അടുത്തക്കാലത്ത് തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത രണ്ട് സിനിമകളാണ് പത്മയും, കുമാരിയും. ഈ രണ്ട് സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം വരുന്ന മുഖം നടി സുരഭിലക്ഷ്മിയുടേതായിരിക്കും. മലയാളത്തില്‍ ഇന്ന് തിളങ്ങി നില്ക്കുന്ന താരങ്ങളില്‍ ഒരാള്‍കൂടിയാണ് സുരഭി ലക്ഷ്മി. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ സുരഭി ഏവരുടെയും മനസുകളില്‍ നിറഞ്ഞ് നില്‍ക്കുന്നത് മലബാറിന്റെ സൗന്ദര്യം എന്നറിയപ്പെട്ട ഭാഷാശൈലിയിലൂടെയാണ്. ടെലിവിഷന്‍, നാടക രംഗത്ത് നിന്ന് സിനിമാ ലോകത്തേയ്ക്ക് ചേക്കേറിയ താരം, 2016 ല്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വാങ്ങി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു.
അടുത്തിടെയാണ് നടന് അനൂപ് മേനോന് നിര്‍മ്മിച്ച പത്മ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ഭാര്യാഭര്ത്താക്കന്മാരുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് സുരഭിയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിലും എത്തിയിരുന്നു. പത്മയിലെ സുരഭിയുടെ അഭിനയ മികവ് പ്രേക്ഷകരെ തെല്ലും ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. അനൂപ് മേനോന് കഥ എഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു പത്മ. മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന ചിത്രം പല വീട്ടമ്മമാരെയുമാണ് വരച്ചു കാണിച്ചത്.
ഐശ്വര്യ ലക്ഷ്മിയും ഷൈന്‍ ടോം ചാക്കോയും ഒന്നിച്ച കുമാരിയിലാകട്ടെ ആരും ഇതുവരെ കാണാത്ത മുഖമാണ് സുരഭി ലക്ഷ്മി സമ്മാനിച്ചത്. ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയതോടെയാണ് സുരഭി ലക്ഷ്മി എന്ന നടിയുടെ അഭിനയ പാടവം പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ചാത്തനെ ആരാധിക്കുന്നവളായി എത്തിയ സുരഭി കോഴിക്കോട്ടുകാരിയായിട്ടല്ല, മറിച്ച് കാട്ടില്‍ വസിച്ച് ചാത്തനെ ആരാധിക്കുന്ന ഗോത്ര സ്ത്രീയായിട്ടായിരുന്നു. ആദ്യ കാഴ്ചയില്‍ സുരഭി തന്നെയാണോ എന്ന് തോന്നിപ്പിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ, തന്റെ കോഴിക്കോടന്‍ ഗ്രാമീണ ഭാഷയെ മാറ്റി നിര്‍ത്തി പ്രത്യേകതരം സംസാരരീതി കാഴ്ചവച്ച് തനി ഗോത്രവിഭാഗക്കാരിയായി മാറുകയായിരുന്നു സുരഭി. കണ്ണുകള്‍ വരെ ചിത്രത്തിലെ കഥാപാത്രത്തിന് അനുസരിച്ച് ചലിപ്പിച്ചു എന്നതും ശ്രേദ്ധയമാണ്.
ടൊവിനോ തോമസ് ത്രിപ്പിള്‍ റോളില്‍ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍.
Recent Comments