ഹരിഹരന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച പഴശ്ശിരാജ എക്കാലത്തെയും മെഗാഹിറ്റുകളിലൊന്നാണ്. ചിത്രത്തില്‍ മനോജ് കെ. ജയനുവേണ്ടി ആദ്യം നിശ്ചയിച്ചിരുന്നത് കൈതേരി അമ്പു എന്ന കഥാപാത്രമായിരുന്നു. സിനിമയുടെ പൂജയിലും ആരംഭകാലത്തും ഒക്കെ എല്ലാവരും തന്നോട് പങ്കുവച്ചതും കൈതേരി അമ്പുവിന്റെ സവിശേഷതകള്‍ ആയിരുന്നു. ആ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി കുതിര സവാരി പഠിക്കണമെന്ന് ഹരിഹരന് സാര്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചിരുന്നു. സ്വതവേ അല്പം അലസത കൂടുതലുള്ള എന്നെ സംബന്ധിച്ച് ഏറെ വൈകിയാണ് കുതിര സവാരി പഠിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത് തന്നെ. അതിനായി മദ്രാസില്‍ പോകാനിരുന്ന സമയത്താണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് എന്നെ വിളിക്കുന്നത്. ‘കഥാപാത്രത്തില്‍ ചെറിയ ഒരു മാറ്റം ഉണ്ട്. നിങ്ങള്‍ കൈതേരി അമ്പു ആയിരിക്കില്ല, തലയ്ക്കല്‍ ചന്തു എന്ന മറ്റൊരു കഥാപാത്രമാകാനാണ് സാധ്യത’ എന്നദ്ദേഹം പറഞ്ഞു. ആദ്യം ലേശം സങ്കടം തോന്നിയെങ്കിലും ഒരേസമയം തമ്പുരാനായും കുറിച്യതലവനുമാകാനുള്ള മെയ്യ് വഴക്കം എനിക്കുണ്ടല്ലോ എന്ന് ഹരിഹരന് സാറിന് തോന്നിയത് എനിക്ക് അഭിമാനമായി.
പഴശ്ശിരാജ എന്ന നാട്ടുരാജാവിനു ഏറെ പിന്തുണ നല്കിയ കുറിച്യതലവന്, തലയ്ക്കല്‍ ചന്തുവിന് ചിത്രത്തില്‍ നല്ല പ്രാധാന്യമുണ്ട് എന്നു പിന്നാലെ തിരിച്ചറിഞ്ഞു.
എങ്കിലും മടിയനായ ഞാന്‍ കുതിരസവാരി പഠിക്കേണ്ടതില്ലല്ലോ എന്ന ആശ്വാസം കണ്ടെടുക്കാനാണ് ശ്രമിച്ചത്. അതിനിടയിലാണ് അദ്ദേഹം തന്നെ പറയുന്നത് അമ്പും വില്ലും ഉപയോഗിക്കാന്‍ മനോജ് നന്നായി പഠിക്കണം.
കാട് കളിതൊട്ടിലാക്കിയ തലയ്ക്കല്‍ ചന്തു എന്നായിരുന്നു ആ കഥാപാത്രത്തെ എം.ടി. സാര്‍ വിശേഷിപ്പിച്ചിരുന്നത്. അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഏറെ കഠിനപ്രയത്നം വേണമെന്ന് അന്ന് അറിയില്ലായിരുന്നു. ഒടുവില്‍ ഷൂട്ടിംഗ് ആരംഭിച്ചു. കണ്ണവം കാട്ടിലായിരുന്നു ലൊക്കേഷന്‍. ത്യാഗരാജന് മാസ്റ്ററിനൊപ്പം കുറച്ചു രാവിലെ തന്നെ സെറ്റില്‍ എത്തി. അദ്ദേഹത്തിനൊപ്പം സീനിന്റെ റിഹേഴ്സല്‍ നോക്കി. കുറേ പാടുപെട്ടു. അപ്പോഴേയ്ക്കും ദേഹം മുഴുവനും മുറിവായി. കാട്ടിലെ വള്ളികളിലൂടെ ചാടിയിറങ്ങിയും പരിശീലനം നടന്നു. അതുകൊണ്ട് രണ്ട് കൈയ്യിലെ തൊലിയൊക്കെ പൊട്ടി അനക്കാന്‍പോലും കഴിയില്ലായിരുന്നു.
