നടനായും അമ്മയുടെ ജനറല്‍ സെക്രട്ടറിയായിട്ടും പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ഇടവേള ബാബു. എന്നാല്‍ ഈ തിരക്കുകള്‍ക്ക് ഇടയിലും ബാബു അവിവാഹിതനായി തുടരുന്നു. കാന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ തന്റെ സംഭവബഹുലമായ പ്രണയകഥ ആദ്യമായി വെളിപ്പെടുത്തുകയാണ് ഇടവേള ബാബു.
‘ഞാനൊരു സിനിമാക്കാരന് കൂടിയായത് കൊണ്ട് വിവാഹം അക്കാലത്ത് നടക്കാതെ പോയതാണ്. അച്ഛനും അമ്മയുമൊക്കെ അന്വേഷിച്ചെങ്കിലും അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് സത്യം. പെണ്‍കുട്ടിക്ക് ഡാന്‍സും പാട്ടും അറിഞ്ഞിരിക്കണം എന്നൊരു ഡിമാന്‍ഡ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്റെ അമ്മയുടെ ഒരു ടേസ്റ്റും മുന്നോട്ട് പോകണമെന്നേ ഞാന്‍ ആഗ്രഹിച്ചുള്ളൂ. അപ്പോഴൊന്നും നടന്നില്ല. ഇതിലൊന്നും വലിയ കാര്യമില്ലെന്നും സിനിമ മാത്രം മതിയെന്നും പിന്നെയെനിക്ക് തോന്നി.’ ഇടവേള ബാബു തുടര്‍ന്നു.
‘ഇതിനിടയില്‍ പ്രണയിച്ചില്ലെന്ന് ഞാന്‍ പറയുന്നില്ല. കാരണം ഞാന്‍ നന്നായി പ്രണയിച്ചിട്ടുള്ള ഒരാളാണ്. ഞാനത് തുറന്ന് പറയാത്തത് പല കുടുംബങ്ങളെയും അത് ബാധിക്കും എന്നുള്ളത് കൊണ്ടാണ്. എന്റെ കുടുംബത്തില്‍ തന്നെയുള്ള ഒരു കുട്ടിയായിരുന്നു. എനിക്ക് പല കല്യാണങ്ങളും നടക്കാതെ വന്നപ്പോള്‍, അവള് എന്നോട് ചോദിച്ചു ഞാന്‍ മതിയോ എന്ന്. ആ കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നു. ഉടനെ മറുപടി പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ സമ്മതം അറിയിച്ചത്. ആ ബന്ധം പിന്നീട് അങ്ങോട്ട് വളരാന്‍ തുടങ്ങി. അങ്ങനെ എട്ടര വര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു.’
‘ഇതിനെ തുടര്‍ന്ന് എന്റെ കുടുംബത്തിലും ആ കുട്ടിയുടെ കുടുംബത്തിലും വലിയ തടസ്സങ്ങള്‍ വന്നു. രണ്ടും രണ്ട് തട്ടിലുള്ളവരാണ്. അതൊരു കുഴപ്പത്തിലേക്ക് വരുമെന്ന് എന്റെ അച്ഛന് തോന്നിയിട്ടുണ്ടാവും. അച്ഛന് മരിച്ചപ്പോള്‍ ഈയൊരു വേദന അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കാം. ആ കുട്ടിയെ വിളിച്ച് കൊണ്ട് വരികയാണെങ്കില്‍ വീട്ടിലേക്ക് മാത്രമേ വരികയുള്ളുവെന്ന് ഞാന്‍ പറഞ്ഞെങ്കിലും അച്ഛന്റെ തീരുമാനം ശക്തമായിരുന്നു. ഇതോടെ ആ പ്രണയവും ഇനിയൊരു കല്യാണവും വേണ്ടെന്ന് തന്നെ ഞാന്‍ തീരുമാനിച്ചു. അനിയത്തിപ്രാവ് സിനിമയിലെ ക്ലൈമാക്സ് ആ സിനിമ ഇറങ്ങുന്നതിന് മുന്‍പ് ഞാനെന്റെ ജീവിതത്തില്‍ ചെയ്തിട്ടുള്ളതാണ്.’
‘ഞാനങ്ങനൊരു തീരുമാനം എടുക്കുമെന്ന് കരുതിയില്ല. അമ്മയ്ക്ക് അതില്‍ വിഷമം ഉണ്ടായിരുന്നു. മരിക്കുന്നത് വരെ അമ്മയുടെ ഏക ആവശ്യം എന്റെ വിവാഹമായിരുന്നു. സിനിമയിലെ ആരെ കണ്ടാലും ബാബുവിനെ പറഞ്ഞ് മനസ്സിലാക്കണമെന്ന് അമ്മ പറയുമായിരുന്നു. വിവാഹത്തിനോട് എനിക്ക് എതിര്‍പ്പില്ല. പക്ഷേ അതിനോട് നീതി പുലര്‍ത്തണം. ഇപ്പോള്‍ എന്നെ വിവാഹിതനാവാന്‍ ഏറ്റവും കൂടുതല്‍ പ്രേരിപ്പിക്കുന്നത് ആ കുട്ടിയാണ്. ചിലപ്പോള്‍ അറുപത് വയസൊക്കെ ആയി കഴിയുമ്പോള്‍ എന്റെ കൂടെ ഒരു കംപാനിയന് ഉണ്ടായേക്കാം.’ ഇടവേള ബാബു പറഞ്ഞു.
അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം കാണാം:
Recent Comments