‘അടുത്തിടെ ഗീത എന്നെ വന്ന് കാണുന്നതുവരെ അവര്‍ ആരാണെന്നുപോലും എനിക്കറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ അത്ഭുതമായി.
തൃശൂരിലാണ് ഗീത ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം. ഗീതയുടെ രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ല. ജന്മനാ കാഴ്ചയില്ലാത്തവരായിരുന്നില്ല അവര്‍. എട്ടാംക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അന്ധകാരം അവരുടെ കണ്ണുകളെ മൂടാന്‍ തുടങ്ങിയത്. പത്താംക്ലാസ് ആയപ്പോഴേക്കും ഭൂമിയിലെ സുന്ദരമായ കാഴ്ചകളെല്ലാം അവര്‍ക്ക് പൂര്‍ണ്ണമായും നഷ്ടമായി. എന്നിട്ടും അവര്‍ തോറ്റ് പിന്മാറിയില്ല. ബ്രയിലി ലിപി പഠിച്ചു. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. വിവാഹിതയായി. രണ്ട് ഓമനമക്കള്‍ക്ക് ജന്മവും നല്കി.
തന്റെ ജീവിതം അവിടംകൊണ്ടും തീരേണ്ടതല്ലെന്ന് അവര്‍ അനുനിമിഷം തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭര്‍ത്താവ് സലീഷ് കുമാറിനൊപ്പം തൃശൂരിലൊരു ഓര്‍ഗാനിക് റസ്റ്റോറന്റ് തുടങ്ങി. ശരീരത്തിന് ദോഷം ചെയ്യുന്നതൊന്നും തീന്മേശയില് ഉണ്ടാകരുതെന്ന് അവര്‍ക്ക് രണ്ടുപേര്‍ക്കും നിര്‍ബ്ബന്ധമുണ്ടായിരുന്നു. അതാണ് ഓര്‍ഗാനിക് റസ്റ്റോറന്റ് എന്ന ആശയം നടപ്പിലാക്കാന്‍ കാരണമായത്. നല്ല രീതിയില്‍ അത് പ്രവര്ത്തിച്ചുപോകുന്നതിനിടയിലാണ് കോവിഡ് കാലം കടന്നെത്തുന്നത്. അതോടെ റസ്റ്റോറന്റ് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നായി.
മടി പിടിച്ചിരിക്കാന്‍ ഗീത തയ്യാറായിരുന്നില്ല. അതവര്‍ക്ക് ശീലവുമുണ്ടായിരുന്നില്ല. മഞ്ഞളിന്റെ ഔഷധഗുണത്തെക്കുറിച്ച് അവര്‍ ആഴത്തില്‍ പഠിക്കുന്നത് ആ നാളുകളിലാണ്. കോവിഡ് കാലത്ത് മഞ്ഞളിന്റെ ഉപയോഗം കൂടുന്നതും കണ്ടു. പക്ഷേ വിപണിയില്‍ കിട്ടുന്ന മഞ്ഞള്‍ തീരെ ഗുണനിലവാരമില്ലാത്തതാണ്. അതിന്റെ ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതാണെന്ന് അവര്‍ മനസ്സിലാക്കി. മഞ്ഞള്‍ സ്വന്തമായി ഉല്‍പ്പാദിപ്പിച്ച് എങ്ങനെ ആരോഗ്യകരമായ ഒരു ഉല്‍പ്പന്നം ഉണ്ടാക്കാം എന്ന നിരന്തരമായ പഠനത്തിന്റെ ഫലമാണ് കുര്‍ക്കുമീല്‍. മഞ്ഞളാണ് അതിന്റെ പ്രധാന ചേരുവ. കുര്‍ക്കുമീല്‍ ഒരു ഫുഡ് സപ്ലിമെന്റാണ്. ഒപ്പം ഫസ്റ്റ് ഡ്രിങ്ക് എന്നൊരു ഉല്‍പ്പന്നവും അവര്‍ വിപണിയിലിറക്കി. അതും മഞ്ഞള്‍കൊണ്ടുള്ള ഡ്രിങ്കാണ്. ഹോംമെയ്ഡ് ഉല്‍പ്പന്നങ്ങളായിട്ടാണ് ആദ്യം ഇറക്കിയതെങ്കിലും ഇപ്പോള്‍ യന്ത്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വലിയൊരു യൂണിറ്റുതന്നെ അവര്‍ക്കുണ്ട്.
ഗുണനിലവാരമുള്ള മഞ്ഞള്‍ ലഭ്യമാക്കാന്‍ ഗീത ചെയ്തത്, ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടൊക്കെ സ്വന്തമായി കൃഷിയിറക്കുകയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഗീത എന്നെയും കാണാന്‍ വന്നത്. തൃശൂരില്‍ ശ്രീയുടെ (ശ്രീവത്സന്‍- ശ്വേതയുടെ ഭര്‍ത്താവ്) പേരില്‍ സ്വന്തമായി കുറച്ച് ഭൂമിയുണ്ട്. അവിടെ കൃഷിയിറക്കാന്‍ അനുവാദം ചോദിച്ചുകൊണ്ടായിരുന്നു വരവ്. ഗീതയുടെ കഥ കേട്ടപ്പോള്‍ എനിക്കും ശ്രീക്കും സന്തോഷമായി. അങ്ങനെ ആ ഭൂമിയില്‍ എന്റെ മകള്‍ക്കൊപ്പം ചേര്‍ന്ന് ഞാനും അവിടെ വിത്ത് പാകി. നാളെ അത് നാമ്പിടും, തളിര്‍ക്കും. അതിനൊപ്പം വളരുന്നതും ഗീതയുടെ വലിയ സ്വപ്നങ്ങളാണ്. അതിനൊരു താങ്ങായി നില്ക്കാന് കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. അകക്കണ്ണില്‍ ഗീത കണ്ട സ്വപ്നങ്ങള്‍ക്ക് പിറകെ ഇനി ഞാനുമുണ്ടാകും.’ ശ്വേത കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments