പാര്‍ലമെന്റിനടുത്തുള്ള സ്വര്‍ണ്ണജയന്തി സദന് ഡീലക്സിലെ ഔദ്യോഗിക വസതിയില്‍നിന്ന് സുരേഷ്ഗോപി തന്റെ കട്ടിലും മെത്തയും തലയിണയും പൂജാമുറിതന്നെയും ജൂണ്‍ 20 തിങ്കളാഴ്ച പാഴ്സല്‍ ചെയ്തത് തൃശൂരില്‍ അദ്ദേഹം എത്തിയാല്‍ താമസിക്കാറുള്ള നെട്ടിശ്ശേരിയിലെ വീട്ടിലേയ്ക്കാണ്. പാത്രങ്ങളടക്കം മറ്റ് നിത്യോപയോഗ സാധനങ്ങള്‍ അയച്ചത് തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേയ്ക്കും. സുരേഷ് ഗോപി ബി.ജെ.പി. വിടുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് അദ്ദേഹം നല്കുന്ന വ്യക്തമായ സന്ദേശം തന്നെയാണിത്.
തൃശൂര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനെത്തിയത് മുതല്‍ സുരേഷ്ഗോപി നെട്ടിശ്ശേരിയിലുള്ള വീട്ടിലാണ് താമസിക്കുന്നത്. അത് അദ്ദേഹത്തിന്റെ സ്വന്തം വീടല്ല. സുരേഷിനെ ജ്യേഷ്ഠതുല്യനായി സ്നേഹിക്കുന്ന സുജിത്തിന്റേതാണ്. ഹോട്ടലില്‍ റൂമെടുക്കാന്‍ സുജിത്ത് സുരേഷ്ഗോപിയെ അനുവദിക്കാറില്ല. അവിടേയ്ക്കുതന്നെ സുരേഷ്ഗോപി തന്റെ കട്ടിലും മെത്തയും തലയിണയുമടക്കം കയറ്റിയയച്ചതില്നിന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഒന്നു മനസ്സിലാകും. അദ്ദേഹം തുടര്‍ന്നും ബി.ജെ.പിയുടെ പ്രതിനിധിയായി തൃശൂരില്‍തന്നെ തുടരും. അതാണ് അദ്ദേഹം പറയാതെ പറയുന്ന സന്ദേശവും. ‘തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ’ എന്നുള്ള അദ്ദേഹത്തിന്റെ ഇലക്ഷന് പ്രചരണപ്രഖ്യാപനവും ഇതിനോടുകൂടി ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് ഒന്നുകൂടി വ്യക്തത കൈവരും. തന്റെ സ്വകാര്യ ശേഖരങ്ങള്‍ സൂക്ഷിക്കേണ്ടത് സ്വന്തം വീട്ടിലാണെന്നും അദ്ദേഹത്തിന് നിശ്ചയമുണ്ട്.
അല്ലെങ്കിലും രാജ്യസഭയുടെ കാലാവധി പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞ്, അധികാരത്തിനുമേല്‍ കടിച്ചുതൂങ്ങാനില്ലെന്നും അദ്ദേഹം സ്വയം പ്രഖ്യാപിച്ച് കഴിഞ്ഞതാണ്. അങ്ങനെയൊരാള്‍ ബി.ജെ.പി. വിടും എന്നുള്ള പ്രചരണം ശുദ്ധ ഭോഷ്ക്കാണ്.
2014 മാര്‍ച്ച് 5 നാണ് സുരേഷ്ഗോപി ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അതാണ് സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് ഉണ്ടാക്കിയത്. അന്നുതന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം അദ്ദേഹത്തിനുനേരെ വച്ചു നീട്ടപ്പെട്ടതാണ്. ആ വാഗ്ദാനം അദ്ദേഹം നിരസിച്ചെന്നു മാത്രമല്ല, പാര്‍ലമെന്ററി മോഹങ്ങളില്‍നിന്ന് മാറിനില്‍ക്കുകയാണെന്ന് നേരിട്ട് പറയുകയും ചെയ്തു. പക്ഷേ, ബി.ജെ.പിക്കൊപ്പം ഉണ്ടാകണം എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ അദ്ദേഹം അക്ഷരംപ്രതി പാലിച്ചു. അതിന്നും തുടര്‍ന്നുപോരുന്നു. കാരണം അദ്ദേഹം വിശ്വസിക്കുന്നത് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തെയാണ്. നരേന്ദ്രമോദിയും അമിത്ഷായും ജെ.പി. നഡ്ഡയും അടങ്ങുന്ന മുന്‍നിര നേതാക്കളുമായിട്ടാണ് അദ്ദേഹത്തിന് നേരിട്ട് ബന്ധം. അതിഷ്ടപ്പെടാത്ത ചില സംസ്ഥാന നേതാക്കളുണ്ടാകാം. ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ ദുഷ്ടലാക്കോടുകൂടിയതാണെന്ന് സുരേഷ്ഗോപി പറയാനുള്ള കാരണവും മറ്റൊന്നല്ല. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ധാരണകളുണ്ട്. പക്ഷേ അതൊന്നും അദ്ദേഹത്തിന് ഒരു വിഷയമേയല്ല. കാരണം അധികാരം ഒരുതരത്തിലും അദ്ദേഹത്തെ മത്ത് പിടിപ്പിച്ചിട്ടില്ല. അതിനുപിന്നാലെ മണത്തു പോയിട്ടുമില്ല. മറിച്ച് പാര്‍ട്ടിയേല്‍പ്പിച്ച ഉത്തരവാദിത്വങ്ങളാണ് അദ്ദേഹം സമ്പൂര്‍ണ്ണമായി ചെയ്തുതീര്‍ത്തത്. സുരേഷ്ഗോപിയുടെതന്നെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ബി.ജെ.പി എന്ന ആദര്‍ശശുദ്ധിയെയും ഇന്ത്യ എന്ന മഹാരാജ്യത്തെയുമാണ് അദ്ദേഹം പ്രാണന് തുല്യം സ്നേഹിക്കുന്നത്.
Recent Comments