ആലപ്പുഴയിലെ പ്രശസ്തമായ മാരാരി ബീച്ച് റിസോര്‍ട്ടില്‍വച്ചാണ് ശ്വേതാമേനോനെ കണ്ടത്. ഒപ്പം ഭര്‍ത്താവ് ശ്രീവത്സമേനോനും മകള്‍ സബൈനയുമുണ്ടായിരുന്നു.
കുറെ മാസങ്ങള്‍ക്കുശേഷമാണ് ശ്വേതയെ നേരിട്ട് കാണുന്നത്. ഇപ്പോള്‍ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു.
‘മൂന്ന് കിലോ കുറഞ്ഞിട്ടുണ്ട്. ഡയറ്റിംഗൊന്നുമില്ല. എല്ലാം പതിവുപോലെ.’ ശ്വേത പറഞ്ഞു.
മുംബൈയിലെ ബാന്ദ്രയില്‍ സ്വന്തമായി ഫ്ളാറ്റുണ്ടെങ്കിലും കേരളത്തിലും മുംബൈയിലുമായി വന്നുപോകുന്നതായിരുന്നു ശ്വേതയുടെ പതിവ്. എന്നാലിപ്പോള്‍ പൂര്‍ണ്ണമായും മുംബൈവാസിയാണ്. കഴിഞ്ഞവര്‍ഷം ആദ്യം സബൈനയെ മുംബൈയിലെ സ്ക്കൂളില്‍ ചേര്‍ത്തിരുന്നു. ഭക്തവേദാന്ത സ്ക്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ് സബൈന ഇപ്പോള്‍. ലോക്ഡൗണ്‍ എത്തിയതോടെ യാത്രാമാര്‍ഗ്ഗങ്ങളെല്ലാം അടഞ്ഞു. കേരളവുമായുള്ള എല്ലാ ബന്ധങ്ങളും അറ്റു.
ഒന്നര വര്‍ഷത്തിനുശേഷം ഈ നവംബര്‍ അവസാനമാണ് ശ്വേത കേരളത്തിലെത്തുന്നത്. അമ്മയുടെ എക്സിക്യൂട്ടീവ് മീറ്റിംഗില്‍ പങ്കെടുക്കണമായിരുന്നു. പിന്നെ വളാഞ്ചേരിയിലെ കുടുംബവീട്ടില്‍ കുറച്ചുദിവസം തങ്ങി. അവിടുന്ന് കുടുംബസമേതം ആലപ്പുഴയിലേയ്ക്ക് എത്തുകയായിരുന്നു.
സ്റ്റോര്‍ക്ക് മീഡിയയും കെ.എസ്.എ ടൂര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കേരള ഒഡീസി എന്ന ഡെസ്റ്റിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി എത്തിയതാണ്. കേരള വിനോദസഞ്ചാര മേഖലയുടെ പ്രചാരകയുടെ റോളാണ് ശ്വേതയ്ക്കിപ്പോള്‍. ഒരു ദിവസത്തെ ഷൂട്ടിംഗ് കൂടി അവശേഷിക്കുന്നുണ്ട്. അതു കഴിഞ്ഞാല്‍ എറണാകുളത്തേയ്ക്ക് മടങ്ങും. അവിടുന്ന് മുംബൈയിലേയ്ക്കും. ഡിസംബര്‍ 23 ന് കേരളത്തിലേയ്ക്ക് മടങ്ങിവരും.
‘ഈ ലോക്ക്ഡൗണ്‍ സമയത്ത് കുറേയധികം കഥകള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഹിന്ദിയില്‍നിന്നും തമിഴില്‍നിന്നും മലയാളത്തില്നിന്നുമൊക്കെ. ഇഷ്ടമുള്ള കഥാപാത്രങ്ങളല്ല തേടിവന്നതിലേറെയും. ചെറിയ വേഷങ്ങളാണെങ്കിലും അത് ശക്തമായിരിക്കണമെന്നുള്ളതാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ചില പ്രൊജക്ടുകള്‍ അവസാനഘട്ടത്തിലാണ്. അനൗണ്‍സ്മെന്റ് ഉടനെ ഉണ്ടാകും.’ ശ്വേത പറഞ്ഞു.
Recent Comments