ഹരിഹരന് സാര്‍ എത്തിയിട്ടില്ലായിരുന്നു. റിഹേഴ്സലായിരുന്നു നടന്നത്. റിഹേഴ്സലില്‍ ഇതാണ് അവസ്ഥയെങ്കില്‍ ടേക്കില്‍ എന്തായിരിക്കും… അതുകൊണ്ടുതന്നെ ഞാന്‍ ആ തീരുമാനമെടുത്തു. എനിക്ക് ഈ വേഷം ചെയ്യാന്‍ കഴിയില്ല. മനസില്‍ തോന്നിയ വിഷമവും എടുത്ത തീരുമാനവും അസോസിയേറ്റിനോട് അവതരിപ്പിച്ചു.
ഹരിഹരന് സാര്‍ ലൊക്കേഷനിലെത്തിയപ്പോള്‍ അദ്ദേഹത്തില്‍ നിന്നും കാര്യങ്ങള്‍ അറിഞ്ഞു. എന്നെ ഉടന്‍തന്നെ അരികത്തേയ്ക്ക് വിളിച്ചു. എന്തു പറ്റി മനോജേ എന്നു ചോദിച്ചു. മടിച്ചിട്ടാണെങ്കിലും സാറിനോട് ഞാന്‍ താഴ്ന്ന സ്വരത്തില്‍ കാര്യം അവതരിപ്പിച്ചു. ‘എന്നെ ഒഴിവാക്കുന്നതാണ് സാര്‍ നല്ലത്. എനിക്ക് തലയ്ക്കല്‍ ചന്തുവിനെ അതിന്റെ പൂര്‍ണതയിലെത്തിക്കാന്‍ കഴിയില്ല.’
അതിന് മറുപടിയെന്നോണം ഹരിഹരന് സാര്‍ ചെറുപുഞ്ചിരിയോടെ പറഞ്ഞത് ‘മനോജേ… നിങ്ങളെ കുട്ടന് തമ്പുരാന് ആക്കിയ ആളാണ് ഞാന്‍. അത്തരത്തില്‍ ഒരു റിസ്ക്ക് എടുക്കാമെങ്കില്‍ നിങ്ങള്‍ക്ക് ഇതും ചെയ്യാന്‍ കഴിയും. ധൈര്യമായി ഇരിക്ക്…’
പിന്നീട് എന്നെ അടുത്തേയ്ക്ക് വിളിച്ചു ചോദിച്ചു… ‘എന്താണിങ്ങനെ… ഒരു സ്വബോധവും ഇല്ലാതെയാണോ തീരുമാനങ്ങള്‍ എടുക്കുന്നത്. വിനീതും നിങ്ങളുമൊക്കെ എനിക്ക് എന്റെ മക്കളെ പോലെയാണ്.’
അന്ന് അദ്ദേഹം തന്ന ധൈര്യമാണ് തലയ്ക്കല്‍ ചന്തുവെന്ന ശക്തമായ കഥാപാത്രം പഴശ്ശിരാജയിലൂടെ കേരളത്തിലെ ജനങ്ങള്‍ സ്ക്രീനില്‍ കണ്ടത്. ഒപ്പം സിനിമ 12
ഓളം അവാര്‍ഡുകള്‍ നേടിയെടുത്തു. മികച്ച സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡും തലയ്ക്കല്‍ ചന്തു എനിക്ക് നേടിത്തന്നു. ഒപ്പം ഒട്ടേറെ പുരസ്കാരങ്ങളും. ഹരിഹരന്‍സാര്‍ എന്ന ഗുരുവിന്റെ ദീര്‍ഘവീക്ഷണം ആ കഥാപാത്രത്തിലൂടെ സത്യമാവുകയായിരുന്നു.
Recent Comments