തെലുങ്കാന സംസ്ഥാനം രൂപീകൃതമായിട്ട് പത്തുവര്‍ഷം തികയുകയാണ് ഈ വരുന്ന ജൂണ്‍ രണ്ടിന്. വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ആഘോഷവേളയില്‍ പുറത്തിറക്കേണ്ട ഗാനത്തിനെച്ചൊലി സംസ്ഥാനത്ത് ഒരു വിവാദം പുകഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഓസ്കാര്‍ ജേതാവ് എം.എം. കീരവാണിക്കെതിരെ തെലങ്കാനയിലെ സംഗീജ്ഞര്‍ ചേര്‍ന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കത്തയച്ചിരിക്കുകയാണ്. സംസ്ഥാന രൂപീകരണത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് ഒരു സംസ്ഥാന ഗീതം പുറത്തിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജയ ജയ ഹേ തെലങ്കാന എന്ന ഗാനത്തിന് സംഗീതം നല്കാന് എം.എം. കീരവാണിയെയാണ് മുഖ്യമന്ത്രി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനം തെലങ്കാനയിലെ സംഗീതസംവിധായകരെ ചൊടിപ്പിച്ചതാണ് വിവാദത്തിന് കാരണം.
സംസ്ഥാനഗീതം ചിട്ടപ്പെടുത്താന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള സംഗീത സംവിധായകനെ ചുമതലപ്പെടുത്തുന്നത് തെലങ്കാന പ്രസ്ഥാനത്തിനുതന്നെ എതിരാന്നും കീരവാണിക്ക് പകരം തെലങ്കാനയില്‍ നിന്നുള്ള സംഗീതജ്ഞര്‍ക്ക് അവസരം നല്‍കണമെന്നുമാണ് തെലങ്കാന സിനി മ്യൂസിഷ്യന്‍സ് അസോസിയേഷന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജയ ജയ ഹേ തെലങ്കാന എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് തെലങ്കാനയില്‍നിന്നുള്ള കവി അന്ദേശ്രീയാണ്. ജയ ജയഹേ തെലങ്കാന എന്ന ഗാനത്തിന്റെ നവീകരിച്ച പതിപ്പാണ് ഈ ഗാനം. തെലങ്കാനയിലെ സമ്പന്നമായ സംസ്കാരം പ്രമേയമായ ഗാനം സംസ്ഥാന രൂപീകൃത ദിനമായ ജൂണ്‍ 2 ന് പുറത്തിറങ്ങും.
Recent Comments