തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ ഈ രംഗത്തേയ്ക്ക് കടന്നുവരണമെന്നും വിജയ് പറഞ്ഞു. 10, 12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുയായിരുന്നു വിജയ്. രാഷ്ട്രീയത്തെ മാത്രമല്ല താന്‍ ഉദ്ദേശിച്ചതെന്നും എല്ലാ മേഖലയിലും നല്ല നേതാക്കള്‍ വരണമെന്നും വിജയ് പറഞ്ഞു. പുരസ്കാര സമര്‍പ്പണം നടക്കുന്ന ചെന്നൈ പനയൂരിലെ ഹാളിലേക്കെത്തിയ വിജയ്, ആദ്യം സദസ്സിലെ ദലിത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇരുന്നത്.
‘നിങ്ങള്‍ക്ക് എവിടെ വിജയിക്കാന്‍ സാധിക്കുമോ ആ മേഖലയിലേയ്ക്ക് കടന്നുവരിക. നമുക്ക് വേണ്ടത് നല്ല ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും മാത്രമല്ല, നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെയുമാണ്. ശരിയും തെറ്റും തിരിച്ചറിയാന്‍ സാധിക്കണം. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കരുത്. നാട്ടിലെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം. കൃത്യമായി നിരീക്ഷിക്കണം. അപ്പോഴാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാവുക.’ വിജയ് തുടര്‍ന്നു.
‘എന്നെ സംബന്ധിടത്തോളം രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയാണ്, വിശുദ്ധമായ ജോലി. രാഷ്ട്രീയ ഉയരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയത്തിന്റെ നീളവും പരപ്പും എന്റെ മുന്‍ഗാമികളില്‍നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതിനായി ഞാന്‍ മാനസികമായി തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം ഒരു ഹോമിയല്ല, അത് എന്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കും. അതിനുശേഷം പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ മുഴുകും.’ വിജയ് പറഞ്ഞുനിര്‍ത്തി.
വിദ്യാര്‍ത്ഥികളെക്കൊണ്ട് ലഹരി വിരുദ്ധ പ്രതിജ്ഞ എടുപ്പിച്ച വിജയ് താല്കാലിക സന്തോഷങ്ങള്‍ക്കു പിന്നാലെ പോകരുതെന്നും പറഞ്ഞു. തമിഴ്നാട്ടിലെ ഓരോ നിയമസഭാ മണ്ഡലത്തിലേയും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു.
Recent Comments