ഡല്‍ഹി മലയാളി അസോസിയേഷന് സംഘടിപ്പിച്ചൊരു സ്റ്റേജ് പ്രോഗ്രാമില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാനും കോട്ടയം നസീറും. ഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ആഡിറ്റോറിയത്തില്‍വച്ചായിരുന്നു പരിപാടി. അന്ന് ആ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയത് സുരേഷ്ഗോപി ചേട്ടനായിരുന്നു.
വേദിയില്‍ എന്റെ പാട്ടായിരുന്നു ആദ്യം. അത് കഴിഞ്ഞാണ് ഞാനും കോട്ടയം നസീറും അവതരിപ്പിക്കുന്ന മിമിക്രി. ഞാന്‍ നായനാര്‍ സാറിനെയും നസീര്‍ കരുണാകരന് സാറിനെയും അനുകരിക്കുന്ന പരിപാടിയായിരുന്നു അത്. അതിന് മുന്നോടിയായി വേഷവിധാനങ്ങളൊക്കെ ഞാന്‍ ശരിയാക്കി വച്ചിരുന്നു. മുണ്ടും നായനാര്‍ സാര്‍ സാധാരണയായി ധരിച്ചു കാണാറുള്ള കോട്ടുമൊക്കെയാണ് അതിലുണ്ടായിരുന്നത്. പാട്ട് കഴിഞ്ഞു വന്നതിന് പിന്നാലെയായിരുന്നു മിമിക്രി. വേഗത്തില്‍ ഞാന്‍ ഡ്രെസ്സ് മാറാന്‍ ചെന്നു. അവിടെ ചെന്നപ്പോള്‍ എന്റെ മുണ്ട് കാണാനില്ല. അതും ഉടുത്തുകൊണ്ടാണ് നസീര്‍ വേദിയില്‍ കയറി നില്‍ക്കുന്നത്. കരുണാകരന്‍സാറിന്റെ ശബ്ദത്തില്‍ ‘നായനാര്‍ എന്താ വരാന്‍ വൈകുന്നത്’ എന്നൊക്കെ ചോദിച്ചുകൊണ്ട് നില്‍ക്കുകയാണ് നസീര്‍. മുണ്ടില്ലാതെ എനിക്ക് വേദിയിലെത്താനാകില്ല. ഞാന്‍ ടെന്‍ഷനിലായി. എന്റെ വെപ്രാളം കണ്ടിട്ടാവണം അവിടെ ഉണ്ടായിരുന്ന സുരേഷേട്ടന് കാര്യം തിരക്കി. എന്റെ മുണ്ട് കാണാനില്ലെന്ന് പറഞ്ഞു. പെട്ടെന്നദ്ദേഹം ഉടുത്തിരുന്ന വീതി കൂടിയ കസവിന്റെ മുണ്ട് എനിക്ക് ഊരിത്തന്നിട്ട് വേദിയില്‍ കയറാന്‍ പറഞ്ഞു. മുണ്ട് രണ്ടായി മടക്കിയുടുത്ത് ഞാന്‍ വേദിയില്‍ കയറി. സുരേഷേട്ടനല്ലാതെ മറ്റൊരു കലാകാരനും അത് ചെയ്യുമായിരുന്നില്ല. ഒരുപക്ഷേ അന്നെനിക്ക് മുണ്ട് കിട്ടിയില്ലായിരുന്നുവെങ്കില്‍ മിമിക്രി അലങ്കോലപ്പെട്ടേനെ.
പിന്നീട് സുരേഷേട്ടന് പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. മുണ്ടില്ലാതെ അദ്ദേഹം ചെന്നുകയറിയത് ഗ്രീന്‍ റൂമിലേയ്ക്കായിരുന്നു. ആ ഗ്രീന്‍ റൂമിലാകട്ടെ ചുറ്റിനും കണ്ണാടികളായിരുന്നു. എവിടെ തിരിഞ്ഞാലും സുരേഷേട്ടന്റെ അര്‍ദ്ധനഗ്നമായ ശരീരംമാത്രം. ഇതൊന്നുമറിയാതെ അവിടേയ്ക്ക് പൂച്ചെണ്ടുമായി എത്തുന്ന ദിവ്യാ ഉണ്ണി. ഒരു സിനിമയില്‍ ബേബി ശാലിനി ചെയ്തതുപോലെ തന്റെ ഷര്‍ട്ട് കൊണ്ട് നഗ്നത മറയ്ക്കാന്‍ പാടുപെടുന്ന സുരേഷ്ഗോപി. കാര്യമെന്തെന്ന് അറിയാതെ അവിടെനിന്ന് ഇറങ്ങിപ്പോയ ദിവ്യ. ഒടുവില്‍ പരിപാടി കഴിഞ്ഞ് ഞാന്‍ ഗ്രീന്‍ റൂമില്‍ എത്തുന്നതുവരെ സുരേഷേട്ടന് ആ നില്‍പ്പ് നില്ക്കേണ്ടിവന്നു. ഒടുവില്‍ ഞാന്‍ മുണ്ട് ഊരിനല്‍കിയ ശേഷമാണ് അദ്ദേഹത്തിന് വേദിയില്‍ കയറാനായത്.’
ഉണര്‍വ്വ് എന്ന പരിപാടിയുടെ ഭാഗമായി അമ്മയുടെ ഓഫീസിലെത്തിയ സുരേഷ്ഗോപിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് നാദിര്‍ഷ ഈ പഴയ സംഭവം ഓര്‍ത്തെടുത്തത്.
Recent Comments