പറഞ്ഞുവരുന്നത്, സൂഫിയും സുജാതയുടേയും സംവിധായകന് ഷാനവാസ് നരണിപ്പുഴയെക്കുറിച്ചാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി. ഹോസ്പിറ്റലില്‍ ഷാനവാസിനെ അഡ്മിറ്റ് ചെയ്ത വിവരം ആദ്യമായി ലോകത്തെ അറിയിച്ചത് കാന്‍ചാനലായിരുന്നു. നേരിട്ട് അന്വേഷിച്ച് ബോദ്ധ്യപ്പെട്ടസാഹചര്യത്തിലാണ് കാന്‍ ആ ന്യൂസ് ബ്രേക്ക് ചെയ്തത്. പിന്നാലെ ഒരുപാട് മാധ്യങ്ങള്‍ ഞങ്ങളുടെ വാര്‍ത്തയെ അനുധാവനം ചെയ്തിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ അദ്ദേഹം മരണപ്പെട്ട വിവരമാണ് കാട്ടുതീപോലെ പ്രചരിക്കാന്‍ തുടങ്ങിയത്. നിജസ്ഥിതി എന്തെന്നുപോലും അന്വേഷിക്കാന്‍ നില്‍ക്കാതെ, ആളുകളും വാര്‍ത്ത ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഇവിടുത്തെ ചില മുന്‍നിര മാധ്യമങ്ങളും ആ വാര്‍ത്ത ഏറ്റുപിടിച്ചു. ചില സിനിമാസംഘടനയുടെ ഔദ്യോഗിക മുഖപേജുകളിലും വാര്‍ത്ത വന്നു. അതോടെ അനുശോചനപ്രവാഹങ്ങളായി. അപ്പോഴും ഷാനവാസ് നെഞ്ചിടിപ്പോടെ, വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. ആ ശീതികരിച്ച മുറിയില്‍ ഒന്നുമറിയാതെ, നിദ്രയിലാണ്ടിരിക്കുമ്പോള് ചുറ്റിനും അദ്ദേഹത്തിന്റെ മരണം ആഘോഷിക്കപ്പെടുകയായിരുന്നു.
ഒരാളെ കൊല്ലാനും നമുക്ക് എന്തിനാണിത്ര ആവേശം. ഒരാളുടെ മരണത്തില്‍ ഹൃദയം പൊടിയുന്നവര് അനവധി ഉണ്ടെന്ന് മറന്നുപോകരുത്. അവര്‍ക്ക് ഉണ്ടാകുന്ന വേദനയും ശൂന്യതയും വിസ്മരിക്കരുത്.
ശരിയാണ്, മരണം ഒരു സത്യമാണ്. അതൊരുനാള് സംഭവിക്കുകതന്നെ ചെയ്യും. പക്ഷേ അത് പ്രവചിക്കുന്നവരാകരുത് നാം. അതിന് ആരെയും ആരും അധികാരപ്പെടുത്തിയിട്ടില്ല.
ഒരാളുടെ വിയോഗത്തില്‍ ഹൃദയം തിളച്ചു മറിയുമ്പോഴാണ് അനുശോചനങ്ങളായി ഉറവ പൊട്ടേണ്ടത്. അത് ആരേയും ബോധ്യപ്പെടുത്താനല്ല. പക്ഷേ ഇപ്പോഴത്തെ അനുശോചനങ്ങള്‍ പ്രകടനപരമാകുന്നില്ലേ? നാം ആലോചിക്കേണ്ടതാണ്.
ഒരിടത്ത് ഷാനവാസിന്റെ മരണം ആഘോഷിക്കപ്പെടുമ്പോള്‍, അദ്ദേഹത്തിന്റെ ജീവന് നിലനിറുത്താന്‍ മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാനുള്ള തീരുമാനങ്ങളിലായിരുന്നു വീട്ടുകാര്‍. ആ തീരുമാനം വന്നതിനു പിന്നാലെ സൂഫിയും സുജാതയുടേയും നിര്‍മ്മാതാവുകൂടിയായ വിജയ് ബാബു കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുവച്ചിരുന്നു. തൊട്ടുപിന്നാലെ ഷാനവാസിനെ ആംബുലന്‍സില്‍ ആസ്റ്ററിലെത്തിച്ചു. ഇവിടെ എത്തി ഇരുപതാം മിനിറ്റിലാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുന്നത്. ഇവിടെ എത്തിച്ചശേഷം അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
ഉമ്മ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനയും ഉസ്താദ് പഠിപ്പിച്ച ദിക്റുകളും മാത്രം കൂട്ടിന് ഉണ്ടാവുന്ന ഖബറെന്ന ആറടി മണ്ണിലാണ് ഇനി മുതല്‍ മലയാളസിനിമയുടെ സൂഫി. ഏകയാവുന്നത് ഭാര്യ ഷബ്നയും മകന് ആദവുമാണ്. നഷ്ടം മലയാളസിനിമയ്ക്കും. കാരണം ഒരുപാട് സിനിമാസ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ഷാനവാസ് യാത്രയാവുന്നത്.
Recent Comments