സംവിധായകന് ഫാസിലിന്റെ പേരില്‍ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജ് ഉള്ളതായി ഞങ്ങള്‍ക്ക് അറിയില്ല. എങ്കിലും രണ്ടുദിവസംമുമ്പ് ആ പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. നെടുമുടി വേണുവും ഫാസിലും ചിരിച്ചുകൊണ്ട് നില്ക്കുന്ന ഒരു ചിത്രം.
ഇതിന്റെ ഒറിജിനല്‍ ഫോട്ടോ ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഫാസില്‍, നെടുമുടിവേണുവിന് ആ ചിത്രം അയച്ചുകൊടുത്ത സമയത്ത്. അതില്‍ ഫാസിലിന്റെ വലതുവശത്തായി മറ്റൊരാളും ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ പേരും വേണു പറഞ്ഞു തന്നതാണ്. പക്ഷേ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ആ ചിത്രം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍ ഫാസിലിനെതന്നെ വിളിച്ചു.
‘ഒരുപാട് പേര് ഈ പടം കണ്ടിട്ട്, വിളിക്കുന്നുണ്ട്. പ്രിയദര്‍ശനും വിളിച്ചിരുന്നു. അവര്‍ക്ക് ഒക്കെ ഈ പടം എവിടുന്ന് കിട്ടി എന്ന് അറിയില്ല.’ ഫാസില്‍ ആമുഖത്തോടെ പറഞ്ഞു.
പാച്ചിക്കയുടെ (ഫാസിലിനെ വിളിക്കുന്ന പേര്) പേരില്‍ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജ് ഉണ്ടോ?
‘ഇല്ല.’
എന്നാല്‍ അങ്ങനെയൊരു പേജിലാണ് ഈ ചിത്രം പ്രചരിക്കുന്നത്.
‘ഞാന്‍ അറിയാതെ, എനിക്കൊരു ഫേസ്ബുക്ക് പേജോ, അത് കൊള്ളാമല്ലോ.’ ഫാസില്‍ അത്ഭുതം മറച്ചുവച്ചില്ല.
അപ്പോഴാണ് ഞങ്ങള്‍ ആ ഒറിജിനല്‍ ഫോട്ടോയുടെ കാര്യം ഫാസിലിനെ ഓര്‍മ്മിപ്പിച്ചത്.
‘അതെ. ആ ഫോട്ടോ ഞാന്‍ തന്നെയാണ് വേണുവിന് അയച്ചുകൊടുത്തത്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മൂന്നാമ്മന് മാര്ട്ടിന് ആണ്. മാര്ട്ടിന് ഈരാശ്ശേരി എന്നാണ് ശരിയായ പേര്.
ഞങ്ങള്‍ കോളേജ്മേറ്റ്സായിരുന്നു. സാഹിത്യത്തിലൊക്കെ അഭിരുചിയുള്ള ആളായിരുന്നു മാര്ട്ടിന്. വേണു വഴിയാണ് എനിക്ക് പരിചയം.’ ഫാസില്‍ തുടര്‍ന്നു.
‘പ്രീഡിഗ്രി മുതല്‍ ഞാനും വേണുവും എസ്.ഡി. കോളേജില്‍ പഠിക്കുന്നുണ്ട്. ഡിഗ്രി മുതലായണ് പരിചയം. ഡിഗ്രിക്ക് ഞാന്‍ എക്കണോമിക്സും വേണു മലയാളവുമാണ് എടുത്തിരുന്നത്. മിമിക്രിയുടെ അസ്കിതമൊക്കെ അന്നേ ഉണ്ടായിരുന്നു. പ്രോഗ്രാം അവതരിപ്പിച്ച് തുടങ്ങിയത് കോളേജ് വിട്ടതിനുശേഷമാണ്.’
‘അക്കാലത്ത് മാര്‍ട്ടിന്റെ വീട്ടില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണത്. അമ്പത് വര്‍ഷത്തെ പഴക്കമെങ്കിലും ആ ചിത്രത്തിനുണ്ടാകും. ഇപ്പോള്‍ കാണുമ്പോഴാണ് ആ ഫോട്ടോയുടെ കൗതുകം അറിയുന്നത്. ഇന്ന് മാര്ട്ടിന് ഞങ്ങളോടൊപ്പമില്ല. ഒരു വര്‍ഷംമുമ്പ് അദ്ദേഹം മരിച്ചുപോയി.’
‘ഞാനാണ് ആ ഫോട്ടോ വേണുവിന് അയച്ചുകൊടുത്തതെങ്കിലും ഇന്ന് അതെന്റെ കൈവശമില്ല. എങ്ങനെയോ നഷ്ടപ്പെട്ടു.’ ഫാസില്‍ പറഞ്ഞു.
‘ആ ഫോട്ടോ കിട്ടുമോയെന്ന് അന്വേഷിച്ച് നെടുമുടിവേണുവിനേയും വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പക്കലും ആ പടം ഉണ്ടായിരുന്നില്ല. പകരം മറ്റൊരു പടം അദ്ദേഹം അയച്ചുതന്നു. എസ്.ഡി. കോളേജില്‍ വേണുവും ഫാസിലുംകൂടി മിമിക്രി അവതരിപ്പിക്കുന്ന ചിത്രം. 1975 ല്‍ എടുത്ത ചിത്രമാണ്.’
ഇത്തരം കഥ പറയുന്ന ചിത്രങ്ങള്‍ അനവധി ഉണ്ട്. വിസ്മൃതിയില്‍ അവയൊക്കെ പൊടിതട്ടി കിടപ്പാണ്. കണ്ടെടുക്കണം. അല്ലെങ്കില്‍, ഒരിക്കല്‍ അത് ഇതുപോലൊക്കെ പുറത്തു വന്നുകൊണ്ടിരിക്കും.
Recent Comments