നിലവില്‍ അരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ് പി.എസ്. സുബ്രഹ്മണ്യന്. അദ്ദേഹം ആദ്യമായി ഒരു സിനിമയ്ക്കുവേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ഒരു കുറ്റാന്വേഷണ കഥയാണ്. റീല്‍ ലൈഫില്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. സുരാജിന്റെ പോലീസ് വേഷങ്ങളിലേയ്ക്ക് മറ്റൊരു കരുത്തുറ്റ കഥാപാത്രംകൂടി എത്തുന്നു.
ഇന്ന് രാവിലെയായിരുന്നു ചിത്രത്തിന്റെ പൂജ. എറണാകുളം ഒബ്രോണ് മാളിനടുത്തുള്ള ശിവപാര്‍വ്വതി ക്ഷേത്രത്തില്‍വച്ചായിരുന്നു ചടങ്ങ്. തൊട്ടുപിന്നാലെ ഷൂട്ടിംഗും ആരംഭിച്ചു. സുദേവ് നായരും ആശാ അരവിന്ദും ശ്രീജയും തമ്മിലുള്ള രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. സുരാജ് 20 ന് ജോയിന്‍ ചെയ്യും. എറണാകുളമാണ് പ്രധാന ലൊക്കേഷന്‍.
സുരാജിനെ കൂടാതെ അലന്‍സിയര്‍, സുധീഷ്, ജാഫര്‍ ഇടുക്കി, സുദേവ് നായര്‍, ചെമ്പില്‍ അശോകന്, പത്മരാജ് രതീഷ്, ദീപക് പറമ്പോള്‍, ശ്രുതി ജയന്, വിനയപ്രസാദ്, ആശാ അരവിന്ദ്, രശ്മി ഗോപന്, അഭിജ ശിവകല തുടങ്ങിയവരും താരനിരയിലുണ്ട്.
നവാഗതനായ ഉണ്ണി ഗോവിന്ദരാജാണ് സംവിധായകന്. മിഖായേല്‍, അബ്രഹാമിന്റെ സന്തതികള്‍, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായിട്ടാണ് ഉണ്ണി ഗോവിന്ദരാജ് ആദ്യ ചലച്ചിത്രം സംവിധാനം ചെയ്യാനെത്തുന്നത്.
Cut 2 Create Pictures ന്റെ ബാനറില്‍ എ.ഡി. ശ്രീകുമാര്‍, രമാ ശ്രീകുമാര്‍, കെ. കൃഷ്ണന്, ടി.ആര്. രഘുരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന് ഗോപീസുന്ദറാണ്. ടോബി ജോണ്‍ എഡിറ്റിംഗും സുജിത്ത് മട്ടന്നൂര്‍ വസ്ത്രാലങ്കാരവും ജിത്തു മേക്കപ്പും അപ്പുണ്ണി സാജന് കലാ സംവിധാനവും നിര്‍വ്വഹിക്കുന്നു. സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി.
Recent Comments