തമിഴ് സിനിമാജീവിതത്തിൽ സംവിധായകനായും അഭിനേതാവായും ശ്രദ്ധേയസാന്നിധ്യമായിരുന്ന എസ്. എസ്. സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുറേ നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരച്ചടങ്ങുകൾ ഇന്ന് വൈകിട്ട് ചെന്നൈയിൽ നടക്കും.
2002ൽ പുറത്തിറങ്ങിയ ഏപ്രിൽ മാധത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്. എസ്. സ്റ്റാൻലിയുടെ സംവിധാനംരംഗത്തേക്കുള്ള അരങ്ങേറ്റം. ശ്രീകാന്തും സ്നേഹയും പ്രധാന വേഷങ്ങളിലായിരുന്നു ഈ പ്രണയകഥയിൽ. തുടർന്ന് പുതുക്കോട്ടൈയിലിരുന്ത് ശരവണൻ (2004), മെർക്കുറി പൂക്കൾ (2006), കിഴക്ക് കടൽക്കരൈ സാലൈ (2006) എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു. കുടുംബവും പ്രണയവും ഇഴകലർന്നുള്ള സുന്ദരമായ ചിത്രങ്ങളിലൂടെ തന്റേതായ ശൈലി തുടർന്ന അദ്ദേഹം, അതിനുശേഷം അഭിനയത്തിലേക്ക് കടന്നു.
2007ൽ പുറത്തിറങ്ങിയ പെരിയാർ എന്ന ചിത്രത്തിൽ, സി. എൻ. അണ്ണാദുരൈയെ അവതരിപ്പിച്ചാണ് സ്റ്റാൻലി അഭിനയത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. പിന്നീട് ആണ്ടവൻ കട്ടളൈ (2016), സർക്കാർ (2018), ബൊമ്മൈ നായഗി (2023) തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങളിലൂടെ നടനായി തന്റെ സാന്നിധ്യം അറിയിച്ചു.
ചലച്ചിത്രരംഗത്തെ സഹപ്രവർത്തകരും മറ്റും അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ചു.
Recent Comments