അന്തരിച്ച നടന് കുണ്ടറ ജോണിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സുരേഷ് ഗോപി കുണ്ടറയിലെ വീട്ടിലെത്തി. രാത്രി പത്ത് മണിയോടെയാണ് അദ്ദേഹം എത്തിയത്. സംസ്കാര ചടങ്ങുകള്‍ നാലര മണിയോടെ കാഞ്ഞിരക്കോട് സെന്റ് ആന്റണീസ് ചര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. അതില്‍ പങ്കുകൊള്ളാന്‍ സുരേഷ് ഗോപി ആഗ്രഹിച്ചിരുന്നു. പക്ഷേ ‘ഗരുഡന്റെ’ പ്രൊമോഷന് പരിപാടികള്‍ പ്ലാന്‍ ചെയ്തിരുന്നത് ഇന്ന് തന്നെയായിരുന്നു. അതിനുവേണ്ടി അതിലെ അഭിനേതാക്കളുടെ ഡേറ്റുകളെല്ലാം ബ്ലോക്ക് ചെയ്തിരുന്നതാണ്. അതുകൊണ്ടുതന്നെ ആ പരിപാടി ഒരു തരത്തിലും ഒഴിവാക്കാനാകുമായിരുന്നില്ല.
അഞ്ച് മണിക്ക് തന്നെ പ്രൊമോഷന് പരിപാടികള്‍ പൂര്‍ത്തിയാക്കി സുരേഷ് ഗോപി എറണാകുളത്തുനിന്ന് കുണ്ടറയിലേയ്ക്ക് തിരിക്കുകയായിരുന്നു.
രാത്രി വൈകിയാണ് അദ്ദേഹം കുണ്ടറ ജോണിയുടെ വീട്ടിലെത്തിയത്. പ്രിയതമന്റെ വേര്‍പാടില്‍ കരഞ്ഞ് കണ്ണീര് വറ്റിയ സ്റ്റെല്ല ടീച്ചറെ സുരേഷ് ഗോപി ആശ്വസിപ്പിച്ചു. മക്കളെയും ആശ്വസിപ്പിച്ചു. അരമണിക്കൂര്‍ അവിടെ ചെലവഴിച്ചിട്ടാണ് അദ്ദേഹം തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയത്.
കുറേയേറെ ചിത്രങ്ങളില്‍ സുരേഷ് ഗോപിയും കുണ്ടറ ജോണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമാ സൗഹൃദത്തിനപ്പുറം ആത്മമിത്രങ്ങളുമായിരുന്നു. ജന്മംകൊണ്ട് കൊല്ലത്തുകാരാണെന്നുള്ള പരിഗണനയും ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു.
വൈകുന്നേരം സെന്റ് ആന്റണീസ് ചര്‍ച്ചില്‍ നടന്ന സംസ്കാര ശുശ്രൂഷ ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ നടന്മാരായ ബൈജു സന്തോഷും അപ്പാ ഹാജയും എത്തിയിരുന്നു. കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റും, എം.എല്‍.എ നൗഷാദും കൊല്ലം പൗരാവലിയെ പ്രതിനിധീകരിച്ച് എത്തിയവരില്‍ പ്രധാനികളായിരുന്നു.
Recent Comments