സനല്‍ വി. ദേവന് സംവിധാനം ചെയ്യുന്ന വരാഹത്തിന്റെ ഡബ്ബിംഗില്‍ പങ്കെടുക്കാന്‍ കൂടിയാണ് സുരേഷ് ഗോപി എറണാകുളത്ത് എത്തിയത്. ഇതിനോടകം മറ്റ് ആര്‍ട്ടിസ്റ്റുകളെല്ലാം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ബുധനാഴ്ചയാണ് ഡബ്ബിംഗിനായി സുരേഷ് ഗോപി വിസ്മയ സ്റ്റുഡിയോയില്‍ എത്തിയത്. അതിരാവിലെ ഡബ്ബ് ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. രാവിലെ 5 മണിക്ക് ഡബ്ബിംഗ് തുടങ്ങിയിട്ടുള്ള സന്ദര്‍ഭങ്ങളും ഉണ്ട്. ഇത്തവണ അല്‍പ്പം വൈകി ആറരയ്ക്കാണ് സ്റ്റുഡിയോയില്‍ എത്തിയത്. മൂന്നോ നാലോ മണിക്കൂറുകള്‍ അദ്ദേഹം ഡബ്ബിംഗിനായി ചെലവഴിക്കാറുണ്ട്. ഇന്ന് ഉച്ചയോടെ ഡബ്ബിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. രാവിലെ പ്രൈമം മിനിസ്റ്ററുടെ ഓഫീസില്‍നിന്ന് സുരേഷ് ഗോപിക്ക് ഒരു കോള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി കന്യാകുമാരിയിലേയ്ക്ക് പോകുമെന്നായിരുന്നു വിവരം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് അടിയന്തിരമായി എത്തണമെന്ന നിര്‍ദ്ദേശവും ഉണ്ടായി.
‘വരാഹ’ത്തിന്റെ ക്ലൈമാക്സ് റീല്‍ ഒഴിവാക്കി സുരേഷ് ഗോപി ഉച്ചയോടെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയും ചെയ്തു.
ഇലക്ഷന് റിസള്‍ട്ടിന് മുന്നോടിയായി ഡബ്ബിംഗ് പൂര്‍ത്തിയാക്കുമെന്നാണ് നിര്‍മ്മാതാവ് സഞ്ജയ് പടിയൂര്‍ കാന്‍ ചാനലിനോട് പറഞ്ഞത്. ‘ജൂണ്‍ 2 ന് സുരേഷേട്ടന് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഡബ്ബിംഗ് പൂര്‍ത്തിയാക്കി 3-ാം തീയതി അദ്ദേഹം തൃശൂരിലേയ്ക്ക് മടങ്ങും. വരാഹത്തിന്റെ മറ്റു വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കി ഫസ്റ്റ് കോപ്പി ആക്കാനുള്ള ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ബക്രീദിനോടനുബന്ധിച്ച് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. മഴയെത്തുടര്‍ന്ന് ജൂലൈയിലേയ്ക്ക് റിലീസ് മാറ്റിയിട്ടുണ്ട്.’ സഞ്ജയ് പടിയൂര്‍ പറഞ്ഞു.
Recent Comments