‘ഗരുഡ’ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിറകെ സുരേഷ് ഗോപി ബാംഗ്ലൂരിലേയ്ക്ക് ഫ്ളൈറ്റ് കയറി. അതിനുമുന്നേ ഭാര്യ രാധികയും മക്കളായ മാധവും ഭാഗ്യയും ഭവ്നിയും ബാംഗ്ലൂരില്‍ എത്തിയിരുന്നു. മൂകാംബികയിലേയ്ക്ക് പോകാന്‍ അവര്‍ നേരത്തേ പ്ലാന്‍ ചെയ്തിരുന്നു.സുരേഷ് ഗോപിയുടെയും ഭാര്യയുടെയും പേരില്‍ ബുക്ക് ചെയ്തിരുന്ന നവചണ്ഡികാഹോമത്തില് പങ്കുകൊള്ളാനായിരുന്നു അത്.
കേരളത്തില്‍നിന്ന് മംഗലാപുരത്തേയ്ക്ക് നേരിട്ട് ഫ്ളൈറ്റുകളൊന്നുമില്ല. അതുകൊണ്ട് ബാംഗ്ലൂരിലിറങ്ങി. അവിടുന്ന് മംഗലാപുരത്തേയ്ക്ക് ഫ്ളൈറ്റില്‍ എത്താനായിരുന്നു പദ്ധതി. നിര്‍ഭാഗ്യവശാല്‍ ഭവ്നിക്ക് അവര്‍ക്കൊപ്പം കൂടാനായില്ല. ഭവ്നി ഇല്ലാതെയാണ് അവര്‍ മംഗലാപുരത്തെത്തിയത്. ഈ സമയം ഗോകുല്‍ എറണാകുളത്തുനിന്ന് കാര്‍ മാര്‍ഗ്ഗം മംഗലാപുരത്തെത്തിയിരുന്നു. പിന്നീട് എല്ലാവരും ഒരുമിച്ചായിരുന്നു മൂകാംബികയിലേയ്ക്കുള്ള യാത്ര.
യാത്രാമദ്ധ്യേ ഉഡുപ്പി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ ഇറങ്ങി. ഇത്തവണ ദര്‍ശനം ഗംഭീരമായിരുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഉഡുപ്പി ക്ഷേത്രദര്‍ശനം കഴിഞ്ഞ് അന്നവര്‍ അവിടെ തങ്ങി.
പിറ്റേന്ന് രാവിലെ മൂകാംബികയിലേയ്ക്ക് പോയി. പോകുന്ന വഴി ആനൈഗുഡെ ഗണപതി ക്ഷേത്രത്തിലും കുംഭാസി സിദ്ധി വിനായക ക്ഷേത്രത്തിലും ദര്‍ശനം നടത്തി. വലിയ ഗോശാലകളുള്ള ക്ഷേത്രങ്ങളായിരുന്നു ഇവ രണ്ടും. ഉച്ചയോടെ മുകാംബികയിലെത്തി. നീണ്ട നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയും കുടുംബവും അമ്മയുടെ അടുക്കല്‍ എത്തുന്നത്. വൈകുന്നേരം പൂജയില്‍ സകുടുംബം പങ്കുചേര്‍ന്നു. പിറ്റേന്ന് രാവിലെയാണ് ചണ്ഡികാഹോമം അവസാനിച്ചത്. നരസിംഹ അഡിഗയുടെ നേതൃത്വത്തിലായിരുന്നു ഹോമം. സുബ്രഹ്മണ്യ അഡിഗയും സന്നിഹിതനായിരുന്നു. പൂജകര്ക്ക് ദക്ഷിണയും ബ്രാഹ്മണര്‍ക്ക് വസ്ത്രാധികളും സമ്മാനിച്ച് അവര്‍ ഹോമപ്പുരയില്നിന്ന് പുറത്തിറങ്ങി. പിന്നാലെ അമ്മയെ ഒരിക്കല്‍കൂടി തൊഴുത് പുറത്തിറങ്ങി.
അമ്മയുടെ സവിധത്തില്‍ വിശ്രമിക്കുന്നതിനിടെ അവിടെ ഭജനം ഇരിക്കണം എന്നൊരു ഉള്‍വിളിയുണ്ടായി. അമ്മ തന്നെ അത് തോന്നിപ്പിച്ചുവെന്നാണ് സുരേഷ്ഗോപി അതിനെക്കുറിച്ച് പറഞ്ഞത്. അതിനുവേണ്ടി വീണ്ടും അമ്മയുടെ അടുക്കല്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മകന് ഗോകുലിന്റെ പേരില്‍ അടുത്ത വര്‍ഷത്തേയ്ക്ക് നവചണ്ഡികാ ഹോമം ശീട്ടാക്കുന്നതിനുള്ള ഡേറ്റുകളും തിരഞ്ഞിരുന്നു.
മൂകാംബികയില്‍നിന്ന് നേരെ മഞ്ചേരിയിലാണ് എത്തിയത്. അനുജന് സുഭാഷിന്റെ ബന്ധുവിന്റെ ഒരു കല്യാണച്ചടങ്ങില്‍ പങ്കെടുത്തു. അതിനുശേഷം കാളീക്കാവ് ക്ഷേത്രത്തിലും എത്തി. മുമ്പ് അവിടെ സുരേഷ് ഗോപി ദര്‍ശനത്തിന് വന്നിട്ടുണ്ട്. അന്ന് ക്ഷേത്രത്തിന്റെ ജീര്‍ണ്ണാവസ്ഥ കണ്ടിട്ട് പുനരുദ്ധാരണത്തിന് മുന്‍കൈ എടുത്തത് സുരേഷ് ഗോപിയായിരുന്നു. വെള്ളാണിയില്നിന്ന് നൂറ് വര്‍ഷം പഴക്കമുള്ള ആഞ്ഞിലിമരം അറുത്ത് ഉരുപ്പടികളായിട്ട് ഇവിടെ കൊണ്ടുവരികയായിരുന്നു. ശ്രീകോവിലിന്റെ പണികള്‍ ഇവിടെ പുരോഗമിക്കുകയാണ്. അതുകൂടി കാണാനായിട്ടാണ് സുരേഷ് ഗോപി കാളീക്കാവില് എത്തിയത്.
വൈകുന്നേരം ഷൊര്‍ണ്ണൂരില്‍ എത്തി കുടുംബത്തോടൊപ്പം വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തേയ്ക്ക് മടങ്ങി.
Recent Comments