2022 ആകുമ്പോള്‍ ബാബു ഷാഹിര്‍ മലയാള സിനിമയിലെത്തിയിട്ട് 40 വര്‍ഷമാകും. ഫാസിലിന്റെ സംവിധാനസഹായിയായിട്ടായിരുന്നു തുടക്കം. ആദ്യചിത്രം ഈറ്റില്ലം. തുടര്‍ന്ന് ഫാസിലിന്റെ തന്നെ നിരവധി ചിത്രങ്ങളുടെ സംവിധാന സഹായിയായും ചീഫ് അസോസിയേറ്റായും പ്രവര്‍ത്തിച്ചു. സിദ്ധിക്ക് ലാലിനുവേണ്ടി ഫാസില്‍ നിര്‍മ്മിച്ച റാംജിറാവ് സ്പീക്കിങ്ങിലൂടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി. അനിയത്തിപ്രാവ്, ചന്ദ്രലേഖ, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് തുടങ്ങിയ ചിത്രങ്ങളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ബാബു ഷാഹിര്‍ ആയിരുന്നു. ഒപ്പം നിര്മ്മാണനിര്വ്വാഹകന്റെ റോളിലും അദ്ദേഹം ശോഭിച്ചു. 2006 ല്‍ ദിലീപിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിരയിലൂടെ നിര്‍മ്മാതാവുമായി. പ്രശസ്ത നടന് സൗബിന് ഷാഹിറിന്റെ പിതാവാണ് ബാബു ഷാഹിര്‍.
അദ്ദേഹം ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി കഥയും, തിരക്കഥയും സംഭാഷണവും എഴുതുന്നു. എഴുതുന്നുവെന്നല്ല, എഴുതി പൂര്‍ത്തിയാക്കിയിരിക്കുന്നു. സുല്ല്… സുല്ല്… സുല്ല് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അതിന്റെ നിര്‍മ്മാതാവും ബാബുഷാഹിറാണ്. തന്റെ പുതിയ സിനിമയെക്കുറിച്ച് ബാബു ഷാഹിര്‍ കാന്‍ചാനലിനോട് സംസാരിക്കുന്നു.
‘പല കഥകളും മനസ്സിലുണ്ടാകാറുണ്ട്. അതൊക്കെ പലരുമായി പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആരോടെങ്കിലും ഒന്ന് എഴുതാന്‍ പറഞ്ഞാല്‍ എല്ലാവരും ഒഴിവുകഴിവുകള്‍ പറയും. അങ്ങനെയാണ് സ്വന്തമായി എഴുതാമെന്ന തീരുമാനത്തിലെത്തുന്നത്. കഥയെക്കുറിച്ച് പൂര്‍ണ്ണമായും ധാരണയുണ്ടായിരുന്നു. ഒരു കുടുംബത്തില്‍ നടക്കുന്ന കഥയാണ്. ക്രൈമിന്റെ അംശങ്ങളും അതിലുണ്ട്. എഴുത്ത് തുടങ്ങി. ജോണ്‍പോള്‍, ഫാസില്‍, സിദ്ധിക്ക് ലാല്‍, മധു മുട്ടം, സൗബിന് തുടങ്ങിയവരുമായി ചര്‍ച്ചകള്‍ ചെയ്തു. അവരുടെ കോണ്‍ട്രിബ്യുഷനും ഈ തിരക്കഥയില്‍ ധാരാളമുണ്ട്. തിരക്കഥ പൂര്‍ത്തിയായി. ഇനി ഫൈനല്‍ കറപ്ഷനുകള്മാത്രം അവശേഷിക്കുന്നു. അടുത്ത ചിങ്ങത്തില് സിനിമ തുടങ്ങും. സംവിധായകനെ ഉടനെ തീരുമാനിക്കും. കൂടാതെ മറ്റു ചില ആലോചനകളും മനസ്സിലുണ്ട്. അത് പ്രാവര്‍ത്തികമായാല്‍ ഒരുപാട് പുതുമകള്‍ സിനിമയില്‍ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.’ ബാബു ഷാഹിര്‍ പറഞ്ഞുനിര്‍ത്തി.
Recent Comments