ഷങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ സൂര്യയും ചിയാന്‍ വിക്രമും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. തമിഴിലെ പ്രശസ്ത നോവല്‍ വീരയുഗ നായകന് വേല്‍പ്പാരിയുടെ ചലച്ചിത്രാവിഷ്ക്കാരത്തിലൂടെ ഇരുവരും ഒന്നിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ബാല സംവിധാനം ചെയ്ത പിതാമകന് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പിതാമകനിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
ഇത് മൂന്നാം തവണയാണ് ഷങ്കര്‍ ചിത്രത്തില്‍ വിക്രം അഭിനയിക്കുന്നത്. അന്യന്, ഐ എന്നിവയാണ് വിക്രം അഭിനയിച്ച ഷങ്കര്‍ ചിത്രങ്ങള്‍. രണ്ടും സൂപ്പര്‍ ഹിറ്റുകളായിരുന്നു. സൂര്യയെ സംബന്ധിച്ചിടത്തോളം ഷങ്കറിനൊപ്പമുള്ള ആദ്യചിത്രം കൂടിയാകും ഇത്.
പ്രശസ്ത നോവലിസ്റ്റ് എസ്. വെങ്കടേശന് എഴുതിയ വീരയുഗ നായകന് വേല്‍പ്പാരി എന്ന പുസ്തകത്തിന്റെ അവകാശം ഷങ്കര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Recent Comments