മലയാളികള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ഭീമന് രഘുവിന്റേത്. ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിലെത്തിയ രഘു, ജയന്റെ മരണശേഷം ജയനുവേണ്ടി രചിച്ച ഭീമന് എന്ന ചിത്രത്തിലൂടെ നായകനാവുകയായിരുന്നു. ഹസ്സനായിരുന്നു സംവിധായകന്. പിന്നീടദ്ദേഹം അറിയപ്പെട്ടത് ഭീമന് രഘു എന്ന പേരിലായിരുന്നു.
തുടക്കകാലത്ത് നായകനായി കുറേയേറെ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും തുടര്‍ന്ന് ലഭിച്ച വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു രഘു പ്രേക്ഷകശ്രദ്ധ നേടിയത്. വില്ലനായി അഭിനയിക്കുമ്പോഴും വളരെയേറെ അഭിനയസാധ്യതയുള്ള വേഷങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അത്തരമൊരു വേഷമായിരുന്നു ലോഹിതദാസിന്റെ രചനയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത മൃഗയ എന്ന ചിത്രത്തിലെ കുഞ്ഞച്ചന്.
ഫിലിപ്പോസ് മുതലാളി (ജഗന്നാഥവര്‍മ്മ)യുടെ മരുമകന് ആന്റണി (ലാലു അലക്സ്) ചെയ്തുകൂട്ടുന്ന കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കുന്ന കഥാപാത്രം, അതായിരുന്നു കുഞ്ഞച്ചന്. ഒരിക്കല്‍ തെരുവു നായയുടെ കടിയേറ്റ് പേവിഷ ബാധിച്ച കുഞ്ഞച്ചന് താന്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്കുള്ള ദൈവശിക്ഷയാണിതെന്ന് ഓര്‍ത്തെടുക്കുന്നു. പേവിഷ ബാധിച്ച കുഞ്ഞച്ചനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ആരുംതന്നെ തയ്യാറാകുന്നില്ല. അപ്പോഴാണ് വാറുണ്ണി (മമ്മൂട്ടി) മുന്നോട്ട് വരുന്നത്. പക്ഷേ, ആശുപത്രിയിലേയ്ക്കുള്ള മാര്‍ഗ്ഗമദ്ധ്യേ കുഞ്ഞച്ചന് മരിക്കുകയാണ്.
തന്റെ കരിയറില്‍ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ചതും ശക്തവുമായ കഥാപാത്രമായിരുന്നു കുഞ്ഞച്ചനെന്ന് ഭീമന് രഘു പറയുന്നു. ആ രംഗം ചിത്രീകരിക്കുന്ന വേളയില്‍ പേവിഷ ബാധിച്ച പട്ടിയെപ്പോലെ അമറുകയും മറ്റും ചെയ്യുന്ന രംഗങ്ങള്‍ എന്നെ കൊണ്ട് ആവുന്ന വിധത്തില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞു. പക്ഷേ സംവിധായകന് കട്ട് പറഞ്ഞിട്ടും ആ കഥാപാത്രത്തില്‍നിന്നും പെട്ടെന്ന് ഒഴിഞ്ഞുമാറാന്‍ മനസ്സ് അനുവദിച്ചില്ല. രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞയുടന്‍ ശശിയേട്ടന് ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇന്നും ആ രംഗം ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണില്‍ നനവ് പടരും. ഭീമന് രഘു പറഞ്ഞുനിര്‍ത്തി.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം:
Recent Comments