മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇതുപോലൊരു മെയ് 12. ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ല. അന്നായിരുന്നു ഞാന്‍ ആദ്യമായി അഭിനയിച്ച അപരന് എന്ന സിനിമയുടെ റിലീസ്.
തിരുവനന്തപുരത്ത് ശാസ്ത്രിനഗറിലുള്ള വല്യച്ചന്റെ (മലയാറ്റൂര്‍ രാമകൃഷ്ണന്) വീട്ടിലായിരുന്നു ഞാനന്ന് താമസിച്ചിരുന്നത്. തലേന്ന് ഒട്ടും ഉറങ്ങിയില്ല. എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. എപ്പോഴോ എന്നെ കണ്ടപ്പോള്‍ വല്യച്ചന് ചോദിച്ചു.
‘എന്താടാ, പുതിയ പടം ഇറങ്ങുന്നതിന്റെ ടെന്ഷനാ.’
അതേ എന്ന് പറഞ്ഞ് ഞാന്‍ തലയാട്ടി. വല്യച്ചന് ചിരിച്ചുകൊണ്ട് നടന്നുപോയി. കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അടുത്ത ദിവസം അതിരാവിലെ എഴുന്നേറ്റു. നേരം പുലരാന്‍ കാത്തിരിക്കുകയായിരുന്നു. എട്ട് മണിയായപ്പോള്‍ കരമന ലക്ഷ്യമാക്കി നടന്നു. അവിടെയായിരുന്നു പത്മരാജന് സാറിന്റെ വീട്. സാറ് പൂമുഖത്തുണ്ടായിരുന്നു.’
‘എന്താടാ ഇത്ര നേരത്തേ?’ സാറ് ചോദിച്ചു.
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. എന്റെ ടെന്‍ഷന്‍ മുഖത്തുനിന്ന് വായിച്ചെടുത്തിട്ടെന്നപോലെ അദ്ദേഹം പറഞ്ഞു.
‘നീ ടെന്‍ഷനാവണ്ട, ഇത് ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ അടുത്തതില്‍ പിടിക്കാം.’
അടുത്ത സിനിമയും എന്നെ നായകനാക്കി അദ്ദേഹം സിനിമ ആലോചിക്കുന്നുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്.
അന്ന് പ്രഭാതഭക്ഷണം സാറിനോടൊപ്പമാണ് കഴിച്ചത്. 10 മണി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഫീയറ്റ് കാറില്‍ പട്ടണത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം. എല്ലായിടത്തും പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള യാത്രകൂടിയായിരുന്നു. പോസ്റ്ററുകളിലെല്ലാം എന്റെ മുഖം കണ്ടു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. അപ്പോഴും ടെന്‍ഷന്‍ വിട്ടുമാറിയിരുന്നില്ല.
പതിനൊന്നരയോടെ ഞങ്ങള്‍ അജന്ത തീയേറ്ററിനുമുന്നിലെത്തി. അവിടെയാണ് അപരന് പ്രദര്‍ശിപ്പിക്കുന്നത്. തീയേറ്ററിനുമുന്നില് വലിയ ആള്‍ക്കൂട്ടം. ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും വലിയ നിര. അത് കണ്ടപ്പോള്‍ സന്തോഷം ഇരട്ടിച്ചു. ഒരു പുതുമുഖത്തെയാണ് സാര്‍ അവതരിപ്പിക്കുന്നത്. പത്മരാജന് സാറായതുകൊണ്ട് അവര്‍ക്ക് പ്രതീക്ഷയുണ്ട്. അതായിരുന്നു അവിടെ കണ്ട ആള്‍ക്കൂട്ടത്തിന്റെ രഹസ്യം.
സാര്‍ സിനിമ കാണാന്‍ നില്‍ക്കാതെ വീട്ടിലേയ്ക്ക് പോയി. ഞാന്‍ അവിടെത്തന്നെ നിന്നു. തീയേറ്ററിലിരുന്ന് സിനിമ കാണാന്‍ എനിക്ക് ധൈര്യം ഉണ്ടായില്ല. പ്രൊജക്ടര്‍ റൂമില്‍നിന്ന് സിനിമ കണ്ടു. പടം തീരുംമുമ്പേ പുറത്തിറങ്ങി. ആ സമയം സിനിമ വിട്ട് ആളുകള്‍ പുറത്തിറങ്ങുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ആളുകള്‍ വളരെവേഗം തിരിച്ചറിഞ്ഞു. അവര്‍ ഓടിയടുത്തു. ചിലര്‍ കൈതന്നു. മറ്റു ചിലര്‍ അഭിനന്ദിച്ചു. ഞാന്‍ ഇത്രയധികം സന്തോഷിച്ച ഒരു മുഹൂര്‍ത്തം എന്റെ ജീവിതത്തില്‍ വേറെ ഉണ്ടായിട്ടില്ല.
നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ അവിടെനിന്നും ഇറങ്ങിയത്. ഒരു ഓട്ടോ വിളിച്ച് സാറിന്റെ വീട്ടിലെത്തി. മുഖത്ത് പുഞ്ചിരി നിറച്ച് സാറ് അവിടെത്തന്നെയുണ്ടായിരുന്നു. ഇതിനോടകം റിപ്പോര്‍ട്ടുകള്‍ അദ്ദേഹം അറിഞ്ഞിട്ടുണ്ടാവണം. എന്നെ കണ്ടയുടനെ അദ്ദേഹം പറഞ്ഞു.
‘അപരിചിതന് അങ്ങനെ എല്ലാവര്ക്കും പരിചിതനായിരിക്കുന്നു’
അന്നദ്ദേഹം തന്ന അനുഗ്രഹമാണ് ഞാനിന്നും നെറുകയിലേറ്റുന്നത്. ജയറാം പറഞ്ഞുനിര്‍ത്തി.
Recent Comments