രണ്ടായിരത്തിയാറ് അവസാനമോ രണ്ടായിരത്തി ഏഴിലോ ആണ് ഞാന്‍ ആദ്യമായി ക്രിസോസ്റ്റം തിരുമേനിയെ കാണുന്നത്. അമ്മുമ്മയെ (ആറന്മുള പൊന്നമ്മ) കാണാന്‍ അദ്ദേഹം തിരുവനന്തപുരത്തെ എന്റെ വീട്ടിലെത്തിയതായിരുന്നു. അമ്മൂമ്മയും ക്രിസോസ്റ്റം തിരുമേനിയും ഒരുമിച്ച് പഠിച്ചവരാണ്.
തിരുമേനി, ഒരിക്കല്‍ അമ്മൂമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ എന്റെ വീട്ടിലാണ് താമസമെന്നറിഞ്ഞു. ഞാനാണവരുടെ കൊച്ചുമോളെ വിവാഹം കഴിച്ചിരിക്കുന്നതെന്ന് അപ്പോഴാണ് തിരുമേനി അറിയുന്നത്. അരമനയില്‍നിന്ന് എന്റെ വീട്ടിലേയ്ക്ക് ഫോണ്‍ വന്നിരുന്നു. ക്രിസോസ്റ്റം തിരുമേനി വരുന്നുണ്ടെന്നും അമ്മൂമ്മയെ കാണാനുള്ള വരവാണെന്നും പറഞ്ഞു.
വീട്ടിലെത്തിയപ്പോള്‍ അരമനയില്‍നിന്ന് വിളിച്ച് അനുവാദം വാങ്ങിയിരുന്നല്ലോ എന്നാണ് തിരുമേനി ആദ്യം ചോദിച്ചത്. ‘അതിന്റെ ആവശ്യമില്ല, അങ്ങേയ്ക്ക് എപ്പോള്‍ വേണമെങ്കിലും ഇവിടേയ്ക്ക് വരാമെന്ന്’ ഞാന്‍ പറഞ്ഞു.
അതിനുശേഷം പലതവണ തിരുമേനി ഇവിടെ വന്നിട്ടുണ്ട്. ഒരിക്കല്‍ എന്റെ കാറിലിരുത്തി അദ്ദേഹത്തെ പട്ടണം മുഴുവനും കാണിച്ചു കൊടുത്തത് ഞാനാണ്. അന്ന് പലയിടത്തും അദ്ദേഹത്തിന് പോകാനുണ്ടായിരുന്നു. അവിടെയെല്ലാം ഞാനദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ കാര്‍ ഞങ്ങളെ തൊട്ടുപിന്നില്‍ അനുഗമിക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും പോയി കഴിഞ്ഞപ്പോള്‍ ആറന്മുളവരെ കൊണ്ടുവിടട്ടേയെന്ന് അദ്ദേഹത്തോട് അന്വേഷിച്ചു. വേണ്ട, ഞാന്‍ പൊയ്ക്കൊള്ളാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിനീതമായ മറുപടി.
അതിനുശേഷം മമ്മൂട്ടിയെ കണ്ടപ്പോള്‍ തിരുമേനി പറഞ്ഞു, ‘എന്റെ ഡ്രൈവര്‍ വളരെ എക്സ്പെന്‍സീവാണ്. ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നൊരാള്‍.’ അത് കേട്ട് മമ്മൂട്ടി ചിരിച്ചപ്പോള്‍ പിതാവ് തുടര്‍ന്നു. ‘എന്റെ ഡ്രൈവര്‍ സുരേഷ്ഗോപിയാണ്.’
അമ്മൂമ്മ മരിച്ചപ്പോഴും തിരുമേനി വീട്ടില്‍ വന്നിരുന്നു. മൂന്ന് മണിക്കൂറോളം മൃതദേഹത്തിന്റെ അരികെതന്നെ ഇരുന്നു.
ഞാന്‍ ലോകസഭയിലേയ്ക്ക് മത്സരിക്കാന്‍ പോകുന്നതിനുമുമ്പ് തിരുമേനിയെ പോയി കണ്ടിരുന്നു. അദ്ദേഹത്തിന്റെ രണ്ട് കരങ്ങളും ഗ്രഹിച്ച് അനുഗ്രഹം വാങ്ങി. അദ്ദേഹവും എന്റെ കരങ്ങളെ പുണര്‍ന്ന് പ്രാര്‍ത്ഥിച്ചു.
ഭക്ഷണപ്രിയനാണ് അദ്ദേഹം. ആഹാരം ആസ്വദിച്ചാണ് കഴിക്കുന്നത്. ഒരിക്കല്‍ ഇവിടെവന്ന് ഭക്ഷണം കഴിച്ച് എഴുന്നേല്ക്കാന് തുടങ്ങുകയായിരുന്നു. ആ സമയം പായസം കഴിച്ചിട്ടുണ്ടായിരുന്നില്ല. കൈ കഴുകിയിട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തടുത്തു. എന്നിട്ട് അദ്ദേഹത്തിന്റെ കൈകള്‍ ടവ്വലില്‍ തുടച്ചെടുത്തു. പായസം കോരിത്തരട്ടേ എന്ന് ചോദിച്ചു. അദ്ദേഹം തലയാട്ടി. ബോളിയിലേക്ക് പ്രഥമന്‍ പകര്‍ന്ന് അത് കുഴച്ച് ഞാനദ്ദേഹത്തിന്റെ വായിലേയ്ക്ക് വച്ചുകൊടുത്തു. മടിയേതും കൂടാതെ അദ്ദേഹം കഴിച്ചു. ‘സുരേഷ് ഗോപിക്ക് പ്രായമാകുമ്പോള്‍ ഭാര്യയോ മകനോ ആയിരിക്കും ഇതുപോലെ വാരിത്തരാനുണ്ടാവുക. എനിക്ക് പക്ഷേ അങ്ങനെയാരും ഇല്ലല്ലോ. ഇപ്പോള്‍ സുരേഷ്ഗോപിയും എനിക്ക് മകനായിരിക്കുന്നു’ എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് എനിക്ക് കാണാമായിരുന്നു. ആ കണ്ണിലെ തിളക്കവും ഞാന്‍ കണ്ടു. ഇന്നും ആ കാഴ്ച എന്റെ കണ്ണുകളില്‍നിന്ന് മാഞ്ഞിട്ടില്ല.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി നമ്മളില്‍നിന്ന് ഓര്‍മ്മയാകുമ്പോള്‍ പ്രാര്‍ത്ഥനയോടെ ഒരു നിമിഷം തല കുമ്പിട്ട് നില്‍ക്കാനേ എനിക്കും കഴിയൂ.
Recent Comments