സ്റ്റൈലിലും കോസ്റ്റ്യൂമിലും എന്നും വ്യത്യസ്തത പുലര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. തന്റെതായ ചില രീതികള്‍ വസ്ത്രധാരണത്തില്‍ കൊണ്ടുവരാനും മോഹന്‍ലാലിന് കഴിഞ്ഞിട്ടുമുണ്ട്. അദ്ദേഹം ധരിക്കുന്ന ഷര്‍ട്ടുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിട്ടുമുണ്ട്. ഇപ്പോഴിതാ, താന്‍ വലിയ മൂല്യം കല്‍പ്പിച്ച് സൂക്ഷിക്കുന്ന ഒരു ഷര്‍ട്ട് ഉണ്ടെന്ന് പറയുകയാണ് മോഹന്‍ലാല്‍.
‘ഞങ്ങളൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇത്തരം ഷര്‍ട്ടുകളൊന്നുമില്ല. വളരെ കുറച്ച് ഷര്‍ട്ടുകള്‍ മാത്രമെ നമ്മുടെ വീട്ടിലെ കുടുംബ ബഡ്ജറ്റിന് താങ്ങാന്‍ കഴിയുമായിരുന്നുള്ളു. ഒരു ഷര്‍ട്ട് തുന്നി കിട്ടാന്‍ തന്നെ വളരെ പാടാണ്. തരാമെന്ന് പറഞ്ഞ ദിവസം ഷര്‍ട്ട് വാങ്ങാന്‍ ചെല്ലുമ്പോള്‍ പിന്നൊരു ദിവസം വരാന്‍ തയ്യല്ക്കാരന് ആവശ്യപ്പെടും. അങ്ങനെ നിരന്തരം പോയി അയാളുടെ കാല് പിടിച്ച് വേണം ഷര്‍ട്ട് മേടിച്ചെടുക്കാന്. ഷര്‍ട്ട് കിട്ടിയാല്‍ തന്നെ അത് പാകമാണെന്ന് വരില്ല. അതിനാല്‍ ആ ഷര്‍ട്ടുകള്‍ക്ക് വലിയ മൂല്യമുണ്ട്. ‘ മോഹന്‍ലാല്‍ തുടര്‍ന്നു.
‘എനിക്ക് കിട്ടിയ ഒരു ഷര്‍ട്ട് ഞാന്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നുണ്ട്. ക്യാപ്റ്റന്‍ ലീല കൃഷ്ണന് നായരുടെ അടുത്ത് നിന്നാണ് എനിക്ക് ആ ഷര്‍ട്ട് കിട്ടിയത്. ഇപ്പോള്‍ മരണപ്പെട്ടുവെങ്കിലും, എനിക്ക് വളരെയധികം ആത്മബന്ധം അദ്ദേഹവുമായി ഉണ്ടായിരുന്നു. അദ്ദേഹം എപ്പോഴും ഭയങ്കര രസമുള്ള ഷര്‍ട്ടുകളാണ് ഇടുന്നത്. ലോസ് ആഞ്ചലോസില്‍ നിന്നുള്ള ഒരാളായിരുന്നു അദ്ദേഹത്തിന്റെ ഷര്‍ട്ടുകള്‍ തയ്ച്ചിരുന്നത്. കൂടാതെ വളരെയധികം സ്പെഷ്യല്‍ ബ്രാന്റുകളുടെ ഷര്‍ട്ടും ധരിച്ചിരുന്നു.’
‘മരിക്കുന്നതിന് മുമ്പ് ഞാനദ്ദേഹത്തെ ഹോസ്പിറ്റലില്‍ കാണാന്‍ പോയിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഷര്‍ട്ട് എനിക്ക് തരാമോ എന്ന് ചോദിച്ചു. അദ്ദേഹം അങ്ങനെയൊരു ഷര്‍ട്ട് സമ്മാനിച്ചു. സില്ലി എന്ന ബ്രാന്റിന്റെ ഷര്‍ട്ടാണ്. എനിക്കും ആ ഷര്‍ട്ട് പാകമാണ്. ആ ഷര്‍ട്ട് ഞാന്‍ ഇപ്പോഴും ബഹുമാനപൂര്‍വം സൂക്ഷിക്കുന്നുണ്ട്.’ മോഹന്‍ലാല്‍ പറഞ്ഞു.
Recent Comments