ദേവികുളം വെറ്ററിനറി ഹോസ്പിറ്റലിലെ ഡോക്ടറാണ് ബിനിരാജ്. വെഞ്ഞാറമ്മൂട് സ്വദേശിയാണ്. അടുത്തിടെ റിലീസിനെത്തിയ രണ്ട് എന്ന ചിത്രത്തിന്റെ കഥ തന്റേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് എറണാകുളം മുന്‍സിഫ് കോടതി വഴി കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് ബിനിരാജ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ കാന്‍ ചാനലുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം.
‘ഞാന്‍ നിര്‍മ്മിച്ച ഒരു ചലച്ചിത്രത്തിലൂടെയാണ് അലന്‍സിയറും (നടന്) ബിനുലാല്‍ ഉണ്ണിയും (രണ്ടിന്റെ തിരക്കഥാകൃത്ത്) അടക്കമുള്ള ഒരുപറ്റം സിനിമാസുഹൃത്തുക്കളെ ഞാന്‍ പരിചയപ്പെടുന്നത്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായി. ഒരിക്കല്‍ ഒരു യാത്രയ്ക്കിടെ എനിക്ക് നേരിടേണ്ടിവന്ന അനുഭവത്തെക്കുറിച്ച് ഞാന്‍ ബിനുലാല്‍ ഉണ്ണിയോട് പറഞ്ഞു. എന്നെ അത്രയധികം സ്ട്രൈക്ക് ചെയ്ത ഒരു സംഭവമായതുകൊണ്ട് അത് വിഷ്വലൈസ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതൊരു തിരക്കഥയായി എഴുതിത്തരണമെന്നും ഞാന്‍ ബിനുലാലിനോട് പറഞ്ഞു. എഴുതിത്തരാമെന്ന് പറഞ്ഞതല്ലാതെ പിന്നെ വിളികളൊന്നും ഉണ്ടായില്ല. അതുകൊണ്ട് ആ ചുമതല ഞാന്‍ എന്റെ സുഹൃത്തിന് കൈമാറി. പിന്നീട് ആ തിരക്കഥയില്‍ ഞാനൊരു ഷോര്‍ട്ട്ഫിലിമും ചെയ്തു. കോണ്‍സ്റ്റിപ്പേഷന്‍ എന്നാണ് ആ ഷോര്‍ട്ട് ഫിലിമിന്റെ പേര്. പ്രഥമ സച്ചി മെമ്മോറിയല്‍ ഷോര്‍ട്ട് ഫിലിം മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പത്ത് ഹ്രസ്വചിത്രങ്ങളിലൊന്നുകൂടിയായിരുന്നു അത്.’
‘ഏതാണ്ട് ആറ് മാസങ്ങള്‍ക്കിപ്പുറം ബിനുലാല്‍ ഉണ്ണി വിളിച്ച് എന്നോടൊരു കഥ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞ കഥ തന്നെയാണ് അയാള്‍ എന്നെ വായിച്ച് കേള്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ക്രെഡിറ്റ് ലിസ്റ്റില്‍ എന്റെ പേര് വയ്ക്കാമെന്നും നല്ലൊരു വേഷം തരാമെന്നും അയാള്‍ വാക്ക് പറഞ്ഞു. അയാളുടെ മോഹവാക്കുകളില്‍ ഞാന്‍ വീണുപോയി. ഇതിനിടെയാണ് രണ്ട് എന്ന സിനിമ അനൗണ്‍സ് ചെയ്യപ്പെടുന്നത്. രണ്ടിന്റെ കഥ എന്റെ കഥയുടെ മോഷണമാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും ഫിലിം ചേമ്പറിലും പരാതി കൊടുത്തു. എന്റെ സുഹൃത്ത് കൂടിയായ അഡ്വക്കേറ്റ്, പ്രശ്നം രമ്യതയിലെത്തിക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. രണ്ടിന്റെ നിര്‍മ്മാതാവ് ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി എന്റെ മുന്നിലെത്തുന്നു. നിര്‍മ്മാതാവിനെ ഉപദ്രവിക്കണമെന്നില്ലാത്തതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു. അപ്പോഴും എന്നെ നേരിട്ട് കാണാന്‍പോലും ബിനുലാല്‍ ഉണ്ണി കൂട്ടാക്കിയില്ല. അടുത്തിടെ രണ്ട് എന്ന സിനിമ തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് എന്റെ കഥ അതേപടി മോഷ്ടിച്ചതാണെന്ന് മനസ്സിലാകുന്നത്. മുമ്പുണ്ടായ ചില ഒത്തുതീര്‍പ്പ് ശ്രമങ്ങളില്‍ കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നായിരുന്നു അവരുടെ അവകാശം. ആ വിശ്വാസ്യത പാലിച്ചില്ലെന്ന് കണ്ടപ്പോഴാണ് ഞാന്‍ വീണ്ടും പരാതിയുമായി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും ഞാനില്ല. നിയമനടപടികളുമായി ഞാന്‍ മുന്നോട്ട് പോവുകതന്നെ ചെയ്യും.’ ഡോ. ബിനിരാജ് പറഞ്ഞു.
Recent Comments