ജനഗണമനയ്ക്കുശേഷം സുരാജ് വെഞ്ഞാറമ്മൂട് പോലീസ് വേഷം ചെയ്യുന്ന ചിത്രത്തിന് ടൈറ്റില്‍ ആയി- ഹെവന്‍. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ഹെവന്‍. ഇതില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് സുരാജ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് പുറത്തുവിട്ടു. പൃഥ്വിരാജ്, ആസിഫ് അലി, ഗുരു സോമസുന്ദരം, മഞ്ജുവാര്യര്‍, അപര്‍ണ ബാലമുരളി, അനുശ്രീ എന്നിവരുടെ സോഷ്യല്‍മീഡിയ പേജ് വഴിയായിരുന്നു ലോഞ്ച്.
അരൂര്‍ സി.ഐയായ പി.എസ്. സുബ്രഹ്മണ്യന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിട്ട ചില സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഹെവന്റെ കഥ. സിനിമയ്ക്കുവേണ്ടി ചില മാറ്റങ്ങളും തിരക്കഥയില്‍ വരുത്തിയിട്ടുണ്ട്. പി.എസ്. സുബ്രഹ്മണ്യന് തന്നെയാണ് തിരക്കഥയും എഴുതുന്നത്. സംവിധായകന് ഹനീഫ് അദേനിയുടെ കീഴില്‍ സഹായിയായിരുന്ന ഉണ്ണി ഗോവിന്ദരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുരാജിനെ കൂടാതെ അലന്‍സിയര്‍, ജാഫര്‍ ഇടുക്കി, സുധീഷ്, സുദേവ് നായര്‍, വിനയപ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വികൃതി എന്ന സിനിമയ്ക്കുശേഷം കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, രമാ ശ്രീകുമാര്‍, എ. കൃഷ്ണന്, ടി.ആര്. രഘുരാജ് എന്നിവര്‍ ചേര്‍ന്നാണ് ഹെവന്‍ നിര്‍മ്മിക്കുന്നത്.
എറണാകുളത്ത് ചിത്രീകരണം പൂര്‍ത്തിയായ ഹെവന്റെ റീ റിക്കോര്‍ഡിംഗ് നടന്നുവരികയാണ്. ഗോപി സുന്ദറിനാണ് റീ റിക്കോര്‍ഡിംഗിന്റെ ചുമതല. ജൂണില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
Recent Comments