കോട്ടയം ചിങ്ങവനെത്തെ സെയ്ന്റ് ജോര്‍ജ് തീയേറ്ററില്‍നിന്ന് സണ്ണി എന്ന മനഃശാസ്ത്രജ്ഞന് ഒരു പതിനേഴുകാരന്റെ മനസ്സിലേയ്ക്ക് താഴ്ന്നിറങ്ങിയത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. തിങ്കളാഴ്ച ‘മണിച്ചിത്രത്താഴ്’ എന്ന സിനിമയുടെ ഓര്‍മ്മകളുറങ്ങുന്ന കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമിലെ 264-ാം നമ്പര്‍ മുറിയിരിക്കുമ്പോള് ആ പയ്യന്റെ മുടി നരച്ചിരുന്നു. അയാളപ്പോള്‍ ജര്‍മനിയിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റായി മാറിക്കഴിഞ്ഞിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ. സണ്ണിയുടെ പിന്നാലെയുള്ള യാത്രയാണ് ഡോ. ജെമി കുര്യാക്കോസിന്റെ ജീവിതം. അപ്പന്റെ ഉടമസ്ഥതയിലുള്ള തിയേറ്ററിലിരുന്ന് ആദ്യമായി ആ സിനിമ കണ്ടപ്പോള്‍ മുതല്‍ മനസ്സുകളെ ചികിത്സിക്കുന്ന ഡോക്ടര്‍ ആകാന്‍ ആഗ്രഹിച്ച് ഒടുവില്‍ അവിടേയ്ക്കുതന്നെ എത്തിച്ചേര്‍ന്നു. മുപ്പത് വര്‍ഷത്തിനുശേഷം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലെത്താനൊരുങ്ങുമ്പോള് സാക്ഷിയാകാന്‍ പഴയ പതിനേഴുകാരന്റെ ആവേശത്തോടെ ജര്‍മനിയില്‍ നിന്നെത്തിയിരിക്കുകയാണ് ജെമി.
1993 ഡിസംബര്‍ 25 ന് റിലീസ് ചെയ്ത മണിച്ചിത്രത്താഴ് പിറ്റേ വര്‍ഷമാണ് ചിങ്ങവനത്തെ തീയേറ്ററിലെത്തിയത്. അപ്പനും അമ്മയും ജര്‍മനിയില്‍ ജോലി നോക്കുകയായിരുന്നതിനാല് നാട്ടില്‍ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന ജെമിക്ക് തിയേറ്റര്‍ നടത്തിപ്പിന്റെ മേല്‍നോട്ടം കൂടിയായിരുന്നു. ആദ്യ ഷോ കണ്ടപ്പോള്‍ മനസ്സിന്റെ തെക്കിനിയിലേയ്ക്ക് കുടിയേറിയത് ഡോ. സണ്ണിയാണ്. അയാളുടെ മാനറിസങ്ങള്‍, നടത്തം, സംസാരം എല്ലാം ഗംഗയിലേയ്ക്ക് നാഗവല്ലിയെന്ന് പോലെ ആവേശിച്ചു. അന്നേ ജമി ഉറപ്പിച്ചു. ‘എനിക്ക് ഡോ. സണ്ണിയാകണം.’
സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ജര്‍മനിയിലേയ്ക്ക് തിരിച്ചുപോയി സൈക്യാട്രി പ്രധാന വിഷയമായി ബി.എസ്.സി നഴ്സിംഗ് ജയിച്ചു. പിന്നെ എം.ബി.ബി.എസ്. ഒടുവില്‍ അതില്‍ത്തന്നെ എം.ഡി. ഇപ്പോള്‍ ജര്‍മനിയിലെ ഗുമ്മര്ബാഷിലുള്ള ആശുപത്രിയില്‍ മുതിര്‍ന്നവരുടെ മാനസികാരോഗ്യ ചികിത്സകന്.
ഇത്രയും കാലത്തിനിടെ ഇരുനൂറിലധികം തവണ മണിച്ചിത്രത്താഴ് കണ്ടു. ഇപ്പോഴും കണ്ടുകൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവില്‍ കണ്ടത് ദിവസങ്ങള്‍ക്ക് മുന്‍പ് ഭാര്യ സ്വപ്നയ്ക്കും നാലു മക്കള്‍ക്കുമൊപ്പം. അപ്പന്റെ ഭ്രാന്തിന്റെ കാരണം അറിയിക്കാനായി മക്കള്‍ക്ക് കാണിച്ചുകൊടുത്തു.
വര്‍ഷങ്ങള്‍ക്കുമുമ്പ് തീയേറ്ററിലൊട്ടിക്കാന് കൊണ്ടുവന്ന മണിച്ചിത്രത്താഴിന്റെ പോസ്റ്ററും മണിച്ചിത്രത്താഴിന്റെ വീഡിയോ, ഓഡിയോ കാസറ്റുകളും ആമാടപ്പെട്ടിയിലെ ചിലങ്കയെന്നോണം സൂക്ഷിച്ചുവച്ചിരിക്കുകയാണ് ജെമി. ഓഫീസ് മുറിയില്‍ ആ വാചകം എഴുതിവച്ചിട്ടുണ്ട്- ഐ ആം ഗോയിംഗ് ടു ബ്രേക്ക് ഓള് കണ്വെന്ഷണല് കോണ്‍സെപ്റ്റ്സ് ഓഫ് സൈക്യാട്രി. അതിനൊപ്പം വയ്ക്കാന്‍ മണിച്ചിത്രത്താഴിന്റെ ഒരു വലിയ പോസ്റ്റര്‍ തേടിയുള്ള അന്വേഷണം പരസ്യകലാകാരനായ സാബു കൊളോണിയയിലേക്കും നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനിലേക്കും മണിച്ചിത്രത്താഴ് ഡോള്‍ബി ശബ്ദസംവിധാനത്തോടെ റീമാസ്റ്റര്‍ ചെയ്ത് പ്രദര്‍ശനത്തിനൊരുക്കിയ മാറ്റിനി നൗവിന്റെ ഉടമ സോമന് പിള്ളയിലേക്കും എടുക്കുകയായിരുന്നു. അതോടെ ഇത്തവണത്തെ നാട്ടിലെ അവധിക്കാലം ഡോ. സണ്ണിക്കൊപ്പമെന്ന് ജെമി ഉറപ്പിച്ചു.
Recent Comments