ദേശീയ പുരസ്കാര ജേതാവാണ് ശരണ്‍ വേണുഗോപാല്‍. നാദിയാ മൊയ്തുവിനെയും ഗാര്‍ഗി അനന്തനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ശരണ്‍ സംവിധാനം ചെയ്ത ഒരു പാതിരാസ്വപ്നംപോലെ എന്ന ഷോര്‍ട്ട് ഫിലിമിനെ തേടിയാണ് ദേശീയ പുരസ്കാരം എത്തിയത്. സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് ശരണ്‍ വേണുഗോപാലിന്റെ ഈ സ്വപ്നതുല്യമായ നേട്ടം.
ഇന്നിതാ, അദ്ദേഹം മറ്റൊരു വിജയസോപാനംകൂടി കടന്നിരിക്കുന്നു. ശരണ്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ഒരു ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് കൊയിലാണ്ടിയില്‍ ആരംഭിച്ചിരിക്കുന്നു. നാരായണീന്റെ മൂന്നാണ്മക്കള് എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ന് രാവിലെയായിരുന്നു പൂജ. അതിന് പിന്നാലെ ഷൂട്ടിംഗും തുടങ്ങി.
നാരായണീയുടെയും അവരുടെ മൂന്ന് ആണ്മക്കളുടെയും കഥ പറയുന്ന സിനിമയാണിത്. ഒരു തികഞ്ഞ ഫാമിലി ഡ്രാമ. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നാരായണിയായി സരസ ബാലുശ്ശേരിയും അവരുടെ മൂന്ന് ആണ്മക്കളായി അലന്‍സിയര്‍ ലോപ്പസും ജോജു ജോര്‍ജും സുരാജ് വെഞ്ഞാറമ്മൂടും അഭിനയിക്കുന്നു. സജിത മഠത്തില്‍, ഷെല്ലി, ഗാര്‍ഗി അനന്തന്, തോമസ് മാത്യു എന്നിവരാണ് മറ്റ് താരങ്ങള്‍.
ഗുവഹാത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെമിനി ഫുക്കാന് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെമിനി ഫുക്കാനാണ് നിര്‍മ്മാതാവ്. രണ്ട് ആസാമീസ് ചിത്രങ്ങള്‍ ഈ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവര്‍ ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചലച്ചിത്രംകൂടിയാണിത്.
അപ്പുപ്രഭാകറാണ് ഛായാഗ്രാഹകന്‍. ജ്യോതി സ്വരൂപ് പാണ്ഡ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഡിക്സണ്‍ പൊഡുത്താസാണ്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം സെബിന് തോമസ്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, കോസ്റ്റിയൂം ധന്യ ബാലകൃഷ്ണന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുകു ദാമോദര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അസ്ലം പുല്ലേപ്പടി. പി.ആര്.ഒ. വാഴൂര്‍ ജോസ്.
കൊയിലാണ്ടിയും കോഴിക്കോടുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മൂന്ന് ദിവസത്തെ ഷൂട്ടിംഗ് ലണ്ടനിലും നടക്കും.
Recent Comments