ഒടുവില്‍ സിദ്ദിഖിന് താല്‍ക്കാലിക ആശ്വാസം. യുവനടിയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ നടന് സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേയ്ക്ക് തടഞ്ഞ് സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദിഖിന്റെ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചു. ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. സംസ്ഥാന സര്‍ക്കാരും അതിജീവിതയും സിദ്ദിഖിന്റെ ആവശ്യത്തെ എതിര്‍ത്തെങ്കിലും സിദ്ദിക്ക് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നോട്ടീസ് അയച്ചുകൊണ്ടാണ് സുപ്രീം കോടതി അറസ്റ്റ് തടഞ്ഞത്.
മലയാളത്തിലെ അറിയപ്പെടുന്ന നടനാണ് സിദ്ദിഖെന്നും കേസിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം എവിടെയും ഓടിപ്പോകില്ലെന്ന് സിദ്ദിഖിനുവേണ്ടി ഹാജരായ മുകുള്‍ റോഹത്ഗി വാദിച്ചു. പരാതി വൈകിയതും പരാതിക്കാരി 2019 മുതല്‍ 2022 വരെ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റുകളും ചൂണ്ടിക്കാട്ടിയാണ് മുകുള്‍ വാദിച്ചത്. എന്നാല്‍ അടുത്തിടെ ഹേമ കമ്മിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി മുകുള്‍ റോഹത്ഗിയുടെ വാദത്തെ എതിര്‍ത്തുകൊണ്ട് പറഞ്ഞു. എന്നാല്‍ സിദ്ദിഖിന് ഇടക്കാല സംരക്ഷണം നല്‍കുകയാണെന്ന് കോടതി വിധി പറയുകയായിരുന്നു. സിദ്ദിഖിന്റെ മകന് ഷഹീനും അന്വേഷണ ഉദ്യോഗസ്ഥ മെറിന് ജോസഫും കോടതിയില്‍ ഹാജരായിരുന്നു.
Recent Comments