാനേ കഴിയില്ല.
എന്നാല്‍ നഗ്നപാദനായി പാന്റ്സുമാത്രം ധരിച്ച് നില്ക്കുന്ന അടൂരിന്റെ ഈ കവര്‍ചിത്രം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ പകര്‍ത്തിയ ചിത്രമാണിത്. മുഖാമുഖം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍വച്ചാണ് മോഹന്‍, അടൂര്‍ ഗോപാലകൃഷ്ണന്പോലും അറിയാതെ ഈ ചിത്രം പകര്‍ത്തിയത്.
ശാസ്താംകോട്ടയായിരുന്നു മുഖാമുഖത്തിന്റെ പ്രധാന ലൊക്കേഷന്‍. അവിടുത്തെ ഒരു ക്ഷേത്രത്തിനകത്തായിരുന്നു അന്ന് ഷൂട്ടിംഗ്. ഷര്‍ട്ട് ധരിച്ച് ആ ക്ഷേത്രത്തിനുള്ളില്‍ കടക്കാനാവുമായിരുന്നില്ല. അടൂരിന് ക്ഷേത്രത്തിനുള്ളില്‍ കയറുകയുംവേണം. ആര്ട്ടിസ്റ്റുകള്ക്കടക്കം നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. മറ്റ് നിവൃത്തിയൊന്നുമില്ലാതെ വന്നപ്പോള്‍ അദ്ദേഹം ഷര്‍ട്ട് ഊരി പുറത്തുവച്ചു. എന്നിട്ടാണ് അകത്തേയ്ക്ക് കയറിവന്നത്. ഈ സമയം മോഹന്‍ പകര്‍ത്തിയ ചിത്രമാണിത്. മുഖാമുഖം എന്ന സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍കൂടിയായിരുന്നു കൊല്ലം മോഹന്‍.
അടൂര്‍ ഗോപാലകൃഷ്ണന്റെ വിശേഷപ്പെട്ട അനവധി ഫോട്ടോ ശേഖരങ്ങള്‍ എല്ലായിടത്തുമുണ്ടെങ്കിലും അര്‍ദ്ധനഗ്നനായ അടൂരിന്റെ ഈ ചിത്രം അതില്‍നിന്നൊക്കെ വേറിട്ടത് തന്നെയാണ്.
Recent Comments