ഹണിറോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം നല്‍കിയതില്‍ മധ്യമേഖല ജയില്‍ ഡിഐജി പി. അജയ് കുമാര്‍, എറണാകുളം ജില്ല ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവര്‍ക്ക് സസ്പെന്ഷന്. ബോബി ചെമ്മണ്ണൂര്‍ കഴിഞ്ഞിരുന്ന കാക്കനാട് ജില്ലാ ജയിലില്‍ അദ്ദേഹത്തിന് വിഐപി പരിഗണന നല്‍കിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജയില്‍ ആസ്ഥാനത്തെ ഡിഐജി എം.കെ. വിനോദ് കുമാര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു പ്രകാരം ജയില്‍ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ നല്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സസ്പെന്ഷന് ഉത്തരവിറക്കിയത്. അന്വേഷണ വിധേയമായാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്ല്‍ മജിസ്ട്രേട്ട് കോടതിയാണ് ബോബി ചെമ്മണൂരിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ഇതേത്തുടര്‍ന്ന് കാക്കനാട് ജില്ല ജയിലില്‍ അടച്ചിരുന്നു. ഈ മാസം 10 ന് ജയിലില്‍ ഔദ്യോഗിക കാറില്‍ അല്ലാതെ മൂന്നു പേര്‍ക്കൊപ്പം എത്തിയ പി. അജയ് കുമാര്‍ ബോബിക്ക് വഴിവിട്ട സഹായം നല്കി എന്നായിരുന്നു ആരോപണം. ജയില്‍ ഡിഐജി എത്തിയത് ബോബിയുടെ സഹായികള്ക്കൊപ്പമായിരുന്നെന്നും രണ്ടു മണിക്കൂറോളം സൂപ്രണ്ടിന്റെ മുറിയില്‍ ബോബിക്കൊപ്പം ചെലവഴിച്ചു എന്നും ആരോപണമുണ്ടായിരുന്നു. സൂപ്രണ്ടിന്റെ മുറിയിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവദിച്ചു. ഫോണ്‍ വിളിക്കാനും മറ്റുമായി 200 രൂപ നല്കി, ഇത് പിന്നീട് അനധികൃതമായി എഴുതിച്ചേര്‍ത്തു തുടങ്ങിയ കാര്യങ്ങളും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ജയില്‍ ആസ്ഥാനത്തെ ഡിഐജി അന്വേഷണത്തിന് കാക്കനാട് ജില്ലാ ജയിലില്‍ എത്തിയതും റിപ്പോര്‍ട്ട് നല്കിയതും. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്കി. അതാണ് ഇന്ന് സസ്പെന്ഷന് ഉത്തരവായി പുറത്തിറങ്ങിയത്.
തന്നെ പൊതുവേദിയിലടക്കം നിരന്തരം ലൈംഗികാധിക്ഷേപത്തിന് വിധേയമാക്കുന്നു എന്ന് കാട്ടി ഹണി റോസ് നല്കിയ പരാതിയില്‍ ഈ മാസം 8 നാണ് ബോബി ചെമ്മണൂരിനെ പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. അന്ന് വൈകിട്ട് കൊച്ചിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ബിഎന്‍എസ് 75 (1) (4) വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയായിരുന്നു അറസ്റ്റ് പിന്നീട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല എന്നു മാത്രമല്ല, പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് കാട്ടി 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലും വിട്ടു. അങ്ങനെയാണ് ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയത്. ജനുവരി 10 വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ഇത് പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേയ്ക്ക് മാറ്റി. അന്നാണ് ജയില്‍ ഡിഐജിയുടെ വിവാദ സന്ദര്‍ശനം ഉണ്ടാകുന്നതും. ചൊവ്വാഴ്ച കേസ് പരിഗണാച്ചപ്പോള് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ബോബിക്ക് ജാമ്യം അനുവദിച്ചെങ്കിലും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അന്ന് വൈകിട്ട് ബോബി ജയില്‍ മോചിതനാകുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ബോബി പുറത്തിറങ്ങിയില്ല. റിമാന്‍ഡ് തടവുകാരെ സഹായിക്കാനാണ് താന്‍ ഒരു ദിവസംകൂടി ജയിലില്‍ കഴിഞ്ഞതെന്ന് ബോബി പ്രസ്താവിച്ചതും വിവാദമായി. പിറ്റേന്ന് മൂന്നുവട്ടം ബോബിയുടെ അഭിഭാഷകരെ വിളിച്ചുവരുത്തി കോടതില്‍ ശക്തമായി ശാസിക്കുകയും ജാമ്യം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
Recent Comments