ശ്വേതാമേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അരുണ്‍ ദേവ് സംവിധാനം ചെയ്യുന്നു എന്ന പേരില്‍ ഒരു ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത് കുറച്ചു മുമ്പാണ്. നിയതി CC1/2024 എന്നായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍. ഇതിന്റെ വാര്‍ത്ത് ഉള്‍ക്കൊള്ളിച്ചുകൊണ്ട് പി.ആര്.ഒ കൂടിയായ ശിവപ്രസാദാണ് ഞങ്ങള്‍ക്കും വാര്‍ത്ത എത്തിച്ചത്. അത് ഞങ്ങള്‍ പബ്ലിഷ് ചെയ്യുകയും ചെയ്തു. തൊട്ടുപിന്നാലെ ശ്വേതയുടെ മെസ്സേജ് ഞങ്ങളെ തേടിയെത്തി. അങ്ങനെ ഒരു പ്രോജക്ട് താന്‍ ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
ഇത് സംബന്ധിച്ച് വിശദവിവരങ്ങള്‍ അറിയാനാണ് ശ്വേതയെ തിരിച്ച് വിളിച്ചത്. അതിനോട് ശ്വേത വിശദമായി പ്രതികരിക്കുകയും ചെയ്തു.
‘രണ്ട് മാസം മുമ്പാണ് ഇതിന്റെ അണിയറ പ്രവര്‍ത്തകരിലാരോ എന്നെ വിളിച്ചത്. ഈ പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞു. വിശദമായി സംസാരിക്കാം എന്ന് പറഞ്ഞാണ് അന്നത്തെ ഫോണ്‍വിളി അവസാനിച്ചത്. അതിനുശേഷം അവരുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.’ ശ്വേത തുടര്‍ന്നു.
‘കാനിലെ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് എനിക്കങ്ങനെ ഒരു സന്ദേശം അയയ്ക്കേണ്ടി വന്നത്. ഞാന്‍ പോലുമറിയാതെ എന്റെ ഒരു പ്രൊജക്ട് അനൗണ്‍സ് ചെയ്തത് തികച്ചും അണ്‍പ്രൊഫഷണലാണ്. ആര്‍ക്കും എന്തും ചെയ്യാമെന്ന രീതി ശരിയല്ല. അതുകൊണ്ടുതന്നെ ഈ പ്രൊജക്ടുമായി ഇനി സഹകരിക്കുന്നില്ല എന്നും തീരുമാനിച്ചിട്ടുണ്ട്.’ ശ്വേത പറഞ്ഞു.
ശ്വേതയുടെ വിശദീകരണം വന്നതിനുപിന്നാലെ കാന്‍ ചാനല്‍ ആ വാര്‍ത്ത പൂര്‍ണ്ണമായും നീക്കം ചെയ്തു. പി.ആര്.ഒയോട് വിശദീകരണം തേടി. അദ്ദേഹം ചിത്രത്തിന്റെ സംവിധായകനെ ബന്ധപ്പെട്ടു. സംവിധായകന്റെ വിശദീകരണം അടങ്ങുന്ന ഒരു വോയ്സ് ക്ലിപ്പും അയച്ചു. ആ മറുപടി അപൂര്‍ണ്ണമാണ്. എന്നുമാത്രമല്ല ശ്വേതയുടെ മറുപടിയോടെ അതിന് പ്രസക്തിയും ഇല്ലാതായിരിക്കുന്നു.
Recent Comments