സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ചു വച്ചതിന് പിന്നാലെയാണ് ഈ കുറിപ്പ് എഴുതുന്നത്. സോഷ്യല്‍മീഡിയ അത്രകണ്ട് സജീവമായ ഇക്കാലത്ത് വാര്‍ത്തകള്‍ പ്രചരിക്കാന്‍ സെക്കന്റുകളുടെ ഒരംശം മാത്രം മതി. ബ്രേക്കിംഗ് ന്യൂസുകള്‍ക്ക് പിറകെ പായുന്നവര്‍ക്ക് അതിന്റെ നിജസ്ഥിതിയെ കുറിച്ച് അറിയാനൊന്നും താല്‍പ്പര്യമില്ല, അല്ലെങ്കില്‍ ശ്രമിക്കാറില്ല. അതിനവര്‍ക്ക് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഭൂരിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്തയുടെ യഥാര്‍ത്ഥ സ്രോതസ്സ് കണ്ടെത്താനുള്ള സാധ്യത തീര്‍ത്തും ഇല്ലെന്നുതന്നെ പറയണം. ആകെ ചെയ്യുന്നത് ഷെയര്‍ ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ നിര്‍ദാക്ഷിണ്യം പ്രചരിപ്പിക്കുക എന്ന ദൗത്യം മാത്രമാണ്.
സുരേഷ് ഗോപിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത്. സുരേഷ് ഗോപി ആശുപത്രിയിലാണെന്ന് മാത്രമല്ല, അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നുവരെ തട്ടിവിട്ട സോഷ്യല്മീഡിയപേജുകളുണ്ട്. വാസ്തവത്തില്‍ ആ വാര്‍ത്തകളെല്ലാം അവാസ്തവമാണ്.
സുരേഷ്ഗോപി ഊര്‍ജ്ജസ്വലനായി, ആരോഗ്യത്തോടെ അരുണ്‍വര്‍മ്മ സംവിധാനം ചെയ്യുന്ന ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ട്. അദ്ദേഹത്തെ വിളിക്കുമ്പോള്‍ ആലുവ മ്യൂസിക് കോളേജില്‍ ചിത്രീകരണത്തിരക്കുകളിലായിരുന്നു.
‘തെറ്റായി വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ ഭാഗമായിട്ടാണ് നിജസ്ഥിതി വെളിപ്പെടുത്താന്‍ ഒരു പോസ്റ്റ് ചെയ്യേണ്ടിവന്നത്.’
താന്‍ ആരോഗ്യത്തോടെ തുടരുന്നുവെന്ന് ഫെയ്സ് ബുക്കില്‍ പോസ്റ്റിടാനുള്ള കാരണമായി സുരേഷ് ഗോപി പറഞ്ഞു.
ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധയുള്ള ആളാണ് സുരേഷ്ഗോപി. റുട്ടീന്‍ ചെക്കപ്പുകള്‍ അദ്ദേഹം കൃത്യമായി നടത്താറുണ്ട്. പതിവ് ചെക്കപ്പിന് വേണ്ടിയാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. ഇതാണ് യഥാര്‍ത്ഥത്തില്‍ നടന്നത്. പക്ഷേ സോഷ്യല്‍മീഡിയ അദ്ദേഹത്തെ അത്യാസന്ന നിലയിലുമാക്കി.
Recent Comments