സ്റ്റില്‍ അസിസ്റ്റന്റായി സിനിമയില്‍ അരേങ്ങേറ്റം കുറിച്ച് പിന്നീട് പ്രൊഡക്ഷന്‍ മാനേജരും എക്സിക്യൂട്ടീവും കണ്ട്രോളറും നിര്‍മ്മാതാവുമൊക്കെയായി തീര്‍ന്ന വൈക്കം ഗിരീഷിന് ഇത് പുതിയ നിയോഗം. അദ്ദേഹം സംവിധാന മേലങ്കി കൂടി അണിഞ്ഞിരിക്കുന്നു. ഗിരീഷ് സംവിധാനം ചെയ്യുന്ന ദി ഡാര്‍ക്ക് വെബ്ബിന്റെ ചിത്രീകരണം ഇപ്പോള്‍ അതിരപ്പള്ളിയില്‍ പുരോഗമിക്കുകയാണ്. ഈ ചുവടുമാറ്റത്തിന് പിന്നില്‍ സുരേഷ് ഗോപിയുടെ വാക്കുകളാണ് പ്രചോദനമായതെന്ന് വൈക്കം ഗിരീഷ് കാന്‍ ചാനലിനോട് പറഞ്ഞു.
‘ജയറാമിന്റെ മകളുടെ കല്യാണത്തിന് തൃശൂര്‍ ലുലു കണ്വെന്ഷന് സെന്ററിലെത്തിയതായിരുന്നു ഞാനും. സദ്യ കഴിഞ്ഞ് കൈ കഴുകാനെത്തുമ്പോള് സുരേഷേട്ടനും ഭാര്യ രാധികയും അവിടെയുണ്ടായിരുന്നു. സുരേഷേട്ടന് എന്നോട് ക്ഷേമാന്വേഷണം നടത്തി. കുറച്ചുകാലമായി സിനിമയില്‍ സജീവമല്ലാത്തിന്റെ നിരാശ ഞാന്‍ മറച്ചുവച്ചില്ല. ആ സമയം അദ്ദേഹം എന്നോട് ലീലാ കൃഷ്ണന് നായരുടെയും കെന്റൂസ്കിയുടെയും (കെ.എഫ്.സിയുടെ ഉടമ) വളര്‍ച്ചയെക്കുറിച്ച് പറഞ്ഞു. അവര്‍ വിജയം കൈയെത്തിപ്പിടിച്ചത് പ്രായം ഏറെ ചെന്നിട്ടാണെന്ന് കൂട്ടിച്ചേര്‍ത്തു. ഞാന്‍ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടുനിന്നു. മറുപടി പറയാന്പോലുമായില്ല. വല്ലാത്ത ആകര്‍ഷണമുണ്ടായിരുന്നു സുരേേഷട്ടന്റെ വാക്കുകള്‍ക്ക്. എല്ലാം ശരിയാകും എന്നൊരു പ്രതീക്ഷകൂടി സമ്മാനിച്ചാണ് അദ്ദേഹം നടന്നുനീങ്ങിയത്.’
‘മാസങ്ങള്‍ക്കിപ്പുറം ഏറ്റവും അവിചാരിതമായി ദി ഡാര്‍ക്ക് വെബ്ബിന്റെ ഭാഗമാകാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്നെ സമീപിക്കുമ്പോള്‍ ഇങ്ങനെയൊരു നിയോഗം വന്നുചേരുമെന്ന് സ്വപ്നത്തില്‍പോലും പ്രതീക്ഷിച്ചിരുന്നതല്ല. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അവരുടെ ക്ഷണം സ്വീകരിക്കുമ്പോള്‍ സുരേഷേട്ടന് പറഞ്ഞ വാക്കുകളാണ് ഓര്‍മ്മയില്‍ എത്തിയത്.’
‘ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ തടസ്സങ്ങള്‍ ഉണ്ടായി. പ്രധാന നായിക ഷൂട്ടിംഗില്‍ പങ്കെടുക്കാതെ മടങ്ങി. പിന്നീട് ഒരു പുതിയ നായികയെ കണ്ടെത്തുകയായിരുന്നു. വീണ്ടും ആദ്യം മുതല്‍ ചിത്രീകരണം ആരംഭിക്കേണ്ടിവന്നു. പൊന്മുടി, വാഗമണ്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ചിത്രീകരണം നടന്നശേഷമാണ് ആതിരപ്പള്ളിയിലേയ്ക്ക് എത്തിയത്. ഹൈദരാബാദിലും ചിത്രത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനുണ്ട്.’
‘പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ചെയ്യുന്ന ചിത്രമാണ്. ഒരു ആക്ഷന്‍ ചിത്രം. ട്രൂ പാലറ്റ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെയിംസ് ബ്രൈറ്റാണ് തിരക്കഥാകൃത്ത്.’ ഗിരീഷ് പറഞ്ഞുനിര്‍ത്തി.
Recent Comments