ജനപ്രിയ തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. രാവിലെ 8.30 യോടെ ‘എതിര് നീചല്‍’ എന്ന തന്റെ ടെലിവിഷന്‍ ഷോ ഡബ്ബ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. 58 വയസ്സായിരുന്നു. രജനികാന്തിന്റെ ജയിലറിലാണ് മാരിമുത്തു അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്.
1999-ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ വാലി എന്ന ചിത്രത്തിലൂടെയാണ് മാരിമുത്തു തന്റെ കരിയര്‍ ആരംഭിച്ചത്. ആസൈ എന്ന ചിത്രത്തില്‍ സംവിധായകന് വസന്തിന്റെ സഹസംവിധായകനായിരുന്നു മാരിമുത്തു. പ്രസന്നയും ഉദയതാരയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘കണ്ണും കണ്ണും’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.
യൂട്യൂബില്‍ ഏറെ ആരാധകരുള്ള താരമായിരുന്നു മാരിമുത്തു. കൂടാതെ ‘ജയിലര്‍’ സിനിമയിലെ പ്രകടനത്തിന് പ്രേക്ഷകപ്രശംസയും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം തമിഴ് സിനിമാലോകത്തിന് ഇനിയും ഉള്‍ക്കൊള്ളാനാകത്തതാണ്.
മലയാളത്തില്‍ മമ്മൂട്ടിയുടെ ഷൈലോക്കില്‍ മാരിമുത്തു വേഷമിട്ടിരുന്നു. കമലഹാസന്റെ ഇന്ത്യന്‍ 2 വിലും, സൂര്യയുടെ കങ്കുവയിലും അഭിനയിക്കുന്നതിനിടയിലാണ് അപ്രതീക്ഷതമായ ഈ വിടവാങ്ങല്‍.
Recent Comments