ഇന്നലെയാണ് നടന് സുരേഷ് ഗോപി ഡെല്‍ഹിയില്‍ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു അത്. ഭാര്യ രാധിക, മകള്‍ ഭാഗ്യ, സഹോദരന് സുഭാഷ് ഗോപി, സുഭാഷിന്റെ ഭാര്യ റാണി എന്നിവരും ഒപ്പമുണ്ടായിരുന്നു. രാവിലെ 11.45 നായിരുന്നു കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍ മോദിക്ക് അത്യാവശ്യമായി രാജസ്ഥാന്വരെ പോകേണ്ടി വന്നതിനാല്‍ കൂടിക്കാഴ്ച വൈകുന്നേരം 4.10 ലേയ്ക്ക് മാറ്റുകയായിരുന്നു.
തൃശൂരില്‍ സൂരേഷ് ഗോപി നടത്തിയ പദയാത്രയുടെ വിവരങ്ങളും ദൃശ്യങ്ങളും മോദി കണ്ടിരുന്നു. അതിന്റടിസ്ഥാനത്തില്‍ കൂടിയാണ് സുരേഷിനെ ഡെല്‍ഹിയിലേയ്ക്ക് അടിയന്തിരമായി വിളിപ്പിച്ചത്. സുരേഷിന്റെ പദയാത്രയെ അദ്ദേഹം അഭിനന്ദിച്ചു. മറ്റൊരു നേതാവിനും ഇത്രമാത്രം വിജയകരമായി നടത്താനാകാത്ത പദയാത്രയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ സുരേഷ് ഗോപി നടത്തുന്ന ഇടപെടലുകള്‍ തന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയില്‍ ചെന്ന് സത്യജിത്ത് റായി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പദവി സ്വീകരിച്ചശേഷം കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പഠിക്കണമെന്നും അതിന്റടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും മോദി ആവശ്യപ്പെട്ടു.
പിന്നീട് സംസാരം കുടുംബവിശേഷങ്ങളിലേയ്ക്ക് കടന്നു. വിവാഹിതയാകാന്‍ പോകുന്ന സുരേഷിന്റെ മകള്‍ ഭാഗ്യ മോദിയുടെ പാദത്തില്‍ നെറ്റി തൊട്ട് അനുഗ്രഹം തേടി. മോദി വിവാഹ മംഗളാശംസകള്‍ നേര്‍ന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയും അദ്ദേഹം നല്കി. രാധികയോട് ഭര്‍ത്താവിന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മോദി ഉപദേശിച്ചു.
കാനഡയില്‍വച്ച് മരണപ്പെട്ട ഒരു മലയാളിയുടെ ഭൗതികശരീരം കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതില്‍ ചില തടങ്ങളുണ്ടെന്ന് സംസാരമധ്യേ സുരേഷ് ഗോപി പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ കാനഡയിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് ഒരു ഫോണ്‍കോള്‍ സുരേഷ് ഗോപിയെ തേടിയെത്തി. മരണപ്പെട്ട ആളുടെ മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ടുവരാനുള്ള അനുമതി പൂര്‍ത്തിയായതായി അവര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതെന്നും അവര്‍ അറിയിച്ചു.
പതിനഞ്ച് മിനിറ്റാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതെങ്കിലും അരമണിക്കൂറിലേറെ അത് നീണ്ടു. താമരയുടെ മാതൃകയിലുള്ള ആറന്മുള കണ്ണാടി രാധികയും ഭാഗ്യയും ചേര്‍ന്ന് മോദിക്ക് സമ്മാനിച്ചു.
Recent Comments