സൂര്യ ടി.വിയില്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ‘അഞ്ചിനോട് ഇഞ്ചോടിഞ്ച്’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗാന്ധിഭവനിലെ ജീവനക്കാരികൂടിയായ ശ്രീദേവി. പരിപാടിക്കിടെ സുരേഷ്ഗോപിയോടുള്ള അവരുടെ അഭ്യര്‍ത്ഥനയായിരുന്നു ഗാന്ധിഭവന് സന്ദര്‍ശിക്കണമെന്നുള്ളത്. വരാമെന്ന് അന്നദ്ദേഹം വാക്ക് നല്‍കുകയും ചെയ്തു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 30-ാം തീയതി സുരേഷ്ഗോപി ഗാന്ധിഭവനിലെത്തി. ശ്രീദേവിയെ മാത്രമല്ല, അവിടത്തെ അന്തേവാസികളെയെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. അവരുടെ ക്ഷേമവിവരങ്ങള്‍ തിരക്കി. ഇതിനിടയിലായിരുന്നു ജയലക്ഷ്മിയുടെ വരവ്.
ജയലക്ഷ്മി പത്തനാപുരം സ്വദേശിയാണ്. സുരേഷ്ഗോപി ഗാന്ധിഭവനില്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് വന്നതാണ്. വീട്ടില്‍ സ്വന്തമായി ഒരു ജൈവ തോട്ടംതന്നെ പരിപാലിച്ച് വളര്‍ത്തുന്നുണ്ട് ജയലക്ഷ്മി. ഒരിക്കല്‍ തന്റെ സ്വപ്നം പങ്കുവച്ച് ജയലക്ഷ്മി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു കത്ത് എഴുതുകയും ചെയ്തു. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിയുടെ മറുപടിയും എത്തി. ആ കത്തുമായിട്ടാണ് ജയലക്ഷ്മി എത്തിയത്.
അവിടെവച്ച് സുരേഷ്ഗോപി ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് ആദരിച്ച് അനുഗ്രഹിച്ചു. ജയലക്ഷ്മിക്ക് പ്രധാനമന്ത്രി എഴുതിയ കത്ത് ഉച്ചത്തില്‍ വായിക്കുകയും ചെയ്തു. അപ്പോഴാണ് ജയലക്ഷ്മി കൊണ്ടുവന്ന രണ്ട് ചെടികള്‍ സുരേഷ്ഗോപിയുടെ ശ്രദ്ധയില്‍ പെട്ടത്. ഒന്ന് പേരയും മറ്റേത് മാവിന്തൈയുമായിരുന്നു. അത് പ്രധാനമന്ത്രിക്ക് കൊടുക്കണമെന്ന് ജയലക്ഷ്മിയുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ പറഞ്ഞില്ല. എന്നാല്‍ ജയലക്ഷ്മിയുടെ മനസ്സ് വായിച്ചെടുത്തിട്ടെന്നപോലെ ആ വേദിയില്‍വച്ച് സുരേഷ്ഗോപി പറഞ്ഞു. അടുത്ത ദിവസം ഞാന്‍ ഡെല്‍ഹിയിലേയ്ക്ക് പോകുന്നുണ്ട്. കഴിയുമെങ്കില്‍ ഞാനത് പ്രധാനമന്ത്രിക്ക് നല്‍കും. സുരേഷ്ഗോപിയുടെ വാക്കുകളെ ജയലക്ഷ്മിയും ഹൃദയത്തോട് ചേര്‍ത്തുവച്ചു.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ന് രാവിലെ സുരേഷ്ഗോപി തന്റെ ഫെയ്സ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് പേരമരം കൈമാറുന്ന ചിത്രം. അതിന്റെ ചുവടെ ഇങ്ങനെകൂടി കുറിച്ചിട്ടുണ്ടായിരുന്നു. പത്തനാപുരത്തുനിന്ന് ഒരു കുഞ്ഞ് കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് അത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്. ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശം.
താന്‍ വെറുംവാക്ക് പറയാറില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ് സുരേഷ്ഗോപി. തന്റെ പേരമരം പ്രധാനമന്ത്രിയുടെ അടുക്കലെത്തിയതെന്ന സന്തോഷത്തിലാണ് ജയലക്ഷ്മിയും.
Recent Comments