രജനികാന്തിന്റെ ജയിലറിനു ശേഷം വിനായകന്റെ ആദ്യ സിനിമ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം. ‘തെക്ക് വടക്ക്’ എന്നു പേരിട്ട സിനിമയുടെ പൂജ പാലക്കാട് പുത്തൂര്‍ ശ്രീതിരുപുരായ്ക്കല് ദേവിക്ഷേത്രത്തില്‍ നടന്നു. പ്രശസ്ത പരസ്യ സംവിധായകന് പ്രേംശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്. മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്തിനു ശേഷം എസ്. ഹരീഷാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഹരീഷിന്റെ തന്നെ ‘രാത്രികാവല്‍’ എന്ന കഥയില്‍ നിന്നാണ് സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്.
മിന്നല്‍ മുരളി- ആര്‍ഡിഎക്സ് സിനിമകളുടെ സഹ നിര്‍മ്മാതാവായ അന്‍ജന ഫിലിപ്പിന്റെ അന്‍ജന ടാക്കീസും പരസ്യ- സിനിമാ സംവിധായകന് വി.എ. ശ്രീകുമാറിന്റെ വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിര്‍മ്മിക്കുന്നത്. വിക്രം വേദ, കൈതി, ഒടിയന്, ആര്‍ഡിഎക്സ് സിനിമകളിലൂടെ പ്രശസ്തനായ സാം സി.എസിന്റേതാണ് സംഗീതം.
പേരറിയാത്തവര്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമ്മൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്ക്കാരം നേടിയ വിനായകനും ആദ്യമായി ഒരുമിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. രണ്ട് വ്യക്തികളും അവരുടെ അസാധാരണമായ ബന്ധവുമാണ് ഈ സിനിമയുടെ പ്രമേയം.
അതുല്യമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകപ്രശംസ നേടിയവരാണ്. ഇവര്‍ ഒന്നിക്കുന്ന സിനിമയുടെ കഥയെ പറ്റി അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കുന്നില്ല.
അന്‍ജന- വാര്‍സ് സംയുക്ത നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ച കഥയാണ് കാര്യം എന്ന പരമ്പരയിലെ ആദ്യ സിനിമയാണ് തെക്ക് വടക്ക്. സാഹിത്യം, നടന്ന സംഭവങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി അഞ്ചു സിനിമകളാണ് ചിത്രീകരണത്തിനായി ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് അന്‍ജന ഫിലിപ്പ് പറഞ്ഞു.
മലയാള സിനിമയിലെ രണ്ട് അതുല്യ പ്രതിഭകളാണ് തെക്ക് വടക്കിലൂടെ സ്ക്രീനില്‍ ഒന്നിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിക്കുന്നു എന്നത് ഏറെ ആകാംഷ ഉയര്‍ത്തുന്നതാണ്. ചിരിയുടെ പരിസരത്താണ് ഇവരുടെ കഥാപാത്രങ്ങള്‍ എന്നത് പ്രേക്ഷകര്‍ക്ക് മികച്ച അനുഭവം നല്‍കും- നിര്‍മ്മാതാവ് വി.എ ശ്രീകുമാര്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ നിന്നുള്ള മലയാളി സംരംഭകന് സന്തോഷ് കോട്ടായിയും നിര്‍മ്മാണ പങ്കാളിയാണ്.
പൂജാ ചടങ്ങില്‍ വിനായകന്, സുരാജ് വെഞ്ഞാറമ്മൂട്, വി.എ ശ്രീകുമാര്‍, അന്‍ജന ഫിലിപ്പ്, ഫിലിപ്പ് സക്കറിയ, പ്രേം ശങ്കര്‍, എസ്. ഹരീഷ് എന്നിവര്‍ പങ്കെടുത്തു. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് പാലക്കാട്ട് ആരംഭിക്കും.
Recent Comments