പ്രദര്‍ശനത്തിനൊരുങ്ങുന്ന പോര്‍ക്കളം എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് അടുത്തിടെയാണ് റിലീസായത്. ‘രാത്രിമഴ മനസ്സില്‍ പെയ്യുന്നു, നീയരികില്‍ കുടയായി വിരിയുന്നു…’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപും മൃദുലാവാര്യരും ചേര്‍ന്നാണ്. ആ പാട്ട് റിലീസ് ചെയ്തതിന് പിന്നാലെ ലക്ഷക്കണിന് ഗാനാസ്വാദകരാണ് അതിനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയത്. ആ പാട്ടിന്റെ സംഗീതസംവിധായകനെത്തേടിയുള്ള അന്വേഷണമെത്തിച്ചത് ആലപ്പുഴ സ്വദേശിയായ സുനില്‍ പള്ളിപ്പുറത്തിന്റെ അടുക്കലും.
സുനില്‍ ആദ്യമായി സംഗീതം ചെയ്ത സിനിമാഗാനമല്ലിത്. ഉത്തരച്ചെമ്മീന്‍ എന്ന സിനിമയ്ക്കുവേണ്ടിയും അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. ചെമ്മീന്‍ എന്ന പ്രശസ്തമായ ചലച്ചിത്രത്തിന്റെ രണ്ടാംഭാഗമായിട്ടാണ് ഉത്തരച്ചെമ്മീന്‍ ഇറങ്ങിയത്. ചിത്രത്തിന്റെ പരാജയം സിനിമയില്‍ തുടരാന്‍ സുനിലിന് തിരിച്ചടിയായി. എന്നാല്‍ ആല്‍ബങ്ങള്‍ക്കും മറ്റുമായി ആയിരക്കണക്കിന് പാട്ടുകളാണ് അദ്ദേഹം സൃഷ്ടിച്ചത്. കന്നഡ, തമിഴ് ചിത്രങ്ങള്‍ക്കുവേണ്ടി പാടിയിട്ടുമുണ്ട്. യേശുദാസ് ഒഴികെ മലയാളത്തിലെ ഒട്ടുമിക്ക പിന്നണിഗായകരും സുനിലിന്റെ ഈണത്തിനൊപ്പിച്ച് പാടിയവരാണ്.
യേശുദാസിനെക്കൊണ്ട് പാടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ ഗുരുവായ ശിവരാമന്നായരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് തുടര്‍ച്ചയായി മൂന്ന് തവണയാണ് സുനില്‍ സ്വന്തമാക്കിയത്. ഒരിക്കല്‍ യേശുദാസിന്റെ കൈയില്‍നിന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങാനുള്ള സൗഭാഗ്യവും അദ്ദേഹത്തിനുണ്ടായി. കേരള സംഗീതനാടക അക്കാദമിയുടെ എന്റോവ്മെന്റ് പുരസ്കാരവും സുനിലിനെ തേടിയെത്തിയിരുന്നു.
തൃപ്പൂണിത്തുറ ആല്.എല്‍.വിയില്‍നിന്നും ഒന്നാം റാങ്കോടെ ഗാനഭൂഷണം പാസ്സായ സുനില്‍ മലയാളത്തിലെ ആദ്യത്തെ റിയാലിറ്റി ഷോ വിന്നര്‍ കൂടിയാണ്. 1992 ല്‍ ദൂരദര്‍ശനാണ് മികച്ച ഗായകരെ കണ്ടെത്താനായി ആദ്യത്തെ റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. പാട്ടിന്റെ പാലാഴി എന്ന പേരില്‍ സ്റ്റേജ് ഷോകളും അദ്ദേഹം നടത്തിവരുന്നുണ്ട്.
ഗവണ്മെന്റ് എല്‍.പി.എസ്. സ്ക്കൂള് അദ്ധ്യാപികയായ ധന്യയാണ് സുനിലിന്റെ ഭാര്യ. കൃഷ്ണപ്രിയയും കാര്‍ത്തിക് കൃഷ്ണയുമാണ് മക്കള്‍.
Recent Comments