ബാലതാരമായി നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച ദിനേശ് മേനോന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാസ്റ്റര്‍ സുജിത് എന്ന പേരിലായിരുന്നു സിനിമയില്‍ അറിയപ്പെട്ടിരുന്നത്.
ബാലചന്ദ്ര മോനോന്റെ ‘ശേഷം കാഴ്ച’യില്‍ വളരെ ശ്രദ്ധയമായ വേഷമായിരുന്നു ദിനേശ് കൈകാര്യം ചെയ്തത്. ദിനേശിനെ അനുസ്മരിച്ച് ബാലചന്ദ്ര മേനോന് ഫേസ്ബുക്കില്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു.
‘അത്യന്തം അവിശ്വസനീയവും വേദനാജനകവുമായ ഒരു വാര്‍ത്ത! താന്‍ രംഗബോധമില്ലാത്ത കോമാളി തന്നെയെന്ന് മരണം ഒരിക്കല്‍ കൂടി തെളിയിച്ചു എന്ന് മാത്രം… അല്ലെങ്കില്‍… ഇപ്പോള്‍… ഈ പ്രായത്തില്‍?’
‘ഞാനോര്‍ത്തു പോകുന്നു. ‘കാര്യം നിസ്സാരത്തി’ന്റെ അഭൂതപൂര്‍വ്വമായ വിജയത്തിന് ശേഷം നസീര്‍ സാറിനെ വെച്ച് ഒരു പടം ഉടനെ നിര്‍മ്മിക്കാന്‍ പലരും മുന്നോട്ടു വന്നു. എന്റെ തീരുമാനമായിരുന്നു ഒരു പുതുമുഖം ആവണം അടുത്ത നായകന് എന്ന്. അങ്ങനെയാണ് ഒരു വികൃതിയായ (കുസൃതിയായ?) ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഞാന്‍ അന്വേഷിച്ചു തുടങ്ങിയത്. അപ്പോള്‍ എന്റെ മനസ്സിലേക്ക് എന്റെ സുഹൃത്തായ വി.കെ.വി. മേനോന്റെ മകനായ മാസ്റ്റര്‍ സുജിത്തിന്റെ മുഖം തെളിഞ്ഞു വന്നു. അങ്ങനെ എന്റെ സിനിമകളിലെ ‘ഏറ്റവും പ്രായം കുറഞ്ഞ നായകന്’ പിറന്നു! മമ്മൂട്ടി, മോഹന്‍ലാല്‍, കെ.പി. ഉമ്മര്‍, മേനക, തിലകന്, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വന്‍ താരനിരകള്‍ക്കിടയില്‍ മാസ്റ്റര്‍ സുജിത് കേന്ദ്ര കഥാപാത്രമായി.’
‘ശേഷം കാഴ്ചയില്‍ എന്ന ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തത് സുജിത്തിന്റെ നിര്‍മ്മലമായ മുഖത്തോടുള്ള ആഭിമുഖ്യം കൊണ്ടാണെന്നു ഞാന്‍ വിശ്വസിക്കുന്നു. വളരെ കുറച്ചു റീടേക്കുകള്‍ കൊണ്ട് തന്നെ തന്റെ പ്രകടനം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സുജിത്തിന് കഴിഞ്ഞു. കരയിലും വെള്ളത്തിലും രാത്രിയിലും പകലും കഠിനമായി തന്നെ സുജിത്തിന് പാടുപെടേണ്ടി വന്നു .എപ്പോഴും ഒരു നറു പുഞ്ചിരി ഏവര്‍ക്കും സമ്മാനിച്ച് നടന്ന ആ ബാലന് ഷൂട്ടിങ് തീര്‍ന്നപ്പോഴേക്കും ഏവരുടെയും കണ്ണിലുണ്ണിയായി മാറിയിരുന്നു.’
‘കുടുംബ സുഹൃത്തായ വി.കെ.വി.മേനോന്റെ പൊടുന്നനെയുള്ള മരണത്തോടെ ഞങ്ങളുടെ നിരന്തരമായ കൂടിച്ചേരലുകള്‍ കുറഞ്ഞു. മാസ്റ്റര്‍ സുജിത് അഡ്വ: ദിനേശ് മേനോനായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി എന്നൊക്കെ അറിഞ്ഞു. വല്ലപ്പോഴും ഫോണില്‍ വരുന്ന ഒരു സ്നേഹാന്വേഷണമായി ആ ബന്ധം പരിണമിച്ചു. എന്റെ എല്ലാ സംരംഭങ്ങളിലും ഞാന്‍ സുജിത്തിനെ അനുസ്മരിച്ചിരുന്നു. ഞാന്‍ പുറത്തിറക്കിയ ‘പാടാന്‍ എന്ത് സുഖം’ എന്ന മ്യൂസിക് ആല്‍ബത്തിന്റെ പ്രകാശനവേളയില്‍ ഹോട്ടല്‍ ടാജില്‍ വെച്ച് കണ്ടതാണ് ഏറ്റവും ഒടുവിലത്തെ ഓര്‍മ്മ!’
‘ശേഷം കാഴ്ചയില്‍ ഷൂട്ടിങ് വേളയിലെ ഒരു പിടി ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടാണ് സുജിത് പോയത്.. ആ നല്ല ഓര്‍മ്മകളിലൂടെ സുജിത് എന്നും എന്റെ മനസ്സിന്റെ മേച്ചില്പ്പുറത്തുണ്ടാവും… തീര്‍ച്ച…’ എന്ന് ബാലചന്ദ്രമേനോന് ഫേസ്ബുക്കിന് കുറിച്ചു.
‘വാടക വീട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു. വിടപറയും മുന്‍പേ, എയര്‍ ഹോസ്റ്റസ് തുടങ്ങിയവയാണ് ദിനേശ് മേനോന് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍.
Recent Comments