പാലായില്‍നിന്ന് കുറേ ഉള്ളിലേയ്ക്ക് മാറിയുള്ള ഒരു കുന്നിന് മുകളിലായിരുന്നു അന്ന് ഷൂട്ടിംഗ്. അതിലൂടെവേണം ജീപ്പ് ഓടിക്കേണ്ടിയിരുന്നത്. ജീപ്പ് ഡ്രൈവര്‍ ഞാനാണ്. വണ്ടിക്കകത്ത് ഇന്ദ്രേട്ടനും (ഇന്ദ്രജിത്ത്) മനോജേട്ടനുമടക്കമുള്ള (മനോജ് കെ. ജയന്) താരങ്ങളാണിരിക്കുന്നത്. ചെങ്കുത്തായ പാതയാണ്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ വഴിയും. പാതയ്ക്കിരുവശവും വലിയ താഴ്ചയാണ്. ബാലന്‍സ് ഒന്ന് തെറ്റിയാല്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിയും. ആരാണ് വണ്ടി ഓടിക്കുന്നതെന്ന് ഷോട്ട് എടുക്കുന്നതിനുമുമ്പേ ഇേന്ദ്രട്ടന് ചോദിച്ചിരുന്നു. ഞാനാണെന്ന് പറഞ്ഞപ്പോള്‍ ഓക്കെയാണോ എന്നായിരുന്നു ആദ്യചോദ്യം. ഞാന്‍ തലയാട്ടി. അവരുടെയെല്ലാം സുരക്ഷ എന്റെ കൈകളിലാണെന്ന ഉത്തമബോദ്ധ്യമുണ്ടായിരുന്നു. അതുകൊണ്ട് സൂക്ഷിച്ചാണ് ജീപ്പ് ഓടിച്ചത്. കുത്തനെയുള്ള പാതകളിലൂടെ ജീപ്പ് സാവധാനം ഓടിച്ചു പൊയ്ക്കൊണ്ടിരുന്നു. ഷോട്ട് അവസാനിക്കുമ്പോള്‍ ഞാന്‍ ഇന്ദ്രേട്ടനോട് ചോദിച്ചു, ഓക്കെയല്ലെ. അദ്ദേഹം പറഞ്ഞു, അതെ. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമായിരുന്നു അത്.
തീയേറ്ററുകളെ നിറഞ്ഞ ആവേശത്തിലാഴ്ത്തി ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ആഹായില്‍ പക്കന്‍ ബിജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിഥിന് തോമസ് ലൊക്കേഷന്‍ വിശേഷങ്ങള്‍ കാന്‍ ചാനലിനോട് പങ്കുവയ്ക്കുകയായിരുന്നു.
ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജില്‍നിന്ന് അനിമേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ നിഥിന് കലാലയകാലത്തുതന്നെ നിരവധി ഷോട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. സിനിമയാണ് ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതുമുതല്‍ നിരവധി ഓഡിഷനുകളിലും പങ്കെടുത്തു. അങ്ങനെയാണ് ചില പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നത്. ബാച്ച്മേറ്റ്സ് കൂടിയായ ബിബിന്‍ പോള്‍ സാമുവലുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ ‘ആഹാ’യില്‍ എത്തിച്ചത്.
‘ആഹായില്‍ ഒരു വേഷമുണ്ടെന്ന് മാത്രമേ ബിബിന്‍ എന്നോട് പറഞ്ഞിരുന്നുള്ളൂ. അപ്പോള്‍പോലും അനിശ്ചിതാവസ്ഥയുണ്ടായിരുന്നു. ചിലപ്പോള്‍ ഒഴിവാക്കിയേക്കും എന്ന സൂചനയും ബിബിന്‍ നല്‍കിയിരുന്നു. ഒടുവില്‍ കാസ്റ്റ് ചെയ്തത് ഇന്ദ്രേട്ടന്റെ കൂടെയുള്ള ഒരു കഥാപാത്രമായിട്ടാണ്. ഇന്ദ്രേട്ടനും മനോജേട്ടനും വളരെ സൗഹാര്‍ദ്ദപരമായിട്ടാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. അവരോടൊപ്പം സ്ക്രീന്‍സ്പെയ്സ് പങ്കിടാന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമായി കരുതുന്നു.’ നിഥിന് പറഞ്ഞു.
‘ഷൂട്ടിംഗ് തുടങ്ങുന്നതിനുമുമ്പുതന്നെ വടംവലിയില്‍ ഞങ്ങള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ആഹാ നീലൂര്‍ ടീമിന്റെ പ്രധാന കളിക്കാരനായ റോയി നീലൂരായിരുന്നു ഞങ്ങളുടെ ആദ്യ പരിശീലകന്. പരിശീലനത്തിനിടെ കൈയ്ക്കും കാലിനുമെല്ലാം പരിക്ക് പറ്റിയിരുന്നു. വടംവലിച്ചതിന്റെ പാടുകള്‍ ഇപ്പോഴും ശരീരത്തിലുണ്ട്. ശാരീരികമായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചെങ്കിലും അതിന്റെ ഫലം ലഭിച്ചതിലുള്ള സന്തോഷമുണ്ട്.’ നിഥിന് പറഞ്ഞു.
റോഷന് ആന്‍ഡ്രൂസ്- ദുര്‍ഖര്‍ സല്മാന് ചിത്രമായ സല്യൂട്ട്, ജമീല്‍ ആന്റ് പൂവന്‍കോഴി എന്നിവ നിഥിന്റെ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രങ്ങളാണ്.
വടക്കന്‍ പറവൂരാണ് നിഥിന്റെ സ്വദേശമെങ്കിലും ഇപ്പോള്‍ ചേരാനെല്ലൂരാണ് താമസം. ഐ.ടി. പ്രൊഫഷണലായ ആനി സോഫി ഭാര്യയാണ്. രണ്ട് വയസ്സുകാരി നൈല്‍ ഏകമകളും.
Recent Comments