കാരൂരിന്റെ ‘പൊതിച്ചോറ്’ എന്ന വിഖ്യാതമായ കഥ പലവട്ടം വായിച്ചിട്ടുള്ള സംവിധായകന് രാജീവ് നാഥിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തുലാമഴ തോരാതെ പെയ്ത യാത്രയില്‍ ഒരു കഥാപാത്രത്തെ കൂട്ടിനു കിട്ടി. അത് കഥയിലെ പ്രധാന അധ്യാപകന്റെ മകനായ ശ്രീധരനായിരുന്നു. വിശപ്പു സഹിക്കാതെ കുട്ടിയുടെ പൊതിച്ചോറ് കട്ടെടുത്ത ഹെഡ്മാസ്റ്റര് പശ്ചാത്താപത്തോടെ സ്ക്കൂള് മാനേജര്‍ക്ക് എഴുതുന്ന കത്തിലെ പരാമര്‍ശത്തില്‍ നിന്ന് രാജീവ് നാഥ് അധികമായി വായിച്ചെടുത്തതാണ് ശ്രീധരന് എന്ന കൗമാരക്കാരനെ.
രാജീവ് നാഥ് പറയുന്നു – പിന്നീട് ശ്രീധരനായി ഞാന്‍ മാറുന്നത് പോലെ തോന്നി. അവനിലൂടെ പൊതിച്ചോറിനെ പുനര്‍വ്യാഖ്യാനിക്കണമെന്ന മോഹം തുടങ്ങി. കഥയില്‍ രോഗിണി എന്നു മാത്രം പരാമര്‍ശിയ്ക്കുന്ന ഭാര്യയെ, ഭര്‍ത്താവിന്റെ ഗതികേടു തിരിച്ചറിയാനാകാത്ത ദേഷ്യക്കാരിയാക്കി. അച്ഛന്റെ ധര്‍മസങ്കടങ്ങളും, തീരാ വ്യഥകളും മനസിലാക്കി ശ്രീധരന് വളര്‍ന്നു. അങ്ങനെ ഹെഡ്മാസ്റ്റര് എന്ന സിനിമ പിറന്നു. കെ.ബി. വേണുവുമൊന്നിച്ച് തിരക്കഥ തയാറാക്കി.
പ്രധാന അധ്യാപകനായി മോഹന്‍ലാലും, ഇന്ദ്രന്സുമൊക്കെ നിശ്ചയിക്കപ്പെട്ടെങ്കിലും അതിന് ഭാഗ്യം ലഭിച്ചത് തമ്പി ആന്റണിക്കാണ്. അച്ഛന്റെ ധര്‍മ്മസങ്കടങ്ങള്‍ എല്ലാമറിഞ്ഞ് നിഴലായി കൂടെയുള്ള മകനെ ആര് അവതരിപ്പിക്കും എന്നായി പിന്നീടുള്ള അന്വേഷണം.
അമേരിക്കയിലുള്ള ആലപ്പുഴക്കാരന് വിനോദ് ഒരു വൈറല്‍ വീഡിയോ തമ്പി ആന്റണിയെ കാണിച്ച് കൊടുത്തു. രമേശ് പിഷാരടി ഒരു ചാനലില്‍ പറഞ്ഞ കഥയ്ക്ക് ദൃശ്യാവിഷ്കാരം നല്കിയ ഒരു പയ്യന്റെ വീഡിയോയായിരുന്നു അത്. തമ്പി ആന്റണി ഉടന്‍ അത് രാജീവ് നാഥിന് അയച്ചു കൊടുത്തു. നിര്‍മ്മാതാവ് ശ്രീലാല്‍ ദേവരാജ് പയ്യനെ ഉടന്‍ വിളിപ്പിച്ചു. അങ്ങനെ മൂന്നു വയസ്സു മുതല്‍ സോഷ്യല്‍ മീഡിയയില്‍ മറ്റും സജീവമായ ചേര്ത്തലക്കാരന് ആകാശ് രാജ് പ്രധാന അധ്യാപകന്റെ മകന് ശ്രീധരനായി.
ചേര്‍ത്തല കണ്ടമംഗലം ഹൈസ്ക്കൂളില്‍ പത്താം ക്ലാസ് വിദ്യാത്ഥിയായ ആകാശ് രാജ് ചലച്ചിത്ര ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനാണ്. സിനിമയിലെത്തിയതിനെക്കുറിച്ച് ചോദിച്ചാല്‍ ആകാശ് പറയും ‘അച്ഛന് ആരോടും എനിക്ക് വേണ്ടി അവസം ചോദിച്ചിട്ടില്ല. സ്വന്തം കഴിവില്‍ വിശ്വസമുള്ളവരെല്ലാം വിജയിക്കും എന്നു പറയും. അങ്ങനെ ഞാന്‍ തയ്യാറാക്കിയ ഒരു ഹാസ്യ വീഡിയോ ഒരു സിനിമയിലെ മുഴുനീള കഥാപാത്രമാകാന്‍ കാരണമായി.’
ശ്രീധരനായി അഭിനയിക്കുന്ന ബാബു ആന്റണിയുടെ കുട്ടിക്കാലമാണ് സിനിമയില്‍ ആകാശ് അവതരിപ്പിക്കുന്നത്. ഐക്യരാഷ്ട്രസഭയിലെ ഉന്നത ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ശ്രീധരന്റെ ഒര്മ്മകളിലൂടെ കഥ വികസിക്കുന്നു.
Read Also
‘സിനിമയില്‍ ഉടനീളം നിറഞ്ഞു നില്ക്കുന്ന ശ്രീധരനാകാന്‍ സംവിധായകനും കൂടെ അഭിനയിച്ചവരുടേയും പിന്തുണ ഏറെ സഹായിച്ചു. സിനിമയില്‍ ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണം ഇഷ്ടതാരങ്ങളോടൊപ്പം അഭിനയിക്കണം’ ആകാശ് രാജ് സ്വപ്നം വെളിപ്പെടുത്തുന്നു.
Recent Comments